മാവോയിസ്റ്റ് സാന്നിധ്യം: കമാന്‍ഡോ സംഘം തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

February 14, 2013 പ്രധാന വാര്‍ത്തകള്‍

മാനന്തവാടി: മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞ വയനാട്ടിലെ തിരുനെല്ലി കാടുകളില്‍ കേരള പോലീസിന്റെ കമാന്‍ഡോ സംഘം തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. വയനാട്-പാലക്കാട്, വയനാട്-കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തികളിലുള്ള പോലീസ് സ്റേഷനുകള്‍ ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ സാധ്യതയുണ്െടന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേരള പോലീസിന്റെ കീഴിലുള്ള പ്രത്യേക സേനാവിഭാഗമായ തണ്ടര്‍ ബോള്‍ട്ടാണ് വയനാട്ടിലെ വനമേഖലയില്‍ പരിശോധന നടത്തുന്നത്.

കഴിഞ്ഞ ദിവസം കേരള കര്‍ണാടക അതിര്‍ത്തിയിലെ തിരുനെല്ലി ബ്രഹ്മഗിരി മലയില്‍ കേരള, കര്‍ണാടക ഫോറസ്റ്റ്-പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. കേരള കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന തിരുനെല്ലി ബ്രഹ്മഗിരി മലയില്‍ നിന്നും കണ്ണൂര്‍, കൊട്ടിയൂര്‍ ഭാഗത്തേക്കും തിരുനെല്ലിയിലേക്കും കര്‍ണാടക ഭാഗത്തേക്കും രഹസ്യമായി കടന്നുപോകാന്‍ കഴിയുന്ന മേഖലയാണ്. മാവോയിസ്റുകള്‍ ഉണ്ട് എന്ന സൂചനയെത്തുര്‍ന്ന് ബുധനാഴ്ച തിരുനെല്ലി പോലീസ് സ്റ്റേഷനില്‍ ജില്ലാ പോലീസ് സൂപ്രണ്ട് എ.വി. ജോര്‍ജ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി മോഹനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരീക്ഷണം നടത്തിയിരുന്നു. കര്‍ണാടക വഴി വയനാട്ടിലേക്ക് കടന്ന മാവോയിസ്റ്റുകള്‍ ഈ മാസം 18, 19 തിയതികളില്‍ തിരുനെല്ലി പോലീസ് സ്റ്റേഷനോ, പുല്പള്ളി പോലീസ് സ്റ്റേഷനോ ആക്രമിക്കാന്‍ സാധ്യതയുണ്െടന്നാണ് പോലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം ഇരിട്ടിയിലെ പെരിങ്ങലത്ത് മാവോയിസ്റ്റ് സാന്നിധ്യം കണ്െടത്തിയിരുന്നു.

ഭീകരവാദികളെ തിരിച്ചറിയാന്‍ പ്രത്യേകം പരിശീലനം ലഭിച്ച 60 പേരടങ്ങുന്ന സംഘം ബുധനാഴ്ച രാത്രി കല്പറ്റ എആര്‍ ക്യാമ്പിലെത്തിയിരുന്നു. സംഘം ഇന്ന് രാവിലെ എസ്പിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വനത്തില്‍ തിരച്ചില്‍ നടത്താന്‍ തുടങ്ങിയത്. മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് കാട്ടിക്കുളം എയ്ഡ്പോസ്റ്റിലും തിരുനെല്ലി പോലീസ് സ്റ്റേഷനിലും പുല്പള്ളി പോലീസ് സ്റ്റേഷനിലും കല്പറ്റ എആര്‍ ക്യാമ്പിലെ പ്രത്യേക സംഘം സുരക്ഷ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പരിചയമില്ലാത്തവരെ കണ്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. മാവോയിസ്റ്റ് സാന്നിധ്യം കണ്െടത്തിയ കോളനികളില്‍ ബോധവത്കരണത്തോടെയാണ് സുരക്ഷാസംഘം പ്രവര്‍ത്തനം ആരംഭിച്ചത്. വയനാട്ടില്‍ സംസ്ഥാനാതിര്‍ത്തിയില്‍ മാവോയിസ്റുകള്‍ക്കെന്ന തരത്തില്‍ ഏക്രകണക്കിന് ഭൂമി വാങ്ങിക്കൂട്ടിയതും പോലീസ് നിരീക്ഷിക്കുന്നുണ്ട്. അതിനിടയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുടെ നീക്കവും പോലീസ് നിരീക്ഷിക്കുന്നുണ്ട്. മാവോയിസ്റ്റുകള്‍ കൂടുതലായുള്ള സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപേരാണ് തൊഴിലിനെന്ന പേരില്‍ കേരളത്തിലെത്തിയിരിക്കുന്നത്. ഇവരെല്ലാവരും പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍