തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്രത്തില്‍ ആനയിടഞ്ഞു

February 12, 2013 കേരളം

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിക്ക് കൊണ്ടു വന്ന ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ആന ഇടഞ്ഞ് ഓടിയതോടെ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ആളുകള്‍ ഇറങ്ങിയോടി. ഇതുവഴി കടന്നുപോയ ഇരുചക്രവാഹനങ്ങളില്‍ നിന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട കിരണ്‍ ഗ്രൂപ്പിന്റെ കിരണ്‍ ഗണപതി എന്ന ആനയാണ് ഇന്നു രാവിലെ 8.30 ന് ഇടഞ്ഞോടിയത്. കുളിപ്പിക്കാനായി ക്ഷേത്രക്കുളത്തിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് ആന അനുസരണക്കേട് കാട്ടിയത്. ഇടഞ്ഞോടിയ ആന ക്ഷേത്രത്തിന്റെ പടിഞ്ഞാറേ വാതില്‍ വഴി അകത്തു പ്രവേശിച്ചു. ക്ഷേത്രത്തിന് ഒരു വലം വെച്ച് വടക്കേനടവഴി പുറത്തേക്കോടി. പിന്നീട് വൈക്കം-തൃപ്പൂണിത്തുറ റോഡിലേക്ക് കയറിയ ആന തൃപ്പൂണിത്തുറ ഭാഗത്തേക്ക് ഓടി. പാപ്പാന്മാരടക്കം അമ്പതോളം പേര്‍ ആനയെ പിന്തുടര്‍ന്നു. പൂത്തോട്ട പുതിയകാവ് എംഎല്‍എ റോഡിലേക്ക് ഓടിയ ആന 50 മീറ്ററോളം പിന്നിട്ടപ്പോഴേക്കും തളയ്ക്കുകയായിരുന്നു. തൃപ്പൂണിത്തുറ സി.ഐ സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സുരക്ഷാനടപടികള്‍ സ്വീകരിച്ചു. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം