സ്കൂള്‍ കായികമേള: കേരളത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

February 2, 2013 പ്രധാന വാര്‍ത്തകള്‍

ഇറ്റാവ: 58-ാമത് ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായി. 33 സ്വര്‍ണവും 26 വെള്ളിയും 17 വെങ്കലവും ഉള്‍പ്പടെ 293 പോയിന്റുമായാണ് കേരളം ചാമ്പ്യന്‍പട്ടമണിഞ്ഞത്. മത്സരിച്ച നാലിനങ്ങളിലും സ്വര്‍ണം നേടിയ കേരളത്തിന്റെ പി.യു. ചിത്ര, സബ്ജൂണിയര്‍ വിഭാഗത്തില്‍ രണ്ടു സ്വര്‍ണംനേടിയ മുഹമ്മദ് അഫ്സല്‍ എന്നിവര്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാനോ കാര്‍ ലഭിച്ചു. ഓരോ വിഭാഗത്തിലെയും ചാമ്പ്യന്‍മാര്‍ക്ക് യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ച നാനോ കാറുകള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആണ് സമ്മാനിച്ചത്. തുടര്‍ച്ചയായ 16-ാം കിരീടനേട്ടമാണ് കേരളത്തിന്റേത്.

111 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയ മഹാരാഷ്ട്ര കേരളത്തിന് വളരെ പിന്നിലാണ് ഫിനിഷ് ചെയ്തത്. 81 പോയിന്റോടെ പഞ്ചാബ് മൂന്നാം സ്ഥാനത്തെത്തി. മീറ്റിന്റെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് നിര്‍വഹിച്ചത്. തുടര്‍ന്ന് ജേതാക്കള്‍ക്കുള്ള സമ്മാനവും അദ്ദേഹം വിതരണം ചെയ്തു. ക്രോസ് കണ്‍ട്രിയില്‍ കേരളത്തിന്റെ ‘ഗോള്‍ഡന്‍ ഗേള്‍’ പി.യു ചിത്ര നേടിയ സ്വര്‍ണത്തോടെയാണ് കേരളത്തിന്റെ ഇന്നത്തെ സ്വര്‍ണവേട്ട ആരംഭിച്ചത്. ഇതോടെ മേളയില്‍ ചിത്രക്ക് നാലു സ്വര്‍ണമായി. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍, 3000 മീറ്റര്‍, 5000 മീറ്റര്‍ എന്നിവയിലാണു ചിത്ര വിജയം കുറിച്ചത്. 1500 മീറ്റര്‍, 5000 മീറ്റര്‍ എന്നിവയില്‍ ദേശീയ റിക്കാര്‍ഡോടെയാണു ചിത്ര സ്വര്‍ണം നേടിയത്.

തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയിലും ചിത്ര നാലു സ്വര്‍ണം നേടിയിരുന്നു. ജൂണിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്സല്‍ കേരളത്തിനു വേണ്ടി രണ്ടാം സ്വര്‍ണം നേടി. നേരത്തെ 3000 മീറ്ററില്‍ അഫ്സല്‍ സ്വര്‍ണം നേടിയിരുന്നു. ഒരു മിനിറ്റ് 54 സെക്കന്റോടെ റിക്കോര്‍ഡ് പ്രകടനമാണ് അഫ്സല്‍ 800 മീറ്ററില്‍ നടത്തിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ ജെസി ജോസഫ്, ജൂണിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഷഹര്‍ബാന സിദ്ദിഖ് എന്നിവരും കേരളത്തിനു വേണ്ടി അവസാനദിവസം സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 4*400 മീറ്റര്‍ റിലേയിലും കേരളത്തിനാണ് സ്വര്‍ണം. അതേസമയം, സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണ പ്രതീക്ഷയുമായി ഗ്രൌണ്ടില്‍ ഇറങ്ങിയ ലിജോ മാണിയുടെ നേട്ടം വെള്ളിയില്‍ ഒതുങ്ങി.

കഴിഞ്ഞ വര്‍ഷം ലുധിയാനയില്‍ നടന്ന സ്കൂള്‍ കായികമേളയില്‍ 29 സ്വര്‍ണമെഡലുകളടക്കം 262 പോയിന്റു നേടിയാണ് കേരളം ചാമ്പ്യന്‍ഷിപ്പ് നേടിയത്. 2010ല്‍ അമൃത്സറില്‍ 28 സ്വര്‍ണമെഡലുകളോടെ ചാമ്പ്യന്‍പട്ടം നേടിയ കേരളം 2011ല്‍ പുനെയില്‍ 40 സ്വര്‍ണത്തോടെയായിരുന്നു നേട്ടം ആവര്‍ത്തിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുണ്ടായിരുന്ന ശക്തമായ മത്സരം ഇക്കുറി കേരളത്തിനു നേരിടേണ്ടി വന്നില്ല. മൂന്നാം ദിനം മുതല്‍ കേരളം ഏകപക്ഷീയമായ മുന്നേറ്റമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ നടത്തിയത്്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍