”ഞങ്ങളെ കാണാന്‍ വന്നവര്‍ കണ്ടേപോവൂ”

February 7, 2013 ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ഉപാസകര്‍, ഉപാസ്യം, ഉപാസന എന്നീ മൂന്ന് കാര്യങ്ങളില്‍ ഉപാസ്യം ഇഷ്ടദേവതയോ അധ്യാത്മലക്ഷ്യത്തിലേതെങ്കിലുമോ ആകാം. അധ്യാത്മലക്ഷ്യത്തിലെത്തിച്ചേരുന്നതിനും ആത്മജ്ഞാനിയാകുന്നതിനും വൈരാഗ്യവും ദൃഢനിശ്ചയവും അത്യാവശ്യമാണ്. അതില്ലാത്തവര്‍ക്ക് ഗുരുദര്‍ശനമോ ഈശ്വരപ്രാപ്തിയോ സാധ്യമല്ല. സ്വാര്‍ത്ഥലാഭത്തിനുവേണ്ടി സ്വാമിജിയെ കാണാനെത്തുന്നവര്‍ക്ക് ലക്ഷ്യം നശ്വരമായ ഭൗതികമാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്നത് ആ വ്യക്തിക്കുതന്നെ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം അറിയാനുള്ള പരിശീലനം നഷ്ടപ്പെടുത്തുകയായിരിക്കും. ലക്ഷ്യമീശ്വരീയമല്ലെങ്കില്‍ കാത്തു നില്പും പരിശ്രമവും താല്ക്കാലികമാകും. അത്തരക്കാര്‍ ലക്ഷ്യംനേടാതെ മാര്‍ഗത്തില്‍നിന്ന് പിന്‍തിരിയുകയും ചെയ്യും.

ഗുരുവിനെയോ ഉപാസ്യത്തെയോ അറിയുവാനുള്ള ജിജ്ഞാസ അത്തരക്കാര്‍ക്കുണ്ടാവുകയില്ല. അതുകൊണ്ടുതന്നെ അവര്‍ പിരിഞ്ഞുപോകും. ആത്മശാന്തിക്കും ലോകശാന്തിക്കും പ്രവര്‍ത്തിക്കേണ്ട മഹാത്മാക്കള്‍ സ്വാര്‍ത്ഥന്മാരെ പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല. ഞങ്ങളെക്കാണാന്‍ വന്നവര്‍ കണ്ടിട്ടേപോകൂ’ എന്നുള്ള ആശയത്തിന്റെ വൈപുല്യം എത്രയുണ്ടെന്നോര്‍ക്കുക. ഒറ്റപ്പെട്ട ധാരാളം സംഭവങ്ങള്‍ സ്വാമിജിയുടെ ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുക്കുവാനുണ്ട്. സാമാന്യസ്വഭാവമുള്ള പലതും വിവരിച്ചിട്ടുള്ളതുകൊണ്ട് അരസികത്വം ഒഴിവാക്കാനും വിസ്താരഭയമില്ലാതാക്കാനും വേണ്ടി പലതും എഴുതിയിട്ടില്ല.

മൂല്യാധിഷ്ഠിതസേവനം
ഈ ലോകത്തെ ഒരു നാടകം കാണുന്ന പ്രതീതിയോടെ കാണുവാനും, എന്നാല്‍ ജീവാത്മാക്കള്‍ക്ക് സേവനവും സംരക്ഷണവും നല്കുവാനുമുള്ള ധാര്‍മികമൂല്യസങ്കല്പത്തിന് ശോഷണം വരാതെ ശ്രദ്ധിക്കുവാനും തക്കവണ്ണം സ്വാമിജി തന്റെ പ്രവൃത്തികളെ നിയന്ത്രിച്ചിരുന്നു. ആശ്രമത്തിനടുത്തുള്ള സ്ഥലമാണ് പാങ്ങപ്പാറ. അവിടെനിന്നും ധാരാളം ഭക്തജനങ്ങള്‍ ആശ്രമത്തില്‍വരാറുണ്ട്. നന്നായിപടംവരയ്ക്കുന്ന ഒരുവന്‍ ആശ്രമത്തില്‍ ചിലപ്പോഴൊക്കെ എത്താറുണ്ടായിരുന്നു. അയാള്‍ ഒരുദിവസം ആശ്രമത്തില്‍വച്ച് സ്വാമിജിയുടെ പടം വരച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുവഴി കടന്നുവന്ന സ്വാമിജി  പെട്ടെന്ന് ആ പേപ്പര്‍ ചീന്തിയെറിഞ്ഞു. അതുകണ്ട ഭക്തജനങ്ങള്‍ ”അയ്യോ സ്വാമിജീ അത് നല്ല പടമായിരുന്നില്ലേ” എന്നഭിപ്രായപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി ചിന്താര്‍ഹമാണ്. ”അവന്‍ പടംവരച്ചിട്ട് എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിച്ചാല്‍ പിന്നീട് ഞങ്ങള്‍ക്കത് നോക്കിക്കൊണ്ടിരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.” ”എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍” എന്നത് എന്തിനെ സൂചിപ്പിച്ചെന്നത് ആര്‍ക്കും മനസ്സിലായില്ല. ഏതാനും ദിവസങ്ങള്‍ക്കകം അയാള്‍ തൂങ്ങിമരിച്ച വാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്.

സ്വാമിജിയെപ്പോലുള്ള ഒരാളുടെ പടം വരയ്ക്കുമ്പോള്‍ വരയ്ക്കാനുള്ള കര്‍മത്തിന്റെ പരിപക്വതയുള്ളവര്‍ക്കു മാത്രമേ അതിനധികാരമുള്ളൂ എന്ന് നാമറിഞ്ഞിരിക്കേണ്ടതാണ്. പൂര്‍വകര്‍മങ്ങളുടെ പാപഫലം സമാര്‍ജിച്ച ഒരുവന് അനുഭവിക്കേണ്ടിവരുന്ന ശിഷ്ടജീവിതം ആത്മഹത്യാപരമായ ഫലമുളവാക്കുന്നവയാണെങ്കില്‍ അതിനെതടയുന്നത് ദുഷ്ടകര്‍മങ്ങള്‍ക്ക് പ്രേരണനല്‍കുന്നതായിത്തീരും. സ്വാമിജിയെപ്പോലുള്ള ത്രികാലജ്ഞന്മാരായ മഹാത്മാക്കള്‍ അങ്ങനെയുള്ള ധര്‍മവിരോധികള്‍ക്കു പ്രോത്സാഹനം നല്‍കുന്നത് പ്രപഞ്ചത്തിലെ ധാര്‍മികവ്യവസ്ഥയോടു ചെയ്യുന്ന അനീതിയായിപ്പോകും. അവരത് ചെയ്യാറില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം