ഈജിപ്തില്‍ യുട്യൂബിന് നിരോധനം

February 10, 2013 രാഷ്ട്രാന്തരീയം

കയ്റോ: ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട വിവാദ ഇസ്ലാംവിരുദ്ധ ചലച്ചിത്രം ‘ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്’ നീക്കം ചെയ്യാത്തതേത്തുടര്‍ന്ന് വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യുട്യൂബിനു ഈജിപ്തില്‍ നിരോധനം ഏര്‍പ്പെടുത്തി. ഒരുമാസത്തേക്കാണു നിരോധനം. ഈജിപ്ഷ്യന്‍ കോടതിയുടെ ഉത്തരവ് പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചിത്രം സൈറ്റില്‍ നിന്നു നീക്കംചെയ്യണമെന്ന ആവശ്യം അവഗണിച്ചതില്‍ പ്രതിഷേധിച്ച് അഭിഭാഷകന്‍ ഹമീദ് സലീം നല്‍കിയ ഹര്‍ജിയിലാണു കോടതിവിധി. 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്യുന്ന എല്ലാ വെബ്സൈറ്റുകള്‍ക്കും നിരോധനം ബാധകമാണെന്നും കോടതി വ്യക്തമാക്കി. ചിത്രം യുട്യൂബില്‍ പ്രദര്‍ശിപ്പിച്ചതേത്തുടര്‍ന്ന് ഈജിപ്ത്, ലിബിയ തുടങ്ങിയ ഒട്ടേറെ മുസ്ലിം രാജ്യങ്ങളില്‍ പ്രതിഷേധം ആളിക്കത്തിയിരുന്നു. മുഹമ്മദ് നബിയെ വികലമായി ചിത്രീകരിക്കുന്ന ചിത്രം കുട്ടികളുടെ മനസില്‍ ഇസ്ലാമിനെക്കുറിച്ച് മോശം ചിന്തകള്‍ വളര്‍ത്താന്‍ ഇടയാക്കുമെന്ന് സലീം നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം