സദ്ഗുരവേ നമഃ

February 11, 2013 സ്വാമിജിയെ അറിയുക

ഡോ.പദ്മ

പിതാസി ലോകസ്യ ചരാചരസ്യ
ത്വമസ്യ പൂജ്യശ്ചഗുരൂര്‍ ഗരീയാന്‍
നത്വത്സമോസ്തഭ്യധികഃ കുതോന്യഃ
ലോകത്രയോപ്യ പ്രതിമ പ്രഭാവ

തസ്മാത് പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാമഹമീശമീഡ്യം
പിതേവ പുത്രസ്യ സഖേവസഖ്യു:
പ്രിയ: പ്രിയായാര്‍ഹസി ദേവ സോഢും

(അവിടുന്ന് സര്‍വ്വചരാചരങ്ങളുടെയും പിതാവാണ്, സര്‍വ്വാധിപതിയും ഗുരുവും അവിടുന്ന് തന്നെ. ത്രൈലോക്യങ്ങളിലും വച്ച് അതുല്യമായ കീര്‍ത്തിയും മഹിമയും അവിടുത്തേയ്ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്.

SW-അവിടുത്തെ പാദങ്ങളില്‍ വിനയപൂരസ്സരം, പ്രാര്‍ത്ഥനയോടെ ഞാനെന്നെത്തന്നെ സമര്‍പ്പിക്കുന്നു. പിതാവ് പുത്രനോടെന്നപോലെ, സുഹൃത്ത് പ്രിയസുഹൃത്തിനോടെന്നപോലെ പ്രിയമുള്ളവളോട് പ്രിയതമനെന്നപോലെ എന്റെ തെറ്റുകള്‍ പൊറുക്കുക)

ധര്‍മ്മ സമരാങ്കണത്തില്‍ കര്‍മ്മ വിമുഖനായിനിന്ന വില്ലാളിവീരനായ അര്‍ജ്ജുനനെ സാരോപദേശങ്ങള്‍ക്കുശേഷം വിശ്വരൂപദര്‍ശനയോഗ്യനാക്കിയ ഭഗവാനോടുള്ള അര്‍ജ്ജുനന്റെ ഹൃദയം നിറഞ്ഞ ഈ പ്രാര്‍ത്ഥന ഇപ്പോള്‍ മനസ്സില്‍ നിറയുന്നു. പിതാവായും മാതാവായും ബന്ധുവായും മിത്രമായും ജ്ഞാനമായും അര്‍ത്ഥമായും ഞങ്ങളുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ആ അപാരഗുരുകാരുണ്യത്തിന് മുന്നില്‍ വീണ്ടും വീണ്ടും ശിരസ്സ് നമിച്ചുകൊള്ളട്ടെ.

അതുല്യ പ്രഭാവനായ യോഗി, കാരുണ്യമൂര്‍ത്തിയായ ഈശ്വരരൂപന്‍ , സ്‌നേഹവാല്‍സല്യങ്ങളുടെ അക്ഷയനിധി, അറിവിന്റെ അനന്തഭണ്ഡാകാരം, സംപൂജ്യ ഗുരുനാഥന്‍ – സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ – അദ്ദേഹം എന്തെല്ലാം ആയിരുന്നില്ല. വൈവിധ്യം നിറഞ്ഞതായിരുന്നു ആ കര്‍മ്മമണ്ഡലം. അറിവിനും ആത്മജ്ഞാനത്തിനുമായെത്തിയവര്‍ക്ക് സങ്കീര്‍ണ്ണമായ വേദശാശാത്രോപനിഷത്ത് സാരങ്ങള്‍ സരളവും ലളിതവും സുവ്യക്തവുമായി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്ന ആചാര്യവരിഷ്ഠന്‍ . സംസാരദുഃഖത്തില്‍പ്പെട്ടുഴലുന്ന സാധാരണജനങ്ങള്‍ക്ക് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്തും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന ഈശ്വരതുല്യന്‍, രോഗികള്‍ക്ക് അമൂല്യങ്ങളായ ഔഷധങ്ങള്‍ നല്‍കുകയും പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന അപൂര്‍വ്വവൈദ്യന്‍ . അനന്യസാധാരണമായ വാഗ്മിതകൊണ്ട് സാധാരണക്കാരെപ്പോലും പിടിച്ചുനിര്‍ത്തിയിരുന്ന പ്രഭാഷകന്‍. ഭക്തിയുടെ പരമകോടിയില്‍ ആനന്ദനൃത്തം ചെയ്ത് തന്റെ ദിവ്യസ്പര്‍ശവും വിഭൂതിയും കൊണ്ട് കാത്തു രക്ഷിച്ചിരുന്ന ആത്മത്രാണപരായണന്‍. വിദഗ്ദ്ധനായ ശില്പി, ലളിതമധുരമായെഴുതുന്ന കാവ്യകാരന്‍ , പ്രൗഢഗംഭീരമായെഴുതുന്ന ലേഖകന്‍ , എന്നിങ്ങനെ ബഹുമുഖപ്രതിഭനായിരുന്നു അദ്ദേഹം. ശ്രീരാമചരിതമാനസം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന അവസാനനാളുകളില്‍ രാമായണത്തിന്റെ പ്രൗഢവും പ്രതീകാത്മകവുമായ വ്യാഖ്യാനം ഒന്നുമാത്രം മതി അദ്ദേഹത്തിന്റെ രചനാപാടവവും ഭാവനാവൈശിഷ്ട്യവും പാണ്ഡിത്യവും മനസ്സിലാക്കാന്‍ . ആരാധ്യനായ ഗുരുദേവന്റെ (ശ്രീനീലകണ്ഠഗുരുപാദര്‍) ജീവചരിത്രമായി എഴുതിയ പാദപൂജ എന്ന മഹത്ഗ്രന്ഥം ആദ്ധ്യാത്മക ഗ്രന്ഥങ്ങളില്‍ അഗ്രഗണ്യമാണെന്ന് അത് വായിക്കുന്നവര്‍ക്ക് മനസ്സിലാകും. ഭക്തരുടെ വിവിധസംശയങ്ങള്‍ക്ക് ഉത്തരമായി നല്‍കിയ അനേകം വസ്തുതകള്‍, ചെറിയ ചെറിയ പുസ്തകങ്ങളായി അച്ചടിച്ച് വന്നിട്ടുണ്ട്. ആദ്ധ്യാത്മക ശാസ്ത്രമായാലും ഭൗതികശാസ്ത്രമായാലും ഒരു കൊച്ചു കുട്ടിയുടെപോലും സംശയത്തിന് സ്വാമിജി അമിതപ്രാധാന്യം നല്‍കിയിരുന്നു. സംശയനിവാരണത്തിനെത്തുന്നവര്‍ക്കുവേണ്ടി മണിക്കൂറുകളോളം (തന്റെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ മറന്ന്) ചെലവഴിക്കാന്‍ അദ്ദേഹത്തിന് ഒട്ടും തന്നെ മടിയുണ്ടായിരുന്നില്ല. ഇക്കൂട്ടത്തില്‍ ഒരുവനെങ്കിലും ഇത് പ്രയോജനപ്പെടുന്നെങ്കില്‍ അങ്ങനെയാകട്ടെ എന്നദ്ദേഹം പറഞ്ഞിരുന്നു.

ഭ്രൂമദ്ധ്യത്തില്‍ തൊടുവിക്കുകയും കഴിക്കാന്‍ തരുകയും ചെയ്തിരുന്ന ദിവ്യവിഭൂതിതന്നെയായിരുന്നു പലപ്പോഴും പലകഠിനരോഗങ്ങള്‍ക്കുമുള്ള ദിവ്യൗഷധമെങ്കിലും അപൂര്‍വ്വമായചില ഔഷധയോഗങ്ങള്‍ രോഗനിവൃത്തിക്കായി വരുന്നവര്‍ക്ക് സ്വാമിജിപറഞ്ഞ് കൊടുക്കുന്നത് സാധാരണമായിരുന്നു. പലപ്പോഴും നാം നിസ്സാരമെന്ന് കരുതുന്ന ചില സാധാരണ സസ്യങ്ങള്‍ അതികഠിനമായ അസുഖങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുകയും രോഗമുക്തി കിട്ടുകയും ചെയ്തിരുന്നു. ഒരവസരത്തില്‍ തലമുടി വളരുന്നതിനുവേണ്ടി എണ്ണകാച്ചിതേയ്ക്കാന്‍ നിര്‍ദ്ദേശിച്ച ഔഷധക്കൂട്ട് പില്‍ക്കാലത്ത് വളരെ പ്രശസ്തമായനിലയില്‍ ആ വിശ്വാസി വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് വിപണനം നടത്തി ധനികനായിത്തീര്‍ന്ന സംഭവം ആശ്രമബന്ധുക്കള്‍ക്ക് നല്ലവണ്ണമറിയാം. അമൂല്യങ്ങളായ ഒട്ടനവധി ഔഷധങ്ങള്‍, പ്രമേഹം, ഹൃദ്രോഗം, ആസ്മ, അര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍ക്ക് സ്വാമിജി പറഞ്ഞുകൊടുക്കുകയും ആശ്രമത്തില്‍ തന്നെ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തിരുന്നു. അത്ഭുതകരമായരോഗശാന്തി ഇതില്‍നിന്നും ഉണ്ടായപ്പോഴാണ് ഭക്തജനങ്ങളില്‍ ചിലരുടെ നിര്‍ബന്ധപ്രകാരം മനീഷി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു ആയുര്‍വ്വേദ ഔഷധ ഗവേഷണസ്ഥാപനവും അതിനോടനുബന്ധിച്ച് മരുന്നുല്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയും തുടങ്ങിയത്. ആസ്മയ്ക്ക് വളരെ പ്രയോജനം ചെയ്തിരുന്ന ഔഷധം അന്ന് സ്വാമിജിയുടെ നിര്‍ദ്ദേശപ്രകാരം ഉണ്ടാക്കി നല്‍കിയിരുന്നു. അഗസ്ത്യമലനിരകളിലേയ്ക്കുള്ള ഏതോ ഒരു യാത്രയ്ക്കിടയില്‍ പെട്ടെന്ന് കണ്ണില്‍പ്പെട്ട ഔഷധം. ഇത് ആസ്മ രോഗത്തിന് ഗുണം ചെയ്യുമെന്ന് പറഞ്ഞ് പറിച്ചെടുത്ത് കൊണ്ടുവന്ന് ആശ്രമപരിസരത്ത് നട്ടുപിടിപ്പിക്കുകയായിരുന്നു. മനീഷി ബ്രോങ്കൈര്‍ എന്ന പേരില്‍ ആത്സമാരോഗികള്‍ക്ക് ആശ്വാസമായിരുന്നു ആ ദിവ്യൗഷധം. അതുപോലെതന്നെ ആകസ്മികമായി സ്വാമിജിയുടെ കണ്ണില്‍പ്പെട്ട – ഒരു പറമ്പില്‍ സമൃദ്ധമായി വളര്‍ന്നുകിടന്നിരുന്ന – ഒരു സാധാരണ ചെടി സ്വാമിജിയുടെ നിര്‍ദ്ദേശപ്രകാരം എണ്ണയായി കാച്ചി, തുടര്‍ച്ചയായുള്ള തുമ്മലിനും കഫക്കെട്ടിനും നിശ്ശേഷം ശാന്തി വരുത്തുന്ന ഔഷധമാക്കി മാറ്റിയിട്ടുണ്ട്. സ്വാമിജി നിര്‍ദ്ദേശിക്കുന്ന ഈ പ്രത്യേക ഔഷധയോഗങ്ങള്‍ ആധികാരിക ആയുര്‍വേദഗ്രന്ഥങ്ങളില്‍ ഒന്നും തന്നെ ഇല്ലാ എന്നുള്ളതായിരുന്നു പ്രത്യേകത. ജഗത്യേവമനൗഷധം കിഞ്ചിത് ലോകത്തില്‍ ഔഷധമല്ലാത്തതായി ഒന്നും ഇല്ല എന്ന ആയുര്‍വേദ തത്വത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു സ്വാമിജിയുടെ ചികിത്സാരീതി. ഇരുപത്തഞ്ചുവര്‍ഷം മുന്‍പ് എന്റെ അച്ഛനുണ്ടായിരുന്ന അധികരക്ത സമ്മര്‍ദ്ദം ഒരു പ്രത്യേക ഔഷധരീതിയിലൂടെ സ്വാമിജി മാറ്റിത്തന്നതും സ്മരണീയമാണ്. ചെറുപ്രായത്തില്‍ എനിക്ക് വയറിനുണ്ടായ അസുഖം ആട്ടിന്‍പാല്‍ ചേര്‍ത്ത ഒരു ഔഷധംകൊണ്ട് മാറിയത് എന്റെ സ്വന്തം അനുഭവം. ഇങ്ങനെ പല അവസരങ്ങളിലായി പറഞ്ഞുകൊടുത്ത അനേകം ഔഷധക്കൂട്ടുകള്‍ എന്റെ അമ്മ എഴുതിവച്ചിരുന്നത് പില്‍ക്കാലത്ത് ഞാന്‍ സ്വാമിജിയെ ഓര്‍മ്മിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അതത് അവസരങ്ങളില്‍ ഞാന്‍ പറഞ്ഞത് പിന്നെ ഓര്‍ക്കണമെന്നില്ല. ആര്‍ക്കെങ്കിലുമൊക്കെ അത് പ്രയോജനപ്പെടുത്തുവാന്‍ നോക്കണം.

സസ്യങ്ങള്‍ക്കും ജീവനുണ്ടെന്ന് തെളിയിക്കുന്ന ശ്രീ.ജെ.സി.ബോസിന്റെ പരീക്ഷണങ്ങളെക്കുറിച്ച് – മനുഷ്യസാമീപ്യമുള്ള സസ്യങ്ങളിലെ Vital force കൂടുതലാണെന്നും മനുഷ്യരെപ്പോലെതന്നെ വികാരങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരണമായി പ്രതികരണശേഷി സസ്യങ്ങള്‍ക്കുണ്ടെന്നും – അമിതമായ ചൂടിന് വിധേയമാക്കുമ്പോള്‍ ഉണ്ടാകുന്ന വിപരീതപ്രതികരണം ഗ്രാഫില്‍ രേഖപ്പെടുത്തിയത് സ്വാമിജി തെളിവായിക്കാണിച്ച് വിശദീകരിക്കുമ്പോള്‍ ജീവജാലങ്ങള്‍ക്കെല്ലാം ചുറ്റുമുള്ള പ്രത്യേകപ്രഭാവലയം – മൗമ (ഓറ) – സാത്വിക രാജസതാമസ ഗുണങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ച് അവയ്ക്കുണ്ടാകുന്ന വ്യതിയാനം – ഇവ മനുഷ്യനും സസ്യങ്ങള്‍ക്കും ഒരുപോലെയാണെന്നും അപൂര്‍വ്വസസ്യങ്ങള്‍ക്കുള്ള (രാമായണത്തില്‍, മൃതസഞ്ജീവിനി, സന്ധാനകരിണി, വിശല്യകരിണി, ഇവയുടെ ദിവ്യപ്രഭ പറയുന്നുണ്ട്). ഈ പ്രഭാവലയത്തെ രോഗനിവാരണത്തിനായി, മനുഷ്യശരീരത്തില്‍ അതേപടി പ്രതിഫലിപ്പിച്ചാല്‍ Super impose ചെയ്താല്‍ – അത് ചികിത്സാരംഗത്ത് വളരെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയുമ്പോള്‍ – ശാസ്ത്രസത്യങ്ങളെ ഇത്രത്തോളം ഗഹനമായി വിശകലനം ചെയ്യുകയും ചെയ്യുന്ന അസാമാന്യനിഷണശാലിയായ ഒരു ശാസ്ത്രജ്ഞനായി മാറുമായിരുന്നു. ഇങ്ങനെ അനവധി ശാസ്ത്രസസ്യങ്ങള്‍ – Chromosome Theory, Gene Theory ഇവയെല്ലാം സ്വാമിജി വിശദീകരിക്കുന്നത് അത്ഭുതത്തോടെ കേട്ടിരുന്ന അവസരങ്ങള്‍ അനവധി. സ്വാമിജിയുടെ അനുഗ്രഹാശ്ശിസ്സുകളോടെ ആയുര്‍വേദത്തിന് ഞാന്‍ പഠിക്കാന്‍ ചേരുമ്പോള്‍ എനിക്കുംകൂടി മരുന്ന് തരണം എന്ന് സ്വാമിജി കളിയായി പറഞ്ഞതാവണം ഭാവിയില്‍ മനീഷി ഹെര്‍ബല്‍ റിസേര്‍ച്ച് ഫൗണ്ടേഷനില്‍ മെഡിക്കല്‍ ഓഫീസറായി എന്നെ പറഞ്ഞുവിടുമ്പോള്‍ സ്വാമിജി യാഥാര്‍ത്ഥ്യമാക്കിയത്. മരുന്ന് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം എന്നെ ഏല്പിക്കുമ്പോള്‍ മരുന്നുകളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിലും പരമ്പരാഗതരീതിയില്‍ വിറകുപയോഗിച്ചും അരിഷ്ടങ്ങള്‍ മണ്ണില്‍ത്തന്നെ കുഴിച്ചിട്ടും ഉണ്ടാക്കണമെന്ന് സ്വാമിജി നിര്‍ദ്ദേശിച്ചിരുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ മരുന്നുല്പാദിപ്പിക്കുമ്പോള്‍ ഇത് പലപ്പോഴും ലാഭകരമായിരുന്നില്ല. തലമുടി വളരുന്നതിനും നരച്ചുമുടി കറുക്കുന്നതിനുമുള്ള എണ്ണയുടെ നിര്‍മ്മാണരീതി, സാധാരണ എണ്ണ കാച്ചുന്നതിനെക്കാള്‍ വളരെ വ്യത്യസ്തവും ചെലവേറിയതും ആയിരുന്നു. അന്നത്തെ എന്റെ പലസംശയങ്ങള്‍ക്കും യുക്തിയും ബുദ്ധിയും അനുസരിച്ച് കാലത്തിന്റെ  മാറ്റത്തിനനുസരിച്ച് ചികിത്സയിലും ഔഷധയോഗങ്ങളിലും മാറ്റങ്ങള്‍ വരുത്താമെന്ന് നിന്റെ പുസ്തകത്തില്‍ പറയുന്നുണ്ടല്ലോ എന്ന് സ്വാമിജിതന്നെ ഒരിക്കല്‍ പറഞ്ഞു. ശരിക്കും അഷ്ടാംഗഹൃദയത്തില്‍ ഇതേ അര്‍ത്ഥം വരുന്ന ഒരു ശ്ലോകമുണ്ട്.

ശരീരത്തിന് ഉന്മേഷവും ഉണര്‍വ്വും നല്‍കുന്നതും ഉദരസംബന്ധമായ അസുഖങ്ങളെ ശമിപ്പിക്കുന്നതുമായ ഒരു ശീതളപാനീയം (Herbal Cola) സ്വാമിജിയുടെ ഔഷധയോഗങ്ങളില്‍ ഒന്നാണ്. ആരോഗ്യത്തിന് ഹാനികരമായ വിവിധയിനം കോളകളുടെ ഈ കാലത്തില്‍ herbal coal എന്ന ആശയംപോലും സ്വാമിയാണാദ്യമായികൊണ്ടുവന്നതെന്നുവേണം കരുതാന്‍. ഏതുരോഗാവസ്ഥയിലും കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന രുചികരമായ ഈ പാനീയം വിദേശരാജ്യങ്ങളില്‍പോലും ജനപ്രതീതിയാര്‍ജ്ജിച്ച ഒന്നാണ്. Herbal Cola തേയിലയില്ലാതെ അങ്ങാടിമരുന്നുകള്‍ മാത്രം പൊടിച്ചുചേര്‍ത്ത്, പാലില്‍ ചേര്‍ത്തോ തിളപ്പിച്ചോ കുടിക്കാവുന്ന ഒരു  herbal drink powder, ത്വക് രോഗശമനവും ദേഹത്ത് നിത്യവും സോപ്പിന് പകരം തേച്ചുകുളിക്കാവുന്ന ഒരു സ്‌നാനചൂര്‍ണ്ണം, മുഖകാന്തിയും ശരീരകാന്തിയും വര്‍ദ്ധിപ്പിക്കുന്ന ചില ഔഷധക്കൂട്ടുകള്‍, ഇങ്ങനെ അനേകമനേകം പുതിയ ഔഷധയോഗങ്ങള്‍ സ്വാമിജി പറഞ്ഞുതന്നിട്ടുണ്ട്.

ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളെ വേദോപനിഷത്തുക്കളുടെ അടിസ്ഥാനതത്ത്വങ്ങളുമായി സമന്വയിപ്പിച്ച്, ലളിതമായി വിശദീകരിച്ചുതരുന്ന ഒരു പ്രത്യേകരീതി സ്വാമിജിക്കുണ്ടായിരുന്നു. ശബ്ദത്തിന്റെ പ്രാധാന്യം – മന്ത്രങ്ങള്‍ ഉച്ചത്തില്‍ ചൊല്ലുന്നതിന്റെ ഗുണം – പ്രത്യേക frequency – യിലെ ശബ്ദംകൊണ്ട് പാറകള്‍പോലും ഉടയ്ക്കാമെന്ന, sonic drilling, atom theory, Chromosome theory, ഇങ്ങനെ നിരവധി ശാസ്ത്രതത്വങ്ങള്‍ ആനുകാലികമായ ആധുനികശാസ്ത്രത്തിലുണ്ടാകുന്ന പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ – ഇവയൊക്കെ നിസ്സംശയം, കാര്യകാരണസഹിതം സ്വാമിജി മനസ്സിലാക്കിച്ചുതരുന്നത് പലപ്പോഴും അത്ഭുതകരമായിത്തോന്നിയിട്ടുണ്ട്. രോഗശാന്തിക്കെത്തുന്നവരുടെ രോഗാവസ്ഥ – ആധുനിക MRI scanning പ്രക്രിയയില്‍കൂടിമാത്രം അറിയാന്‍ കഴിയുന്നതുപോലെ സ്പഷ്ടമായി സ്വാമിജി പറയുമ്പോള്‍ അനേകകാലം ശരീരശാസ്ത്രം – Anatomy യും Physiologyയുമൊക്കെ കുത്തിയിരുന്ന് പഠിച്ച ഡോക്ടര്‍മാരും, ശാസ്ത്രജ്ഞരും, എഞ്ചിനീയര്‍മാരുമൊക്കെയുള്ള സദസ്സ് സ്തബദ്ധമായിപ്പോകാറുണ്ടായിരുന്നു പലപ്പോഴും പറയുമായിരുന്നു. കര്‍മ്മവിമുഖതയെ അങ്ങേയറ്റം അദ്ദേഹം വെറുത്തിരുന്നു. ശാരീരികാസ്വസ്ഥതകള്‍കൊണ്ട് വിശ്രമിക്കേണ്ടിയിരുന്ന അവസരങ്ങളില്‍പോലും സ്വാമിജി, അവയൊക്കെ അവഗണിച്ച് രാത്രി ഉറക്കമൊഴിഞ്ഞിരുന്ന് മണിക്കൂറുകളോളം എഴുതുമായിരുന്നു.

സുദര്‍ശനം എന്ന പദത്തിന്റെ (സുദര്‍ശനചക്രം) അനന്തമായ അനവധി വ്യാഖ്യാനത്തെ ചെറിയ ചെറിയ വരകളിലൂടെ – സൃഷ്ടിയുടെ ആദ്യബിന്ദുവായ പ്രണവം – ഓംകാരത്തിന്റെ തുടക്കം – അതില്‍ വിശ്വവ്യാപ്തമായ ശബ്ദപ്രപഞ്ചം – അഹം അഥവാ ഞാന്‍ എന്ന ബിന്ദുവില്‍ തുടങ്ങി സര്‍വ്വവും ഞാന്‍ തന്നെയാണ് എന്ന ആത്യന്തിക സത്യത്തെ നിശ്ചിതമായ ചില വരികളിലൂടെ സരളമായി, സദസ്സിനെ അത്ഭുതസ്തബ്ദ്ധമാക്കി, ബോദ്ധ്യപ്പെടുത്തിതന്നെ ആ അപാര പാണ്ഡിത്യത്തിനു മുന്നില്‍ അനന്തകോടി പ്രണാമങ്ങള്‍; ആ ധന്യജീവിതം ആ ദിവ്യപ്രകാശം അതുല്യശോഭയോടുകൂടി നമ്മില്‍ കൂടി അനന്തര തലമുറയിലേക്ക് പ്രവഹിക്കട്ടെ! പ്രകാശിക്കട്ടെ!

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

കൂടുതല്‍ വാര്‍ത്തകള്‍ - സ്വാമിജിയെ അറിയുക