പി ജെ കുര്യനെതിരായ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി

February 2, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

Ummen-c3തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിയുടെ പി ജെ കുര്യനെതിരായ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരവും വേദനാജനകവുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. നിരപരാധിയെന്ന് അന്വേഷണ സംഘവും കോടതിയും കണ്ടെത്തിയ ഒരാളെ ഇതുപോലെ കടന്നാക്രമിക്കുന്നത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

17 വര്‍ഷം മുന്‍പ് പറഞ്ഞ കാര്യങ്ങളാണ് പെണ്‍കുട്ടി ഇപ്പോഴും പറയുന്നത്. ആരോപണം ആവര്‍ത്തിക്കുന്നത് പുകമറ സൃഷ്ടിച്ച് വിവാദമുണ്ടാക്കാനാണ്. കേസിനെ സംബന്ധിച്ച എല്ലാ അന്വേഷണങ്ങളും കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ കേസില്‍ സര്‍ക്കാര്‍ എല്ലാ ഉത്തരവാദിത്തവും നിറവേറ്റി. എ കെ ആന്റണിയുടെ ഭരണകാലത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 3 അന്വേഷണം നടന്നു. കുര്യന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് കണ്ടെത്തി. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടറെ യുഡിഎഫ് സര്‍ക്കാര്‍ മാറ്റിയിട്ടില്ല. കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. കേസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് തെറ്റാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി അധികാരത്തില്‍ ഇരുന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കേസില്‍ ഒരു അന്വേഷണവും നടത്തിയില്ല. കേസിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ കേസ് നടത്തുന്നത്. നിയമം നിയമത്തിന്റെ വഴിക്കു നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിബി മാത്യൂസിന്റെ നിലപാടിനെ തുടര്‍ന്നാണ് കുര്യന്‍ രക്ഷപ്പെട്ടതെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ജോഷ്വയുടെ വെളിപ്പെടുത്തലിനെ സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. സിബി മാത്യുസും ജോഷ്വയും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. വെളിപ്പെടുത്തലിന് പിന്നില്‍ ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം