മേയര്‍മാര്‍ അധികാരമേറ്റു

November 9, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് കോര്‍പ്പറേഷനുകളിലെയും മേയര്‍മാര്‍ അധികാരമേറ്റെടുത്തു. തിരുവനന്തപുരത്ത് എല്‍.ഡി.എഫിലെ അഡ്വ. കെ. ചന്ദ്രികയും കൊല്ലത്ത് എല്‍ .ഡി. എഫിലെ പ്രസന്ന ഏണസ്റ്റും കൊച്ചിയില്‍ യു.ഡി.എഫിലെ ടോണി ചമ്മണിയും തൃശൂരില്‍ യു.ഡി.എഫിലെ ഐ.പി. പോളും കോഴിക്കോട്ട് എല്‍ .ഡി.എഫിലെ പ്രൊഫ. എ.കെ. പ്രേമജവുമാണ് മേയര്‍മാരായി ചുമതലയേറ്റത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സി.പി.എമ്മിലെ അഡ്വ. ചന്ദ്രിക (51 മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി ലീലാമ്മ ഐസക്കിന് നാല്‍പ്പതും ബി.ജെ.പി. സ്ഥാനാര്‍ഥി ശ്രീജ മധുവിന് ആറും വോട്ട് ലഭിച്ചു. രണ്ട് വോട്ട് അസാധുവായി. ആകെ 99 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്

കൊല്ലത്ത് 35 പേരുടെ പിന്തുണയുമായി  സി.പി.എമ്മിലെ പ്രസന്ന ഏണസ്റ്റ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു . കൊച്ചി കോര്‍പ്പറേഷനില്‍ 48 പേരുടെ പിന്തുണയുമായാണ് കോണ്‍ഗ്രസിലെ ടോണി ചമ്മണി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ . ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എമ്മിലെ കെ.ജി. ജേക്കബിന് 24 വോട്ട് ലഭിച്ചു. രണ്ട് സ്വതന്ത്രര്‍ ടോണിയെ പിന്തുണച്ചു.

തശ്ശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിലെ ഐ.പി. പോള്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് കോണ്‍ഗ്രസ് വിമതരുടേതടക്കം 47 വോട്ടാണ് പോളിന് ലഭിച്ചത്. എല്‍ .ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എമ്മിലെ പി.എ. പുരുഷോത്തമന് ആറ് വോട്ടാണ് ലഭിച്ചത്. ബി.ജെ.പി. അംഗം വോട്ട് അസാധുവാക്കി.

38 വോട്ട് ലഭിച്ചാണ് പ്രൊഫ. എ.കെ. പ്രേമജം കോഴിക്കോട് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി. എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍മന്ത്രി എം.ടി.പത്മയ്ക്ക് 32 വോട്ട് ലഭിച്ചു. ഒരു എല്‍ . ഡി. എഫ്. അംഗത്തിന്റേതടക്കം അഞ്ച് പേരുടെ വോട്ട് അസാധുവായി. വേങ്ങേരി വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ എം.ശ്രീധരന്റെ വോട്ടാണ് അസാധുവായത്. പൊറ്റമ്മല്‍ വാര്‍ഡില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. എ.കെ. പ്രേമജം ഇത് രണ്ടാം തവണയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാകുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം