ടിപി വധക്കേസിലെ പ്രതി പി മോഹനന്‍ മാസ്റ്ററുടെ ജാമ്യാപേക്ഷ തള്ളി

February 1, 2013 ദേശീയം

ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി മോഹനന്‍ മാസ്റ്ററുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സാക്ഷിവിസ്താരം പൂര്‍ത്തിയായ ശേഷം ജാമ്യത്തിനായി സമീപിക്കാമെന്നും കോടതി ഉത്തരവിട്ടു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തങ്ങളുടെയും വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തടസഹര്‍ജി  നല്‍കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് കോടതി ജാമ്യം നിഷേധിച്ചത്.

ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ടി പിയുടെ ഭാര്യ കെ കെ രമയും അപേക്ഷ നല്‍കിയിരുന്നു. സിപിഐ(എം) കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് അംഗമാണ് മോഹനന്‍ മാസ്റ്റര്‍. ടി പി വധത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നാണ് മോഹനന്‍ മാസ്റ്റര്‍ക്കെതിരായ കേസ്. മോഹനന്‍മാസ്റ്ററുടെ ജാമ്യാപേക്ഷ ഡിസംബറില്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം