കേരളത്തിന്റെ പ്രതിനിധിയും എന്‍ഡോസള്‍ഫാന്‍ വിദഗ്‌ദ്ധ സമിതിയില്‍

November 11, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡസല്‍ഹി: എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച വിദഗ്‌ദ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തുമെന്ന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ്‌ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തിയ ശേഷം തന്നെ കാണാനെത്തിയ ഇടത്‌ എം.പിമാര്‍ക്കാണ്‌ ജയറാം രമേശ്‌ ഈ ഉറപ്പു നല്‍കിയത്‌. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെയാണ്‌ എന്‍ഡോസള്‍ഫാനെ കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ കേന്ദ്രം അഞ്ചംഗ വിദഗ്‌ദ്ധ സമിതി രൂപീകരിച്ചത്‌. എന്‍ഡോസള്‍ഫാനെ അനുകൂലിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയെന്ന ആരോപണ വിധേയനായ കാര്‍ഷിക ശാസ്‌ത്ര ഗവേഷണ കൗണ്‍സില്‍ മുന്‍ ചെയര്‍മാനും മുന്‍ കേന്ദ്ര കാര്‍ഷിക കമ്മിഷണറും ആയിരുന്ന ഡോ. സി.ഡി. മായി ആണ്‌ സമിതി അദ്ധ്യക്ഷന്‍.
പ്രമുഖ ജനിതക വിദഗ്‌ദ്ധന്‍ ഡോ. വൈ.പി. ഗുപ്‌ത, മുന്‍ കാര്‍ഷിക സംരക്ഷണ ഉപദേഷ്‌ടാവ്‌ ഡോ. പി.എസ്‌. ചന്ദ്രുര്‍ക്കര്‍, തൊഴില്‍ജന്യ രോഗ വിദഗ്‌ദ്ധന്‍ ഡോ. പി.കെ. നാഗ്‌, പ്‌ളാന്റ്‌ പ്രൊട്ടക്‌ഷന്‍, ക്വാറന്റൈന്‍ സര്‍വീസസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. ആര്‍.എം. ശുക്‌ള, ഡല്‍ഹിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ തലവന്‍ ഡോ. വി.ടി. ഗജ്‌ബിയെ എന്നിവരാണ്‌ സമിതിയിലുള്ളത്‌.
കാസര്‍കോട്ട്‌ സമിതി പഠനം നടത്തി കര്‍ഷകരുടെ അഭിപ്രായം തേടും. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം