കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിന് കര്‍ണാടക ജലം നല്‍കണം: സുപ്രീംകോടതി

February 7, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിന് കര്‍ണാടക ജലം നല്‍കണമെന്ന് സുപ്രീംകോടതി. താല്‍ക്കാലിക ആവശ്യത്തിനായി 2.44 ടിഎംസി അടി വെള്ളം വിട്ടു നല്‍കണമെന്നാണ് സുപ്രീം കോടതി കര്‍ണാടകത്തോട് ആവശ്യപ്പെട്ടത്. കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഇത് കര്‍ണാടകയിലെ കുടിവെള്ള ആവശ്യത്തെ ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 30 ടിഎംസി അടി വെള്ളം നല്‍കണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം.

നേരത്തെ സുപ്രീംകോടതിയുടെ നിര്‍ദ്ദശത്ത തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തര്‍ക്കം വീണ്ടും കോടതിയിലെത്തിയത്. വെള്ളം  വിട്ടു നല്‍കാനാവില്ലെന്ന നിലപാടില്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ നിലപാടെടുത്തു. ഇപ്പോള്‍ 37 ടി.എം.സി. അടി ജലം മാത്രമേ റിസര്‍വോയറുകളില്‍ ശേഷിക്കുന്നുള്ളൂ. ഇതില്‍ 20 ടി.എം.സി. അടി ബാംഗ്ലൂരുള്‍പ്പെട്ട നഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും കുടിവെള്ള വിതരണത്തിനാവശ്യമാണെന്നും യോഗത്തില്‍ ഷെട്ടാര്‍ പറഞ്ഞു.

എന്നാല്‍ വെള്ളം ലഭിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടിലെ കൃഷിയെ ഇത് കാര്യമായി ബാധിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍