കുണ്ഡല ദര്‍ശനം

February 12, 2013 സനാതനം

തിരുമാന്ധാംകുന്ന് ശിവകേശാദിപാദം (ഭാഗം-15)

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

കനകമയ കുണ്ഡലി കുണ്ഡലം മിന്നുന്ന
കവിളിണകള്‍ കര്‍ണ്ണങ്ങള്‍ രണ്ടും തൊഴുന്നേന്‍

lsസ്വര്‍ണ്ണവര്‍ണ്ണമായ പാമ്പുകളാണ് ശിവന്‍ കാതിലണിഞ്ഞിരിക്കുന്ന കുണ്ഡലങ്ങള്‍. അവയുടെ പ്രകാശം സമീപസ്ഥമായ കവിളുകളില്‍ തട്ടി പ്രതിഫലിക്കുന്നു. കാതുകള്‍ കേഴ്‌വിക്കുള്ള ഉപകരണമാണെന്നു പ്രസിദ്ധമാണ്. നാനാവിധമായ ശബ്ദങ്ങളാണ് മനുഷ്യര്‍ അനുനിമിഷം ശ്രവിച്ചുകൊണ്ടിരിക്കുന്നത്. തപസ്സിദ്ധനായ ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ചു സാധനചെയ്യുന്നവരൊഴികെയുള്ള ജനങ്ങള്‍ക്കു ഈ ശബ്ദങ്ങള്‍ സുഖാനുഭവത്തിനുവേണ്ടിയുള്ള ഉപകരണങ്ങള്‍ മാത്രമാണ്. മനസ്സിന്റെ ഏകാഗ്രതയും സന്തുലിതാവസ്ഥയും കെടുത്താന്‍ കാമഭാവഭരിതമായ പ്രസ്തുത ശബ്ദങ്ങള്‍ കാരണമായിത്തീരുന്നു. നാദത്തെ ഭൗതിക സുഖങ്ങള്‍ക്കായുപയോഗിക്കുന്നവര്‍ അനന്തമായി വ്യാപിച്ചുപോകുന്ന ശബ്ദബഹളത്തില്‍ മുങ്ങി സ്വയം നഷ്ടപ്പെടുത്തുന്നു. എന്നാല്‍ യോഗമാര്‍ഗ്ഗത്തില്‍ ചരിയ്ക്കുന്നവരാകട്ടെ ഇതേ നാദത്തെത്തന്നെ ആത്മസാക്ഷാത്കാരത്തിനുള്ള ഉപാധിയാക്കിമാറ്റുന്നു. നാനാമുഖമായ പ്രാപഞ്ചിക ശബ്ദങ്ങളെല്ലാം ലയിച്ചടങ്ങുന്ന ഒരു മേഖലയുണ്ട്. അതാണു നാദബ്രഹ്മം. അതില്‍ നിന്നാണ് വൈവിദ്ധ്യമാര്‍ന്ന നാദങ്ങളെല്ലാം ഉണ്ടായത്. സാധകനെ പ്രപഞ്ചത്തിന്റെ മൂലസ്രോതസ്സിലേക്ക് നയിക്കാനുതകുന്ന ഉപാധിയായിമാറുമ്പോള്‍ ലൗകികനാദങ്ങള്‍ മന്ത്രിശക്തി കൈവരിക്കുന്നു.

യാതൊന്നു കണ്ടതതു നാരായണപ്രതിമ
യാതൊന്നു കേട്ടതതു നാരായണസ്തുതികള്‍
യാതൊന്നു ചെയ്തതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെഹരി നാരായണായ നമഃ

എന്നു എഴുത്തച്ഛന്‍ വിവരിക്കുന്ന ഉദാത്തമായ മാനസികാവസ്ഥയാണത്. സകലമന്ത്രങ്ങളും ആദിമമായ ഓങ്കാരത്തിലെത്തിച്ചേരുന്നു. പ്രപഞ്ചശബ്ദങ്ങളെ ഇങ്ങനെ ആത്മഭാവത്തിലേക്കു ലയിപ്പിക്കുന്ന കര്‍ണ്ണങ്ങളാണു ശിവന്റേത്. സകല നാദങ്ങളും ലയിച്ചടങ്ങുന്ന പ്രണവമന്ത്രസ്വരൂപമായ കുണ്ഡലിനിക്ക് പാമ്പിന്റെ ആകൃതിയാണ്. അതിന്റെ വര്‍ണ്ണം ചുട്ടുപഴുപ്പിച്ച സ്വര്‍ണ്ണത്തിന്റേതുമാണ്. സ്വര്‍ണ്ണാഭമായ പാമ്പുകളെ ശിവന്‍ കാതിലണിഞ്ഞിരിക്കുന്നതിന്റെ താത്പര്യം ഇതാകുന്നു.

ശിവന്റെ കവിള്‍ത്തടങ്ങള്‍ ചൈതന്യപ്രകാശമാണെന്നും അതുകൊണ്ടുതന്നെ അരുണാഭമാണെന്നും പറഞ്ഞുകഴിഞ്ഞു. ആ കവിള്‍ത്തടങ്ങളില്‍ വിശിഷ്ടമായ ഈ കുണ്ഡലങ്ങള്‍ പ്രതിബിംബിക്കുമ്പോള്‍ കാന്തി അനേകമടങ്ങു വര്‍ദ്ധിക്കുന്നു. സാധകനെ സംബന്ധിച്ചിടത്തോളം പ്രപഞ്ച ശബ്ദങ്ങളെ ആത്മഭാവത്തിലേക്കു ലയിപ്പിക്കാനുള്ള ശേഷി നേടിക്കഴിഞ്ഞാല്‍ ഉള്ളിലിരിക്കുന്ന ഈശ്വരചൈതന്യം പ്രകാശിക്കുമെന്നും അതു മുഖത്തു പ്രകടമായിത്തീരുമെന്നുമുള്ള സൂചന കവിളില്‍ മിന്നുന്ന ഈ കുണ്ഡല പ്രഭ നല്‍കുന്നു. ഋഷിവര്യന്മാരുടെ മുഖത്തു പ്രകടമാകുന്ന തേജസ്സിനു കാരണമിതാണ്. അതു ശിരസ്സിനുചുറ്റും പ്രഭാവലയത്തെയും സൃഷ്ടിക്കുന്നു. പോരാത്തതിനു ശരീരത്തിനാകമാനവും അതു കാന്തിപകരും. രാമായണത്തില്‍ വര്‍ണ്ണിച്ചുകാണുന്ന ശ്രീരാമന്റെ ശ്രീഹനുമാന്റെയുമെല്ലാം അലൗകിക പ്രഭയ്ക്കാസ്പദം ഈ തപസിദ്ധിയാണ്. ശ്രീനീലകണ്ഠഗുരുപാദരുടെ സ്വര്‍ണ്ണവര്‍ണ്ണാഭമായ രൂപകാന്തിയെക്കുറിച്ചു പാദപൂജയില്‍ സ്വാമിതൃപ്പാദങ്ങള്‍ എഴുതിയിട്ടുള്ളത് ഇവിടെ സ്മരിക്കാം.

പര, പശ്യന്തി, മദ്ധ്യമ, വൈഖരി എന്നു നാലുവിധം ശബ്ദങ്ങളെക്കുറിച്ച് വ്യാകരണശാസ്ത്രജ്ഞന്മാര്‍ പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ പരയാണു യഥാര്‍ത്ഥത്തില്‍ ഉള്ളത്. അതു അനാദിയാണ്. അതുകൊണ്ടുതന്നെ അനന്തവുമാണ്. വേദാന്തികള്‍ ബ്രഹ്മമെന്നു വിളിക്കുന്നതും അതിനെയാകുന്നു. പ്രത്യക്ഷാനുഭവം നേടിയ യോഗികള്‍ക്കു മാത്രമേ അതിനെ മനസ്സിലാക്കാനാവൂ. അനുഭവം നേടുന്ന അവസരത്തില്‍ യോഗിയും പരയും രണ്ടല്ലാതായിത്തീരുന്നു.

അനാദിനിധനം ബ്രഹ്മ
ശബ്ദതത്ത്വം യദക്ഷരം
വിവര്‍ത്തതേfര്‍ത്ഥഭാവേന
പ്രക്രിയാ ജഗതോയതഃ

എന്ന് പരബ്രഹ്മസ്വരൂപമായ പരയെ വാക്യപദീയകാരന്‍ വിവരിച്ചിരിക്കുന്നു. പരയില്‍ നിന്നാണ് യഥാക്രമം പശ്യന്തിയും മദ്ധ്യമയും വൈഖരിയുമുണ്ടാകുന്നത്. മനുഷ്യന്‍ നാവുകൊണ്ട് ഉച്ചരിക്കുന്നതും കാതുകൊണ്ടുകേള്‍ക്കുന്നതും ആയ ശബ്ദമാണു വൈഖരി. അതു പരയില്‍നിന്നു പരമ്പരയാ ജനിച്ചതാണെന്ന കാര്യം സാധാരണയായി ആരും അറിയുന്നില്ല. പരവൈഖരിയായിത്തീരുന്നതിനുമുമ്പുള്ള ഘട്ടങ്ങളാണ് പശ്യന്തിയും മദ്ധ്യമയും. ഹൃദയത്തില്‍ അതായതു അനാഹതത്തില്‍ സ്ഥിതിചെയ്യുന്ന ശബ്ദമാണു മദ്ധ്യമ. അതിനും താഴെ നാഭിചക്രത്തിലാണു പശ്യന്തിയായ ശബ്ദത്തിന്റെ സ്ഥാനം. പരയെപ്പോലെ പശ്യന്തിയും യോഗികള്‍ക്കുമാത്രമേ അറിയാനാവൂ. അതില്‍ വര്‍ണ്ണവിന്യാസക്രമമില്ല. കാലം സ്പന്ദിച്ചുതുടങ്ങുന്ന തലത്തിനും അപ്പുറത്തുകുടികൊള്ളുന്ന ശബ്ദമാണ് പശ്യന്തി എന്നര്‍ത്ഥം. പര അതിലും സൂക്ഷ്മമാണെന്നു പറയേണ്ടതില്ലല്ലോ. പരയില്‍നിന്നു പരമ്പരയാ ജനിച്ചതാകകൊണ്ട് പരയിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗ്ഗമായി വൈഖരിയെ ഉപയോഗിക്കാം. മന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാനം അതാകുന്നു. ശിവന്റെ കര്‍ണ്ണാഭരണം പാമ്പായത്തിന്റെ തത്ത്വം ഇവിടെ വ്യക്തമാക്കുന്നുണ്ടല്ലോ. സ്വര്‍ണ്ണാഭമായ പാമ്പ് കുണ്ഡലിനി അഥവാ പരയാകുന്നു.

സ്ഥൂലം സൂക്ഷ്മം കാരണം എന്നു മൂന്നു ശരീരം ജീവജാലങ്ങള്‍ക്കുണ്ട്. മനുഷ്യനിലാണ് ഈ ശരീരങ്ങള്‍ പൂര്‍ണ്ണവികാസത്തിലെത്തി നില്ക്കുന്നത്. ഇതില്‍ സ്ഥൂലശരീരം പഞ്ചീകൃത പഞ്ചമഹാഭൂതങ്ങള്‍ കൊണ്ടു നിര്‍മ്മിതവും സുഖദുഃഖാദികള്‍ അനുഭവിക്കാനുള്ള വീടും (ഗുരുപാദരുടെ ഭാഷയില്‍ പറഞ്ഞാല്‍ കൂര) സത്കര്‍മ്മസിദ്ധവുമാകുന്നു.

*പഞ്ചീകൃത പഞ്ചമഹാഭൂതൈഃകൃതം സത്കര്‍മ്മ
ജന്യം സുഖദുഃഖാദി ഭോഗയതനം ശരീരം, അസ്തി
ജായതേ വര്‍ദ്ധതേ വിപരിണമതേ അപക്ഷീയതേ
വിനശ്യതീതി ഷഡ്വികാരവദേത് സ്ഥൂലശരീരം.
ശ്രീ ശങ്കരാചാര്യസ്വാമികള്‍, തത്ത്വബോധം

മനസ്സ്, ബുദ്ധി, പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ചകര്‍മ്മേന്ദ്രിയങ്ങള്‍, പഞ്ചപ്രാണന്മാര്‍ എന്നീ പതിനേഴുഘടകങ്ങള്‍ വിധേയമല്ല. എങ്കിലും അവ ഉണ്ടെന്നു എല്ലാപേര്‍ക്കും അനുഭവമുണ്ട്. യോഗികള്‍ക്ക് യോഗദൃഷ്ടികൊണ്ട് സൂക്ഷ്മശരീരം കാണാനാകും. മനുഷ്യന്റെ നട്ടെല്ലിന്റെ ഉള്ളില്‍ ഏറ്റവും താഴെ നിന്നാരംഭിച്ച് മുകള്‍ഭാഗംവരെ എത്തുന്ന സുഷുമ്‌നാകാണ്ഡവും അതിനുമുകളിലെ സഹസ്രദളപദ്മവും അതിന്റെ ഒത്തമുകളിലായുള്ള ബ്രഹ്മരന്ധ്രവും ചേര്‍ന്നതാണു സൂക്ഷ്മശരീരം. സുഷുമ്‌നാകാണ്ഡത്തില്‍ ആറ് ആധാരചക്രങ്ങളുണ്ട്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയാണ് പ്രസ്തുതചക്രങ്ങള്‍. മൂലാധാരംമുതല്‍ സഹസ്രാരംവരെ ഇഡ പിംഗള എന്നു രണ്ടു നാഡികളും ഇതിനോടനുബന്ധിച്ചുണ്ട്. ഈ സൂക്ഷ്മശരീരത്തില്‍ ഏറ്റവും താഴെയുള്ള മൂലാധാരചക്രത്തില്‍ ഈശ്വരശക്തി ഉറങ്ങുന്നപാമ്പിന്റെ ആകൃതിയാണ് അതിനു യോഗദൃഷ്ടിയില്‍ ലഭിക്കുന്നത് അതിന്റെ പേരാണു കുണ്ഡലിനി. അതിന്റെ അനന്തമായ ശക്തി വിശേഷങ്ങള്‍ ഉറക്കത്തിലാണ്. അതില്‍ നിന്നു ഒരല്പം ചൈതന്യം പിംഗളയിലൂടെ മുകളിലോട്ടും ഇഡയിലൂടെ താഴോട്ടും പ്രവഹിക്കുന്നതിനാലാണ് ശരീരം സജീവമായിരിക്കുന്നത്. ഈ കുണ്ഡലിനി സാധാരണപാമ്പല്ല. നാഗമാണ്. അതാണു ശിവന്‍ കാതിലണിഞ്ഞിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം