വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – അഴലില്‍ ഉഴലുന്ന ഒരു മഹാറാണിയുടെ ക്രോധാഗ്നി

February 9, 2013 സനാതനം

ഡോ. അദിതി
ദമയന്തിയെ സ്വന്തമാക്കാനാഗ്രഹിച്ചതില്‍ കലിയും ഉണ്ടായിരുന്നു. അത് അയാളുടെ ജീവിതാഭിലാഷമായിരുന്നു. എന്നാല്‍ ദമയന്തിയെ രാജാവായ നളന്‍ സ്വയംവരത്തിലൂടെ സ്വന്തമാക്കി എന്നറിഞ്ഞപ്പോള്‍  കലിതുള്ളി. അയാള്‍ രാജാവായ നളന്റെയും, തന്റെ തന്നെ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ദമയന്തിയുടെയും  ശത്രുവായി മാറി. നളദമയന്തിമാരോടു പകരംവീട്ടാന്‍ കലി പദ്ധതികളാവിഷ്‌ക്കരിച്ചു. നളന്റെ അനുജനായ പുഷ്‌കരന്റെ സഹായം ഇക്കാര്യത്തില്‍ കലി ആര്‍ജ്ജിച്ചു.

കലി നളനില്‍ പ്രവേശിച്ചശേഷം അദ്ദേഹത്തെ ചൂതുകളിയില്‍ ആസക്തനാക്കുന്നു. പുഷ്‌കരനുമായുള്ള ചൂതുകളിയില്‍ നളനു സര്‍വ്വസ്വവും സ്പഷ്ടമാവുന്നു. നളനില്‍ കുടികൊള്ളുന്ന കലിയുടെ ക്ഷുദ്രഭാവം മൂലം അയാള്‍ ദമയന്തിയേയും കൊണ്ട് കാട്ടിലേയ്ക്ക് ഓടി. ഇതിനിടയില്‍ ആഹാരമില്ലാതെ വളരെ ദിവസം വലഞ്ഞു നടന്ന നളന്‍ കുറെ കാട്ടുപക്ഷികളെ കണ്ടെത്തി. അവയെ പിടിച്ചെങ്കിലും ഭക്ഷിക്കാമെന്നു കരുതി. എന്നാല്‍ പക്ഷിയെ പിടിക്കുവാനുള്ള ഒരു ഉപകരണവും നളന്റെ പക്കല്‍ ഇല്ലായിരുന്നു. ഘോരവനത്തിലുള്ള ആ പക്ഷികളുടെ മേല്‍ തന്റെ ഉടുവസ്ത്രവുംകൊണ്ട് അവ ഒന്നിച്ചുയര്‍ന്ന് പറന്നുപോയി.  ഉടുവസ്ത്രവും നഷ്ടപ്പെട്ട അദ്ദേഹം ദമയന്തി ഇരുന്ന കാനനഭാഗത്തേക്കു വന്നപ്പോള്‍  വിശപ്പും ക്ഷീണവും കൊണ്ടു അവള്‍ ഉറങ്ങുകയായിരുന്നു. ഇവളറിയാതെ അവളുടെ ഉടുവസ്ത്രത്തിന്റെ മേല്‍ഭാഗം കീറിയെടുത്ത് സ്വന്തം നഗ്നത മറച്ചുകൊണ്ടു സമചിത്തത കൈവിട്ടുപോയിരുന്ന നളന്‍ കാനനാന്തര്‍ഭാഗത്തേയ്‌ക്കോടിമറഞ്ഞു.

സ്വാധ്വിയായ ദമയന്തി കണ്ണുതുറന്നപ്പോള്‍ അവള്‍ ഏകാകിനിയാണെന്ന ബോധം ഉണ്ടായി.  സഹിയ്ക്കാനാകാത്ത സങ്കടവും ഭയവും കൊണ്ട് അവള്‍ കാടിന്റെ നാലുപാടും ലക്ഷ്യമില്ലാതെ നിലവിളിച്ചുകൊണ്ട് ഓടി. ഹിംസ്രജന്തുക്കളുടേയും പെരുംപാമ്പുകളുടെയും ആവാസകേന്ദ്രമായ ആ കാട്ടില്‍ അവള്‍ അലഞ്ഞുനടക്കവേ ഒരു ഭീകരസര്‍പ്പത്തെ കണ്ടു. ഞൊടിയിടയില്‍ ആ സര്‍പ്പം അവളെ ചുറ്റി രക്ഷയ്ക്കുവേണ്ടി അവള്‍ വാവിട്ടുനിലവിളിച്ചു. ആ ദീനരോദനം കേട്ട് ഒരു വേടന്‍ അവിടെ ഓടിയെത്തി. അയാള്‍ ആ പെരുമ്പാമ്പിനെ കൊന്ന് ദമയന്തിയെ രക്ഷപ്പെടുത്തി.

ബോധംകെട്ടു കിടക്കുകയായിരുന്ന അവളുടെ മുഖത്ത് വേടന്‍ വെള്ളം തളിച്ചു. കണ്ണു തുറന്ന അവളെ അയാള്‍ സാന്ത്വനപ്പെടുത്താന്‍ തുടങ്ങി. അപ്പോഴായിരുന്നു  അവള്‍ അര്‍ദ്ധനഗ്നയാണെന്ന കാര്യം വേടന്‍ ശ്രദ്ധിച്ചത്. മാദകമായ ശരീരകാന്തിയുള്ള അവളുടെ സൈന്ദര്യം വേടന്‍ പ്രകീര്‍ത്തിച്ചു. ഏകാകിനിയായി ഇവിടെയെത്താനുള്ള കാരണവും മറ്റും വേടന്‍ ചോദിച്ചറിഞ്ഞു.

വേടന്‍ തന്നില്‍ ആസക്തനാണെന്നു മനസ്സിലാക്കിയ ദമയന്തി കോപാക്രാന്തയായി. എന്നാല്‍ കാമപാരവശ്യത്തോടെ പ്രാപിക്കാന്‍ വേടന്‍ ശ്രമിച്ചു. സര്‍വ സ്വത്തുക്കളും പദവിയും നശിച്ച്, ഭര്‍ത്താവുമില്ലാതെയായി, നഷ്ടബോധം കൊണ്ടുള്ള സങ്കടത്തിന്റെ കയത്തില്‍ മുങ്ങുകയായിരുന്ന അവള്‍ ആ വേടനെ ശപിച്ചു. ”എന്റെ മനസ്സ് ഇന്നുവരെ  നളനെയല്ലാതെ ഒരുവനെ ഉള്‍ക്കൊണ്ടിട്ടില്ല. എന്നെ അതിക്രമിയ്ക്കാന്‍ മുതിരുന്ന ഈ ഹീനന്‍ മരിച്ചുവീഴട്ടെ.” ആ ശാപബലത്തില്‍ വേടന്‍ മരിച്ചുവീണു.

പ്രകൃതത്തിലെ വേടന് ഇത്തരമൊരു ശിക്ഷ കൊടുക്കാമായിരുന്നോ? അയാള്‍ ഏതെങ്കിലും  തരത്തില്‍ ദാക്ഷിണ്യം അര്‍ഹിയ്ക്കുന്നുണ്ടോ? ചിന്തിച്ചു നോക്കേണ്ടിയിരിക്കുന്നു.

ദമയന്തിയുടെ ”എന്നെ രക്ഷിയ്ക്കണേ” എന്ന ദീനരോദനം കേട്ട് ആവല്‍ബാന്ധവനായി അവളെ രക്ഷിക്കാന്‍ ഓടിയെത്തിയവനാണ് ഈ വേടന്‍. അല്ലാതെ  അവളെ പ്രാപിയ്ക്കാന്‍ വന്നുചേര്‍ന്നവനല്ല. പാമ്പിന്റെ ചുറ്റുകളഴിച്ച് മരണത്തോടു മല്ലടിച്ചുകൊണ്ടിരുന്ന അവളെ രക്ഷിയ്ക്കുന്ന വേളയിലും വേടന് അപ്രകാരമുള്ള ഒരു ആഗ്രഹമുണ്ടായിരുന്നില്ല. എന്നാല്‍, പിന്നെ എന്താണ് അയാളെ അതിക്രമത്തിനു പ്രേരിപ്പിച്ചത്? കോമളാംഗിയായ അവളെ അര്‍ദ്ധനഗ്നയായി കണ്ടതാണ് വേടനില്‍ കാമാവേശം ജനിയ്ക്കാന്‍ കാരണം. ഒരു സാധാരണ മനുഷ്യന്‍ അതിന്ദ്രിയനോ; ഇന്ദ്രിയ സംയമനത്തിനു ശ്രമിക്കുന്നവനോ ഒന്നുമല്ല.

അതുകൊണ്ട് ആകര്‍ഷകമായ അവളിലെ  അംഗലാവണ്യവും അര്‍ദ്ധനഗ്നതയും മറ്റുമാണ് ആ വനവാസിയായ വേടനെ കാമതുന്തിരനാക്കാന്‍ കാരണം. അതുകൊണ്ട്, ദമയന്തിയില്‍ വെളിവായിരുന്ന അവളിലെ നഗ്നമാക്കപ്പെട്ട അനുപമ ശരീരകാന്തിയാണ് അതിക്രമത്തിന് ഉത്തരവാദി.

അങ്ങനെ പറയാമെങ്കിലും വേടനെ കുറ്റവിമുക്തനാക്കാന്‍ അതു പര്യാപ്തമല്ല. എന്നാല്‍, ശിക്ഷയുടെ കാഠിന്യം കൂടിപ്പോയെന്നുള്ളതു ശരിതന്നെ. അതുകൊണ്ട്, വേടനു വിധിച്ച മരണശിക്ഷ നീതീകരിക്കത്തക്കതല്ല. സര്‍പ്പത്തിന്റെ ചുറ്റിപ്പിടിയില്‍നിന്നും തന്നെ രക്ഷപ്പെടുത്തിയ വേടനെ നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ ശപിച്ചുകൊന്നു. വേടന്‍ സമയത്ത് ഓടി വന്നില്ലായിരുന്നെങ്കില്‍ ദമയന്തി ജീവിച്ചിരിയ്ക്കുമായിരുന്നില്ല.

ദമയന്തി എന്നത് സത്യം എന്നാല്‍ അപ്രകാരം ജീവന്‍ രക്ഷിക്കുവാന്‍ പോലും ഒരുവളെ ബലാല്‍ക്കാരമായി കീഴ്‌പ്പെടുത്താന്‍ പാടുള്ളതല്ല. രക്ഷകനായി എന്നത് ബലാല്‍സംഗം ചെയ്യാനുള്ള കരാറുപത്രമല്ല. മഹാനായ ഒരു രാജാവ് അഗ്നിസാക്ഷിയായി അവളെ പാണിഗ്രഹണം നടത്തിയിട്ടുണ്ട്. ദേവന്‍മാരെപ്പോലും തൃണവല്‍ക്കരിച്ചാണ് അവള്‍ നളനെ സ്വീകരിച്ചത്.

അവളില്‍ പതിച്ച കഷ്ടപ്പാടും ദുഃഖവുമെല്ലാം നളന്റെ കുറ്റംകൊണ്ട് സംഭവിച്ചതല്ല. അത് വിധിദോഷംകൊണ്ട് വന്നുചേര്‍ന്നതാണ്. ദുര്‍വിധിയുടെ ദംഷ്ട്രയില്‍ ഓര്‍ക്കപ്പെട്ടെങ്കിലും നളനെ ഓര്‍ത്തായിരുന്നു അവള്‍ക്ക് ദുഃഖം. താനാരാണെന്നും താനെങ്ങനെ ഇവിടെ വന്നുപെട്ടു എന്നുള്ളതുമെല്ലാം അവള്‍ വിശദമായി വേടനെ ധരിപ്പിച്ചതാണ്.

കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും അവളെ കടന്നുപിടിക്കാന്‍ മുതിര്‍ന്ന വേടന്റെ പ്രവൃത്തി അപലപനീയം തന്നെ സര്‍പ്പം വിഴുങ്ങന്നതില്‍നിന്ന് വേടന്‍ അവളെ രക്ഷപ്പെടുത്തിയത് സ്വയം അവളെ വിഴുങ്ങാനാണോ? അതുകൊണ്ട്, വേടന്‍ അവളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന്റെ സത്കര്‍മ്മഭാവം ഇവിടെ പൊട്ടിച്ചെറിയപ്പെട്ടിരിക്കുന്നു.

സംഭവത്തിന്റെ ഗതി ഇപ്പോള്‍ ആനുപാതികമായി ബുദ്ധികുറഞ്ഞ സര്‍പ്പത്തില്‍നിന്നും അവളെ തട്ടിയെടുത്തത് കുറച്ചുകൂടി ബുദ്ധിയുള്ള ഒരുവന് വിഴുങ്ങാന്‍വേണ്ടിയായി പതിവ്രതാ രത്‌നമായ ഒരു സഹധര്‍മ്മിണി കാടനായ ഒരുവന്റെ അതിക്രമത്തിന് പാത്രമാവുന്നതിനെക്കാള്‍ ഒരു പാമ്പിനാല്‍ വിഴുങ്ങപ്പെടുന്നതിനുള്ള ഇരയാകുന്നത് ഇഷ്ടപ്പെട്ടുപോകും.

ഈ നിലയില്‍ നോക്കുമ്പോള്‍ വേടന് കൊടുത്ത മരണശിക്ഷ ന്യായീകരിക്കാമോ? പ്രാകൃതത്തില്‍ ശിക്ഷയെ പൂര്‍ണ്ണമായും ന്യായീകരിക്കാനും വയ്യ. അതിനെ നിഷേധിക്കാനും വയ്യ. എന്തൊക്കെയായാലും ജീവന്‍ തിരിച്ചുകിട്ടാന്‍ സഹായിച്ച ഒരു സംരക്ഷകനെ കൊല്ലാന്‍ പാടില്ലായിരുന്നു. അതിക്രമത്തിനുശേഷിയില്ലാത്ത വിധത്തിലുള്ള ഒരു ചെറിയ ശാപശിക്ഷ അയാള്‍ക്ക് കൊടുത്താല്‍ മതിയായിരുന്നു. വ്യാസന്റെ നീതിനിര്‍വ്വഹണം കടുത്തുപോയി എന്നു തോന്നുന്നു. ഒരുപക്ഷേ ഒരു സാധാരണസ്ത്രീയിലായിരുന്നു ഇത്തരത്തിലൊരു അതിക്രമമെങ്കില്‍ അത് ഒഴിവാവാനുള്ള ഈ ശിക്ഷാരീതി പര്യാപ്തമായേനേ.

ദമയന്തിയുടെ കുലമഹിമ നളനോടുള്ള അതിരറ്റ ഭക്തി അസഹ്യമായ ദുഃഖത്തിലും കഷ്ടപ്പാടിലും തന്നെ തള്ളിവിട്ടു എങ്കിലും ഇപ്പോഴും അവള്‍ ഭക്ത്യാദരപൂര്‍വ്വം ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന നളന്റെ ഭാവം, താണുകേണുള്ള വേടനോടുള്ള അവളുടെ കരുണാര്‍ദ്രമായ അഭ്യര്‍ത്ഥന ഇതെല്ലാം നീതിയുടെ തുലാസില്‍ വച്ചാല്‍ കാടനായ വേടന് വ്യാസന്‍ കൊടുത്ത ശിക്ഷ കൂടിപ്പോയില്ലെന്നുവരാം.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം