തൃക്കരിപ്പൂര്‍ തെക്കുമ്പാട് കളമെഴുത്തും പാട്ടും നടക്കും

February 1, 2013 മറ്റുവാര്‍ത്തകള്‍

കാസര്‍ഗോഡ് : അത്യുത്തര കേരളത്തില്‍ അപൂര്‍വ്വമായ കളമെഴുത്തുംപാട്ടും നാളെ തൃക്കരിപ്പൂരില്‍ അരങ്ങേറും. തൃക്കരിപ്പൂര്‍ തെക്കുമ്പാട് യുവജന ഗ്രന്ഥാലയ പരിസരത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ ഉത്സവ പരിപാടിയുടെ ഭാഗമായാണ് തൃശ്ശൂരിലെ കല്ലേറ്റ് കുറുപ്പന്‍മാര്‍ കളമെഴുത്തുംപാട്ടും ഒരുക്കുന്നത്. സവര്‍ണ്ണ ക്ഷേത്രത്തില്‍ കളമെഴുത്തുംപാട്ടും നടത്തുന്ന വിഭാഗമാണിവര്‍.

കെ.എസ് മണികണ്ഠനും സംഘവുമാണ് അവതാരകര്‍. പഞ്ചവര്‍ണ്ണ പൊടികള്‍ കൊണ്ട് ഭദ്രകാളി,നാഗം,അയ്യപ്പന്‍ തുടങ്ങിയ കളങ്ങള്‍ തീര്‍ത്ത്,പാട്ടുപാടി നൃത്തമാടുന്ന ഈ അനുഷ്ഠാന കല അതീവ ആകര്‍ഷകമാണ്. ഉമിക്കരികൊണ്ടുളള കരിപ്പൊടിയും ഉണക്കലരി പൊടിച്ചുണ്ടാക്കുന്ന വെളളപൊടിയും,മഞ്ചാടി,വാകയിലകള്‍ പൊടിച്ചുണ്ടാക്കുന്ന പച്ചപൊടിയും,മഞ്ഞള്‍പൊടിയും,മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ചുവപ്പും കളങ്ങള്‍ക്ക് അപൂര്‍വ്വ ചാരുത പകരും. കേരളീയ സാഹിത്യ പാരമ്പര്യത്തിന്റെ വിശുദ്ധിയാര്‍ന്ന സോപാന സംഗീതം മാസ്മരികതയുടെ പരിവേഷം ചാര്‍ത്തുന്നത്. കളമെഴുത്തും പാട്ടും നിറഞ്ഞാടുമ്പോഴാണ്. നാളെ വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ ആകാശവാണി പ്രോഗ്രാംഎക്സിക്യൂട്ടീവ് കെ.ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ അസിസ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി.സേതുരാജ്, ഡി.ടി.പി.സി സെക്രട്ടറി നാഗേഷ് തെരുവത്ത് തുടങ്ങിയവര്‍ സംസാരിക്കും

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍