സൂര്യനെല്ലിപെണ്‍കുട്ടിക്ക് നീതിലഭ്യമാക്കണം

February 5, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

സമാനതകളില്ലാത്ത കനല്‍വഴികളിലൂടെ നടന്ന സൂര്യനെല്ലി പെണ്‍കുട്ടി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. കഴിഞ്ഞ പതിനേഴുവര്‍ഷമായി പല ജന്മങ്ങളുടെ ദുഃഖസമുദ്രം നീന്തിക്കടന്ന ഈ പെണ്‍കുട്ടി പോരാട്ടത്തിന്റെ വഴികളില്‍ ഒറ്റപ്പെട്ടുനില്‍ക്കുകയാണ്. ഈ പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള നിതാന്തമായ യാത്രയില്‍ ഒരു വെളിച്ചമാണ് സുപ്രീംകോടതിവിധി.

സൂര്യനെല്ലിക്കേസിലെ ഭൂരിഭാഗം പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി സ്ത്രീപീഡനങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പുകൂടിയാണ്. ഡല്‍ഹി പെണ്‍കുട്ടിക്കുണ്ടായ ക്രൂരമായ പീഡനവും തുടര്‍ന്നുണ്ടായ പ്രക്ഷോഭവും നീതിപീഠങ്ങളെപ്പോലും പുനഃശ്ചിന്തനത്തിനു വിധേയമാക്കിയതിന്റെ പ്രതിഫലനമാണ് സൂര്യനെല്ലിക്കേസില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. ഹൈക്കോടതിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ ഹൈക്കോടതിവിധിയെ വിലയിരുത്തുകയാണെങ്കില്‍ നിയമവശങ്ങളൊന്നും പരിഗണിക്കാതെ മറ്റേതൊക്കെയോ പരിഗണനയിലാണ് പ്രതികളെ വെറുതെവിട്ടതെന്ന് കരുതുന്നതില്‍ ന്യായമുണ്ട്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ഒരു പ്രതി പീഡിപ്പിച്ചത് എന്നതിന്റെ ആനുകൂല്യം മറ്റെല്ലാ പ്രതികള്‍ക്കും നല്‍കിക്കൊണ്ടാണ് ഹൈക്കോടതി വിധിപ്രസ്താവിച്ചത്. ഇത് സാമാന്യ യുക്തിയെപ്പോലും ചോദ്യംചെയ്യുന്നതാണ്. പീഡിപ്പിച്ച എല്ലാ പ്രതികള്‍ക്കും പെണ്‍കുട്ടി സമ്മതം നല്‍കിയിരുന്നുവെന്ന് ഒരിക്കലും പറയാനാവില്ലെന്നാണ് സുപ്രീംകോടതിതന്നെ ചൂണ്ടിക്കാട്ടിയത്.

സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതോടെ പിജെകൂര്യന് എതിരെ വീണ്ടും പരാതിയുമായി പെണ്‍കുട്ടി രംഗത്തുവന്നിട്ടുണ്ട്. പിജെകുര്യന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ഇക്കാര്യത്തില്‍ തുടര്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് ഫാക്‌സ് അയച്ചു. ഇതു സംബന്ധിച്ച് പി.ജെകുര്യന് അനുകൂലമായി മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാന്‍ എന്തൊക്കെ ചെയ്യാന്‍കഴിയുമെന്ന് അന്വേഷിച്ച് ന്യൂഡല്‍ഹിയില്‍ തന്റെ കേസ് കൈകാര്യം ചെയ്യുന്ന നിയമജ്ഞന്മാര്‍ക്കും പെണ്‍കുട്ടി ഒരു കത്ത് അയച്ചു. പെണ്‍കുട്ടി പതിനേഴുവര്‍ഷം മുമ്പ് പറഞ്ഞതുതന്നെയാണ് ഇപ്പോഴും പറയുന്നതെന്നും അന്നത്തെ പരാതി അന്വേഷിച്ച് പി.ജെ.കുര്യന്‍ കുറ്റക്കാരനല്ലെന്ന് ബോദ്ധ്യപ്പെട്ടിരുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഈ വിഷയം ഇപ്പോള്‍ നിയമസഭയിലും കത്തിക്കയറുകയാണ്. കഴിഞ്ഞദിവസം ഇതു സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിലും ആഭ്യന്തരമന്ത്രിയുടെ മറുപടിയിലും പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേംബറില്‍വരെ കയറി.

പി.ജെകുര്യന്‍ ഇന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷനാണ്. പൊതുരംഗത്ത് നില്‍ക്കുന്നവര്‍ സംശയങ്ങള്‍ക്ക് അതീതരായിരിക്കണം. ആ നിലയില്‍ പി.ജെകുര്യന്‍ നിയമ വ്യവസ്ഥയുടെ പരിരക്ഷ നേടിക്കൊണ്ട് തന്റെ സംശുദ്ധിതെളിയിക്കാന്‍ ബാദ്ധ്യസ്ഥനാണ്. താന്‍ തെറ്റുചെയ്തിട്ടില്ലായെന്ന് പറഞ്ഞതുകൊണ്ടുമാത്രം സംശയത്തിന്റെ പുകമറയില്‍നിന്ന് രക്ഷപ്പെടാനാവില്ല. നീണ്ടകാലത്തെ പൊതുപ്രവര്‍ത്തനപാരമ്പര്യമുള്ള പി.ജെകുര്യന് സംശുദ്ധി തെളിയിച്ചുകൊണ്ടുമാത്രമേ ഇനി പൊതുരംഗത്തു മുന്നോട്ടുപാകുവാനാകൂ.

സ്ത്രീപീഡനക്കേസുകളില്‍ ഇരയല്ല, മറിച്ച് ആരോപണവിധേയമായ വ്യക്തിയാണ് കുറ്റംചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ടത്. ഇത് ഭാരതത്തിലെ ഏതൊരുപൗരനും ബാധകമാണ്. ആ നിലയില്‍ പി.ജെകുര്യനും നിയമവ്യവസ്ഥയിലൂടെ തെറ്റുകാരനല്ല എന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തണം. അല്ലെങ്കില്‍ പതിനേഴുവര്‍ഷംമുമ്പ് ഒരു പെണ്‍കുട്ടി പറഞ്ഞതുതന്നെ ഇപ്പോഴു ആവര്‍ത്തിക്കുമ്പോള്‍ അതില്‍ ചില സത്യങ്ങള്‍ ഇല്ലേ എന്ന് ജനം സംശയിക്കും.

സൂര്യനെല്ലിക്കേസില്‍ സുപ്രീംകോടതിയില്‍നിന്ന് ഇപ്പോള്‍ ഉണ്ടായ വിധി സ്ത്രീപീഡനക്കേസുകളില്‍ നിര്‍ണായകമാവുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കശക്കിയെറിഞ്ഞ കശ്മലന്മാരെ കല്‍ത്തുറങ്കിലടച്ചുകൊണ്ടുവേണം പതിനേഴുവര്‍ഷമായി നീതിക്കുവേണ്ടി പൊരുതുന്ന ഒരു പാവം പെണ്‍കുട്ടിക്ക് അല്പമെങ്കിലും കരുണ പകര്‍ന്നുനല്‍കുവാന്‍. ആ ദൗത്യത്തിന് സഹായകമായ എല്ലാ നിലപാടും സ്വീകരിക്കുവാന്‍ യു.ഡി.എഫ് സര്‍ക്കാരും പ്രത്യേകിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചുവര്‍ രാധാകൃഷ്ണനും ബാദ്ധ്യസ്ഥരാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍