പൃഥ്വിരാജ്‌ ചവാന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി

November 10, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ആദര്‍ശ്‌ ഫ്‌ളാറ്റ്‌ വിവാദത്തിന്റെ പേരില്‍ മുഖ്യമന്ത്രിപദം നഷ്‌ടമായ അശോക്‌ ചവാന്‌ പകരം പൃഥ്വിരാജ്‌ ചവാനെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി കോണ്‍ഗ്രസ്‌ നേതൃത്വം നിയമിച്ചു. ഇന്ന്‌ രാവിലെ പ്രതിരോധ മന്ത്രിയും മഹാരാഷ്‌ട്ര കോണ്‍ഗ്രസിന്റെ ചുമതലയുള്ള എ.കെ.ആന്റണി, ധനമന്ത്രി പ്രണബ്‌ മുഖര്‍ജി എന്നിവര്‍ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി കൂടിയായ രാജ്യസഭാംഗം പൃഥ്വിരാജ്‌ ചവാനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്‌. സോണിയയുടെ വസതിയായ നമ്പര്‍ 10 ജനപഥിലെത്തി ചവാന്‍ അവരെ കണ്ടതിന്‌ പിന്നാലെ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി ചവാനെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാക്കിയതായുള്ള പ്രഖ്യാപനം നടത്തി.
അഴിമതിയുടെ കറ പുരളാത്ത നേതാവെന്ന പരിവേഷമുള്ള പൃഥ്വിരാജ്‌ ചവാന്‌ മുഖ്യമന്ത്രി പദം ലഭിക്കുമെന്നത്‌ ഇന്നലെത്തന്നെ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരുന്നു. മുന്‍ കേന്ദ്രമന്ത്രി ഡി.കെ ചവാന്റെയും മുന്‍ പി.സി.സി അദ്ധ്യക്ഷ പ്രേംല ചവാന്റെയും മകനാണ്‌ ഈ അറുപത്തിനാലുകാരന്‍. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന്‌ എഞ്ചിനിയറിംഗില്‍ ബിരുദാനന്തരബിദുരം കരസ്ഥമാക്കി. ഗാന്ധി കുടുംബത്തോടുള്ള അടുത്ത ബന്ധവും ചവാന്‌ തുണയായി. കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാറിന്റെ തട്ടകമായ പശ്ചിമ മഹാരാഷ്‌ട്രയില്‍ നിന്നു തന്നെയാണ്‌ പൃഥ്വരാജ്‌ ചവാന്റെയും വരവ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം