രബീന്ദ്രോത്സവം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

January 31, 2013 കേരളം

തിരുവനന്തപുരം: രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന രബീന്ദ്രോത്സവ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി നാലിന് വൈകുന്നേരം നാലിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ഗ്രാമവികസന-സാംസ്കാരിക-ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കവി ഒ.എന്‍.വി. കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും.

മേയര്‍ അഡ്വ. കെ. ചന്ദ്രിക, എം.എല്‍.മാരായ കെ. മുരളീധരന്‍, വി.എസ്. ശിവന്‍കുട്ടി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഉദ്ഘാടനത്തെ തുടര്‍ന്ന് കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും. എല്ലാ ജില്ലകളിലും സെമിനാറുകളും ഫിലിം പ്രദര്‍ശനവും, സംസ്ഥാനാടിസ്ഥാനത്തില്‍ സ്കൂള്‍കുട്ടികള്‍ക്കായി നാടക മത്സരം, നൃത്ത-സംഗീത പരിപാടികള്‍, ഗീതാജ്ഞലി ഗാനപുസ്തകം, ബംഗാള്‍-കേരള കലാ സാംസ്കാരിക സമന്വയം, ശാന്തിനികേതന്‍ സന്ദര്‍ശനം തുടങ്ങിയ വിവിധ പരിപാടികള്‍ വരും മാസങ്ങളില്‍ രബീന്ദ്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം