യോഗാഭ്യാസ പാഠങ്ങള്‍ – 12

February 10, 2013 സനാതനം

യോഗാചാര്യന്‍ എന്‍. വിജയരാഘവന്‍
സ്ഥൂല ശരീരത്തിന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ ശ്വാസകോശങ്ങള്‍, ഹൃദയം, കൂടല്‍ തുടങ്ങിയ ശരീരഭാഗങ്ങള്‍ ഉള്ളതുപോലെ സൂക്ഷ്മ ശരീരത്തിനും അതിന്റേതായ ഒരു ആന്തരിക ഘടനയുണ്ടെന്നുപറഞ്ഞല്ലോ. ഇതില്‍ പ്രധാനം ഊര്‍ജ്ജസ്രോതസ്സുകളായ നാഡികളാണ്.

72,000ത്തില്‍ അധികം നാഡികളെക്കുറിച്ച് യോഗശാസ്ത്രത്തില്‍ പറയുന്നുണ്ടെങ്കിലും മൂന്നെണ്ണമാണ് അവയില്‍ പ്രധാനപ്പെട്ടവ. ഇഡ, പിംഗള, സുഷുമ്‌ന എന്നീ മൂന്നു നാഡികളിലൂടെ പ്രാണശക്തി ഒഴുകിക്കൊണ്ടിരിക്കുന്നു.

നട്ടെല്ലിന്റെ ഇടതുവശത്തുള്ള ഇഡാനാഡിയാണ് നമ്മുടെ മാനസിക പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത്. നട്ടെല്ലിന്റെ വലതുഭാഗത്ത് സ്ഥിതിചെയ്യുന്ന പിംഗളനാഡി ശാരീരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. നട്ടെല്ലിന്റെ ഇരുവശങ്ങളിലും സ്ഥിതിച്ചെയുന്ന ഇഡ, പിംഗള എന്നീ നാഡികളെക്കാള്‍ പ്രധാനപ്പെട്ടതാണ് സുഷുമ്‌നനാഡി.

ഇത് നട്ടെല്ലിന്റെ മദ്ധ്യത്തിലൂടെയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. സുഷുമ്‌നാ നാഡി എന്നു പറയുന്നത് ആത്മശക്തി പ്രവാഹമാണ്. ആത്മീയജീവിതം നയിക്കുമ്പോള്‍ മാത്രമേ ഈ നാഡി പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ. ഈ മൂന്ന് നാഡികളും തുടങ്ങുന്നത് നട്ടെല്ലിന്റെ ഏറ്റവും താഴെ ഭാഗത്തുനിന്ന് അതായത് മൂലാധാര ചക്രസ്ഥാനത്തുനിന്നാണ്.

ഇഡയും, പിംഗളയും ചിത്രത്തില്‍ കാണുന്നവിധം നട്ടെല്ലിലുള്ള ആധാരചക്രങ്ങളില്‍ സംഗമിച്ചും എതിര്‍ വശത്തുകൂടി ഗതി തുടരുന്നു മൂലാധാര ചക്രത്തിനും ആജ്ഞാചക്രത്തിനും ഇടയ്ക്കുള്ള ഒരു നേര്‍രേഖപോലെയാണ് സുഷുമ്‌ന നാഡി.

യോഗനിദ്ര പരിശീലിനത്തിലൂടെ സുഷുമ്‌നാ നാഡി ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അതുവഴി പ്രാണശക്തി ഉണരുന്നു.

സാധാരണ മനുഷ്യന്‍ അപൂര്‍ണനാണ്. മനുഷ്യര്‍ക്ക് ഇന്ദ്രിയങ്ങളും അവയവങ്ങളും ഉപയോഗിച്ച് പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്നു. കണക്ക്, ഊര്‍ജ്ജതനന്ത്രം, രസതന്ത്രം തുടങ്ങി പല വിഷയങ്ങളിലും അഗാധ പാണ്ഡിത്യം നേടാന്‍ സാധിക്കുന്നു. എങ്കിലും ഉപബോധമനസ്സ് പ്രവര്‍ത്തിക്കാത്തിടത്തോളം ഉപബോധമനസ്സിന്റെ അപാരമായ കഴിവുകളെ ഉപയോഗപ്പെടുത്താന്‍ മനുഷ്യന് സാധിക്കുന്നില്ല.

യോഗനിദ്ര സമാധിയിലേക്കുള്ള ഒരു മാര്‍ഗ്ഗമാണ്. യോഗനിദ്രയിലൂടെ നാം ഉപബോധമനസ്സിനേയും കുറിച്ച് അറിയാന്‍ ശ്രമിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

രാജയോഗത്തില്‍ ‘ചിത്തം’ എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് മനുഷ്യന്റെ ബോധമണ്ഡലത്തെയാണ്. ഇവിടെ ഉണ്ടാക്കുന്നതരംഗ ചലനങ്ങളെ ‘വൃത്തി’ എന്നും പറയുന്നു. തെളിഞ്ഞ ഒരു തടാകത്തില്‍ കല്ലെടുത്തെറിയുമ്പോള്‍ അത് ആ തടാകത്തില്‍ അനേകം വൃത്താകാരമായ തരംഗങ്ങള്‍ ഉണ്ടാക്കുന്നതുപോലെ നമുക്ക് എന്തെങ്കിലും ഒരനുഭവം മനസ്സിലുണ്ടായാല്‍ അത് അതിന്നനുസൃതമായ തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങള്‍ ഏതെങ്കിലും ഒരു വസ്തുവിനെ കാണുകയോ, ഏതെങ്കിലും ഒരു സംഭവം ഓര്‍ക്കുകയോ എന്ത് ചെയ്യുകയാണെങ്കിലും അതെല്ലാം മനസ്സില്‍ തരംഗങ്ങളുണ്ടാക്കുന്നു. രാജയോഗത്തില്‍ ഈ തരംഗ ചലനങ്ങളായി അഞ്ചായി തരംതിരിച്ചിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ അറിവ്, തെറ്റായ അറിവ്, സങ്കല്പം, ഉറക്കം ഓര്‍മ്മ എന്നിവയാണവ.

യോഗനിദ്ര സാധാരണയായി 20 മുതല്‍ 40മിനിട്ടുവരെ നീണ്ടു നില്‍ക്കുന്ന ഒരഭ്യാസക്രമമാണ്. മാനസിക പിരിമുറുക്കം അനുഭവിക്കുകയും അതിലൂടെ പല രോഗങ്ങള്‍ക്കടിമപ്പെടുകയും ചെയ്യുന്നവര്‍ക്കും, യോഗയുടെ ആദ്ധ്യാത്മിക തലങ്ങളിലെക്കിറങ്ങിച്ചെല്ലാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രത്യേകം പ്രത്യേകം രീതികികളുണ്ട്.

യഥാര്‍ത്ഥത്തില്‍ യോഗനിദ്ര വളരെ ലളിതമായ ഒരു പരിശീലനമാണ്. ഒരു ടേപ്‌റെക്കാര്‍ഡറിലൂടെ നിങ്ങള്‍ക്കത് പഠിക്കാം. യോഗനിദ്ര പരിശീലനം തുടങ്ങുന്നതിന് മുമ്പായി ശാന്തമായ ഒരു മുറി തിരഞ്ഞെടുക്കുകയും ജനലുകളും വാതിലുകളും അടക്കുകയും വേണം.

റേഡിയോ, ടി.വി. മുതലായവ പ്രവര്‍ത്തിക്കപ്പിക്കാതെ ടെയ്പ് റിക്കാര്‍ഡര്‍ തുറന്നു വെയക്കുക. ശവാസനത്തില്‍ കിടക്കുകയും ശരീരം മുഴുവന്‍ അയച്ചിടുകയും ചെയ്യുക.

മനസ്സിനെ ഏകാഗ്രതപ്പെടുത്താതിരിക്കണം. നിര്‍ദേശങ്ങള്‍ കേള്‍ക്കുകയും അവയെ മനസ്സുകൊണ്ട് അനുസരിക്കുകയും ചെയ്തുകൊണ്ടിരിക്കുക എന്നാല്‍ ഉറങ്ങിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം