രാഷ്ട്രീയ സമവായവും ദീര്‍ഘവീക്ഷണവുംകൊണ്ടേ നഷ്ടപ്പെട്ട അവസരങ്ങള്‍ തിരിച്ചുപിടിക്കാനാവൂ – മുഖ്യമന്ത്രി

February 5, 2013 കേരളം

തിരുവനന്തപുരം: രാഷ്ട്രീയ സമവായവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിപാടികള്‍കൊണ്ടും മാത്രമേ കേരളത്തിന് നഷ്ടപ്പെട്ട അവസരങ്ങള്‍ തിരിച്ചുപിടിക്കാനാവൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള നിയമനിര്‍മ്മാണസഭയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ സംഘടിപ്പിച്ച നാളത്തെ കേരളം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും കേരളം മുന്‍കാലത്തുതന്നെ യൂറോപ്യന്‍ രാജ്യങ്ങളുടെ നിലവാരത്തിലായിരുന്നു. അടിസ്ഥാന സൌക്യമില്ലായ്മയെ മറികടന്ന് മുന്‍കാല തലമുറ വഹിച്ചിട്ടുള്ള ത്യാഗവും കഠിനാധ്വാനവുമാണ് കേരളത്തെ ഈ മേഖലകളില്‍ വികസനത്തിലെത്തിച്ചത്. എന്നാല്‍ മുന്‍കാലത്തെ അപേക്ഷിച്ച് അതനുസരിച്ചുള്ള നേട്ടം ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാനം നേടിയിട്ടുണ്ടെന്ന് പറയാനാവില്ല. അനുകൂല സഹചര്യമുണ്ടായിട്ടും അന്നുനേടിയ നേട്ടങ്ങള്‍ക്കൊപ്പം എത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ക്കണ്ടുവേണം സംസ്ഥാനം ഇനിയും മുന്നോട്ടുപോകേണ്ടത്. ആരോഗ്യ സാമൂഹിക രംഗങ്ങളിലുണ്ടായ മുന്നേറ്റം അടിസ്ഥാന സൌകര്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കേരളത്തിനുണ്ടായിട്ടില്ല. അതുണ്ടായെങ്കില്‍ മാത്രമേ പുതിയ നിക്ഷേപങ്ങളും വ്യവസായങ്ങളും കേരളത്തിലേക്ക് വരൂ. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് പിന്നിലാണെങ്കിലും അടിസ്ഥാന സൌകര്യ മേഖലയില്‍ ഇവര്‍ ഏറെമുന്നിലാണ്. അടിസ്ഥാന സൌകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയതിനാലാണ് ഇത്. തൊഴിലവസരങ്ങള്‍ ഉണ്ടാകണമെങ്കില്‍ നിക്ഷേപവും വ്യവസായവും വര്‍ധിക്കണം. എങ്കില്‍ മാത്രമേ ഉപഭോഗം വര്‍ധിക്കുകയുള്ളൂ. അങ്ങനെയുണ്ടാകണമെങ്കില്‍ തൊഴിലുണ്ടാകണം. അതുണ്ടായാല്‍ മാത്രമേ ജനങ്ങള്‍ക്ക് സാമ്പത്തിക ക്ഷമത ഉണ്ടാകുകയുള്ളു. നിക്ഷേപവും വ്യവസായവും താനേവരില്ല. ഇതുമനസിലാക്കിക്കൊണ്ടുള്ള സമീപനമാണ് നാളത്തെ കേരളത്തിനാവശ്യം മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യവിഭവശേഷിയും മികച്ച ജോലിക്കുള്ള കാലാവസ്ഥയും ഏറെയുള്ള സ്ഥലമാണ് കേരളം. എന്നാല്‍ ഇത് അവസരമാക്കിയെടുക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. ഇത്തരം സാഹചര്യങ്ങള്‍ മാറണം. ടൂറിസവും ഐ.ടിമേഖലയും കേരളത്തില്‍ ഏറെ അവസരങ്ങള്‍ നല്‍കുന്നവയാണ്. ഇത് അവസരമാക്കിക്കൊണ്ടുള്ള നയങ്ങളാണ് നാളത്തെ കേരളത്തിന് ആവശ്യം. ഇന്നലെകളില്‍ എടുത്തതും പരാജയപ്പെട്ടതുമായ കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണം. സാധ്യതകളും അവസരങ്ങളും വലുതാണ്. പണമില്ല എന്ന കാരണത്താല്‍ സംസ്ഥാനത്തിന്റെ ഒരു വികസനവും തടസപ്പെടില്ല. സര്‍ക്കാര്‍ പദ്ധതികളെല്ലാം സാധാരണഗതിയില്‍ അഞ്ചുവര്‍ഷത്തേക്കാണ്. എന്നാല്‍ ദീര്‍ഘാടിസ്ഥാനത്തിലുള്ള പദ്ധതികളില്ലാതെ സംസ്ഥാനം വികസിക്കില്ല. ഇതിനാലാണ് വിഷന്‍ 2030-മായി സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടുള്ളത്. യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചുകൊണ്ട് നാടിന്റെ വികസനം ഉറപ്പാക്കുന്ന കാര്യത്തില്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത തലമുറയ്ക്കെങ്കിലും വിദേശത്ത് പോകാതെ സ്വന്തം മണ്ണില്‍ ജോലി ചെയ്ത് വളരാനുള്ള അവസരമുണ്ടാകണം. എമര്‍ജിങ് കേരള വഴി എമര്‍ജിങ് ഫ്രം കേരള എന്ന സ്ഥിതിയുണ്ടാകണം. അവസരങ്ങളൊരുക്കിക്കൊടുത്താല്‍ അത് പ്രയോജപ്പെടുത്താന്‍ പുതിയ തലമുറ തയ്യാറാണ്. അതിനുള്ള സാഹചര്യമുണ്ടാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം പല കാര്യങ്ങളിലും ഒന്നാം സ്ഥാനത്താണ്. എന്നാല്‍ ഇതനുസരിച്ചുള്ള വികസനം നേടുന്നതില്‍ വേണ്ടത്ര വിജയിക്കുന്നില്ല. അതിനുള്ള കാരണങ്ങള്‍ കണ്ടെത്തിയാലേ നാളത്തെ കേരളം നാം ആഗ്രഹിക്കുന്ന രീതിയിലുള്ള ശുഭ്ര കേരളമാവുകയുള്ളൂവെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരണങ്ങളും സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചകളും വീണ്ടും തിരിച്ചുവരികയാണ് എന്ന സത്യം നമ്മെ ഭയപ്പെടുത്തുന്നു. സാംസ്കാരിക പരിഷ്ക്കരണങ്ങളിലൂടെ നാം നേടിയ വിപ്ളവകരമായ മാറ്റങ്ങള്‍ നഷ്ടപ്പെടുന്നു. എന്നത് വിസ്മരിക്കാനാവില്ല. നാളത്തെ കേരളം നമ്മുടെ സങ്കല്പനങ്ങള്‍ക്കനുസരിച്ചുള്ള ഇടം ആയി മാറണമെങ്കില്‍ നാം പ്രായോഗികതയുള്ള കേരളീയരായി മാറേണ്ടതുണ്ട്. ഏതിനേയും അന്ധമായി എതിര്‍ക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്ന രീതി തന്നെയാണ് ആദ്യമായി മാറേണ്ടത്. പിന്നീടുള്ളത് നമ്മുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ വേഗതയില്ലായ്മയാണ്. വേഗം വേണ്ടിടത്ത് വേഗത നേടാന്‍ നമുക്ക് സാധിക്കുന്നില്ല. ബ്യൂറോക്രസിയുടെ അതിശക്തമായ സ്വാധീനം ഇന്നും നിലനില്ക്കുകയാണ്. ഒരു പ്രവര്‍ത്തനവും ചുവപ്പുനാടയില്‍ നിന്നും രക്ഷനേടുന്നില്ല. ഇന്നു കാണുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ സകലരേയും പിന്തിരിപ്പിക്കുകയാണ്. ഒരു തരത്തിലും രക്ഷ നേടാനാവാത്ത കുടുക്കകളില്‍ കുടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് താല്പര്യം. ഒരു പ്രവര്‍ത്തിയും സമയബന്ധിതമായി തീര്‍ക്കാന്‍ നമുക്കാവുന്നില്ല എന്നത് ദയനീയമായ അവസ്ഥയാണ്. എത്രത്തോളം നീട്ടിക്കൊണ്ടുപോകാം എന്നതിലാണ് ശ്രദ്ധ എന്ന തോന്നല്‍ ഉണ്ടാക്കുന്ന തരത്തിലാണ് നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍. ഇത്തരം അവസ്ഥ നമ്മുടെ സമയവും പണവും നഷ്ടപ്പെടുത്തുകയാണ്. ഒന്നും കാണാനും പരിഹരിക്കാനും ശ്രമങ്ങള്‍ നടക്കുന്നതുമില്ല. ഇത്തരം അവസ്ഥാവിശേഷങ്ങള്‍ മാറിയാല്‍ മാത്രമേ വികസനത്തിന് നാം കരുതുന്ന വേഗത കൈവരിക്കുകയുള്ളു. വേഗതയില്ലാത്ത വികസനം, വികസനമല്ല എന്ന് തന്നെ പറയാം. സമയാസമയത്തിന് നേടാനാവാത്ത ലക്ഷ്യങ്ങളാണ് നമ്മെ പരിജയപ്പെടുത്തുന്നത്. ആ പരാജയങ്ങളില്‍ നിന്നും നാം രക്ഷനേടേണ്ടതുണ്ട്. സ്പീക്കര്‍ പറഞ്ഞു. നിക്ഷേപ സൌഹൃദ ഇടമെന്ന നിലയില്‍ കേരളത്തിന്റെ വ്യത്യസ്ത വിഭവശേഷിയും സാഹചര്യങ്ങളും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പേടേണ്ടതുണ്ട്. നമ്മുടെ വിഭവശേഷി പൂര്‍ണ്ണമായും നാം തന്നെ മനസ്സിലാക്കണം. അങ്ങിനെ നാം പൂര്‍ണ്ണമായി സജ്ജരായാല്‍ മാത്രമേ വികസന യജ്ഞം പൂര്‍ണ്ണമാവുകയുള്ളു. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് അഭികാമ്യം. ഒരു തരത്തിലും പരിസ്ഥിതി നാശം സംഭവിച്ചുകൂടാ എന്നു നാം ഉറപ്പാക്കേണ്ടിയിരിക്കുന്നു. മാലിന്യ സംസ്കരണത്തിനുള്ള നൂതനമായ ആശയങ്ങള്‍ നാം പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. ഇന്നത്തെ പരാജയപ്പെട്ട സംവിധാനങ്ങള്‍ വീണ്ടും വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുമ്പോളാണ് എതിര്‍പ്പുകള്‍ ശക്തമാകുന്നത്. അത് പരിഹരിക്കപ്പെടണം. മാലിന്യമുക്തവും പരിസ്ഥിതി സൌഹൃദവുമായ ഒരു അന്തരീക്ഷമുണ്ടായാലേ വളര്‍ച്ചയ്ക്ക് വേഗതയുണ്ടാവൂ. നമ്മള്‍ പല മേഖലകളിലും മുന്നില്‍ നില്‍ക്കുമ്പോള്‍തന്നെ പിന്നിലായിപ്പോയ മേഖലകളെ കണ്ടെത്തേണ്ടിയിരിക്കുന്നു. ലഭ്യമായ വിഭവങ്ങള്‍ വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതാണ് നമ്മുടെ ഒരു പരാജയം. സാമ്പത്തിക വികസനത്തിനും അതിന്റേതായ ഊന്നല്‍ നല്‍കാന്‍ നാം മുന്‍കൈ എടുക്കണം. എല്ലാ രംഗങ്ങളിലും വികസനം ലക്ഷ്യമാക്കിയുള്ള മുന്നേറ്റം നാം കരുതലായി സ്വികരിക്കേണ്ടതാണ്. ഭാവികേരളം നേരിടുന്ന പ്രശ്നങ്ങളെ ഗൌരവത്തോടെ കണ്ടെത്തേണ്ടതുണ്ട് നഗരവത്ക്കരണം ദ്രുതഗതിയില്‍ നടന്നുവരുന്ന നമ്മുടെ സംസ്ഥാനം, വളരെ വേഗത്തില്‍ ഒരൊറ്റ നഗരമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന് അതിന്റേതായ വെല്ലുവിളികളും അവസരങ്ങളും ഉണ്ടാകുന്നുണ്ട്. അത് കണ്ടെത്തേണ്ടിയിരിക്കുന്നു. വികസനം മനുഷ്യോന്മുഖമായി കണ്ടാലേ ഇതിനെല്ലാം പരിഹാരം നേടാന്‍ കഴിയുകയുള്ളു. വികസനം എന്നും എല്ലായ്പ്പോഴും ജനനന്മ മാത്രം ലക്ഷ്യമാക്കിയുള്ളതായിരിക്കണം. ജനോന്മുഖമായ വികസനമാവണം നമ്മുടെ സ്വപ്നം. പുരോഗതി ലക്ഷ്യമാക്കുമ്പോള്‍ അതിനെ തോല്പിക്കുന്ന പലതിന്റേയും തിരിച്ചുവരവ് നാം ജാഗരൂകരായി ചെറുക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. സെമിനാറില്‍ ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, ധനമന്ത്രി കെ.എം. മാണി, വിവിധ കക്ഷി നേതാക്കളായ പിണറായി വിജയന്‍, രമേശ് ചെന്നിത്തല, പന്ന്യന്‍ രവീന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, വി. മുരളീധരന്‍, മാത്യു ടി. തോമസ്, എ.എ. അസീസ്, ആര്‍. ബാലകൃഷ്ണപിള്ള, ജോണി നെല്ലൂര്‍, പി.ഡി. ശാരംഗധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം