സൂര്യനെല്ലി: ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

January 31, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: സൂര്യനെല്ലി പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. 2005 ജനവരി 20 നാണ് ഒന്നാം പ്രതി ധര്‍മ്മരാജന്‍ ഒഴികെ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടുകൊണ്ട് ഹൈക്കോടതി വിധിപുറപ്പെടുവിച്ചത്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗികവേഴ്ചയായിരുന്നുവെന്നാണ് പ്രതികളെ വെറുതെവിട്ടതിന് ഹൈക്കോടതി പറഞ്ഞ വ്യഖ്യാനം. ഒന്നാം പ്രതി ധര്‍മ്മരാജന്റെ ശിക്ഷ അഞ്ച് വര്‍ഷമായികുറയ്ക്കുയും ചെയ്തിരുന്നു. സ്ത്രീപീഡനക്കേസുകള്‍ പരിഗണിക്കാന്‍ രൂപീകരിച്ച ജസ്റീസുമാരായ എ.കെ പട്നായിക്കും ഗ്യാന്‍ സുധാ മിശ്രയും അടങ്ങുന്ന പ്രത്യേക ബെഞ്ചിന്റേതാണ് വിധി.

35 പ്രതികളും പെണ്‍കുട്ടിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടത് കുട്ടിയുടെ സമ്മതപ്രകാരമാണെന്ന തരത്തിലുള്ള ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങളിലാണ് കോടതി ഞെട്ടല്‍ പ്രകടിപ്പിച്ചത്.  കേസിലെ മുഴുവന്‍ പ്രതികളുടെയും ജാമ്യവും റദ്ദാക്കുകയും  പ്രതികളോടെല്ലാം മൂന്നാഴ്ചക്കകം കീഴടങ്ങാനും നിര്‍ദേശിച്ചു. കേസ് പരിഗണിച്ചതില്‍ ഹൈക്കോടതിക്ക് സാങ്കേതിക പിഴവുണ്ടായി എന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി വസ്തുതകള്‍ പരിഗണിച്ച് മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്നും നിര്‍ദേശിച്ചു.

ഹൈക്കോടതി വിധിക്കെതിരെ പെണ്‍കുട്ടി 2005 ല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് എട്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ പരിഗണിച്ചത്. 1996 ലാണ് കേസിന് ആസ്പദമായ പീഡനപരമ്പര നടക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍