വൈദ്യുതി നിരക്ക് വര്‍ധനവിന് റെഗുലേറ്ററി കമ്മീഷന്‍ നടപടി ആരംഭിച്ചു

February 8, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനുള്ള പ്രാരംഭ നടപടി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തുടങ്ങി. നിരക്ക് വര്‍ധന സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിനുള്ള തെളിവെടുപ്പിനുള്ള തീയതികള്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് ഇപ്പോള്‍ നടപടികള്‍ പുരോഗമിക്കുന്നത്. വൈദ്യുതി നിരക്ക് വര്‍ധന ശുപാര്‍ശ ചെയ്യുന്ന താരിഫ് പെറ്റീഷന്‍ ജനുവരി മൂന്നിന് കെഎസ്ഇബി സമര്‍പ്പിച്ചിരുന്നു. അപേക്ഷ സ്വീകരിച്ച കമ്മീഷന്‍ കണക്കുകള്‍ സൂക്ഷമമായി പരിശോധിക്കുകയും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പൊതു തെളിവെടുപ്പ് നടത്തി അഭിപ്രായം സ്വരൂപിക്കുകയും ചെയ്ത ശേഷം അന്തിമ തീരുമാനം എടുക്കും. ഇതു പ്രകാരം തെളിവെടുപ്പിനുള്ള തിയ്യതികള്‍ ഇപ്പോള്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് നാലിന് എറണാകുളം പാലാരിവട്ടത് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം റോഡിലുള്ള ഐഎംഎ ഹൗസ്, മാര്‍ച്ച് ആറിന് കോഴിക്കോട് ടൗണ്‍ ഹാള്‍, മാര്‍ച്ച് പന്ത്രണ്ടിന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10.30ന് തെളിവെടുപ്പ് നടത്താനാണ് തീരുമാനം.

പൊതു ജനങ്ങളില്‍ നിന്ന് തെളിവെടുപ്പ് നടത്തിയ ശേഷം ബോര്‍ഡിന്റെ ആവശ്യങ്ങളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തി നിരക്ക് വര്‍ധനവ് പ്രഖ്യാപിക്കുമെന്നാണ് സൂചന.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം