പ്രവീണ്‍ വധം: മുന്‍ ഡിവൈഎസ്പി ഷാജിയുടെ ശിക്ഷ സുപ്രീംകോടതി ശരിവെച്ചു

February 4, 2013 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഏറ്റുമാനൂര്‍ പ്രവീണ്‍ വധക്കേസില്‍ മുന്‍ ഡിവൈഎസ്പി ഷാജിയുടെ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഷാജിയുടെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. 2005 ഫെബ്രുവരി 15 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബന്ധുവും തന്റെ ഉടമസ്ഥതയിലുള്ള ബസിലെ ജീവനക്കാരനുമായ പ്രവീണിനെ വാടകക്കൊലയാളികളുടെ സഹായത്തോടെ ഷാജി കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി കുമരകത്തും തണ്ണീര്‍മുക്കം ബണ്ടിലുമായി ഉപേക്ഷിക്കുകയായിരുന്നു.

16 ന് ആര്‍പ്പൂക്കരയിലെ ചീപ്പുങ്കല്‍ പാലത്തിനടിയില്‍ ആറ്റില്‍ നിന്നും രണ്ട് കാലുകള്‍ കണ്ടെടുത്തതോടെയാണ് അന്വേഷണം തുടങ്ങിയത്. 18 ന് മകനെ കാണാനില്ലെന്ന് കാണിച്ച് പ്രവീണിന്റെ അച്ഛന്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാലുകള്‍ പ്രവീണിന്റേതാണെന്ന് തിരിച്ചറിയുകയും അടുത്ത ദിവസങ്ങളില്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. 2006 ജനുവരിയില്‍ കേസ് വിചാരണ ചെയ്തിരുന്ന കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നടരാജനാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം