സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് സനാതന ധര്‍മമാണ് ഉത്തരം: കുമ്മനം

February 4, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

ചെറുകോല്‍പ്പുഴ:ലോകത്തിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് സനാതന ധര്‍മമാണ് ഉത്തരമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമല്ല ഹിന്ദുധര്‍മം. അതിനപ്പുറമുള്ള സത്യമാണ്. സ്വാര്‍ത്ഥചിന്തകള്‍ വെടിഞ്ഞ് മറ്റുള്ളവര്‍ക്ക് വേണ്ടി തപസ്സു ചെയ്ത ആചാര്യന്മാര്‍ സമൂഹത്തിനുവേണ്ടി നടപ്പാക്കിയിട്ടുള്ളതാണ് സനാതന ധര്‍മത്തിന്റെ വഴി.

മറ്റുള്ളവര്‍ക്ക്‌വേണ്ടി ത്യാഗം അനുഷ്ഠിക്കാനാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. പ്രകൃതി നമുക്കുവേണ്ടി മാത്രമുള്ളതാണെന്ന ചിന്ത ശരിയല്ല. അത്തരത്തിലുള്ള ചിന്താഗതി വികസനത്തിന്റെ പേരില്‍ പ്രകൃതിയുടെ വരദാനമായ നീര്‍ത്തടങ്ങളും നദിയും ഇല്ലാതാക്കുന്നു. ക്ഷേത്രങ്ങളിലെ  ധൂര്‍ത്തും ആഡംബരവും വീണ്ടും വര്‍ദ്ധിക്കുന്നു. ഇതൊഴിവാക്കാന്‍ ഹിന്ദുസമൂഹം പരിശ്രമിക്കണമെന്ന് കുമ്മനം പറഞ്ഞു.

വാട്ടര്‍ടാങ്ക് പണിയാനോ മഴവെള്ള സംഭരണി നിര്‍മിക്കാനോ നമുക്ക് കഴിയും. മഹാസംസ്‌കാരത്തിന്റെയും സംസ്‌കൃതിയുടെയും കളിത്തൊട്ടിലായ പമ്പാനദി മരിക്കാന്‍ അനുവദിക്കരുത്. ഒരു നദി നമുക്ക് ഉണ്ടാക്കാന്‍ കഴിയില്ല. നീര്‍ത്തടം സൃഷ്ടിക്കാനുമാവില്ല.

വികസനത്തിനുവേണ്ടി വാദിക്കുന്നവരുടെ ഹൃദയം ആദ്യം വികസിക്കട്ടെ. മറ്റുള്ളവര്‍ക്കും ജീവിക്കണം. അവര്‍ക്കും അന്നവും കുടിവെള്ളവും വേണം. നിങ്ങളുടെ ആവശ്യത്തിനുവേണ്ടിയുള്ളതാണ് പ്രകൃതി. നിങ്ങളുടെ അത്യാര്‍ത്തിക്ക്‌വേണ്ടിയുള്ളതല്ലെന്ന ഗാന്ധിവചനം നാം ഓര്‍ക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം