കൊട്ടാരക്കരയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു

February 10, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

കൊട്ടാരക്കര: തമിഴ്നാട് സ്വദേശിനിയായ  പെണ്‍കുട്ടിയെ പീഡിപ്പിച്ച് അവശയാക്കി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡിന് സമീപമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. രാവിലെ കെഎസ്ആര്‍ടിസി ജീവനക്കാരാണ് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. ഇവര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടിലെ തൂത്തുക്കുടി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. കാമുകനും സുഹൃത്തുക്കളുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ ഉപേക്ഷിച്ചത്. പെണ്‍കുട്ടി അവശനിലയിലാണ്. കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അച്ഛനും അമ്മയുമില്ലെന്നും തനിക്ക് ഒരു ചേച്ചി മാത്രമേയുള്ളൂവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കാമുകന്റെ പേര് രാജേഷ് എന്നാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇയാളുടെ മൊബൈല്‍ നമ്പരും പോലീസിന് കൈമാറിയിട്ടുണ്ട്. തൂത്തുക്കുടിയില്‍ നിന്നും കന്യാകുമാരി വഴിയാണ് കൊട്ടാരക്കരയില്‍ എത്തിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇന്നലെയാണ് കൊട്ടാരക്കരയില്‍ എത്തിയതെന്നും വഴിയില്‍ നിര്‍ത്തി ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് രാജേഷ് പോകുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. കന്യാകുമാരിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ രാജേഷിന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചതെന്നാണ് വിവരം. നിര്‍ബന്ധിച്ച് ഉറക്കഗുളിക നല്‍കിയ ശേഷമായിരുന്നു പീഡനം. ചുവന്ന മാരുതി കാറിലാണ് തന്നെ ഇവിടേക്ക് എത്തിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. തന്റെ സഹോദരി തിരുവനന്തപുരത്ത് ഒരു അനാഥാലയത്തിലാണ് ജോലി ചെയ്യുന്നതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവരെ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചുവരികയാണ്. അമ്മയുടെ സഹോദരിയുടെ കൂടെയാണ് താന്‍ താമസിച്ചിരുന്നതെന്നും പെണ്‍കുട്ടി പോലീസിനോട് വ്യക്തമാക്കി. പ്രതികളെ കണ്ടെത്താനായി കൊട്ടാരക്കരയിലെ ലോഡ്ജുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെണ്‍കുട്ടിയെ കൊണ്ടുവന്നുവെന്ന് പറയുന്ന ചുവന്ന മാരുതി കാര്‍ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചുവരികയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം