പഞ്ചായത്തുകളുടെ അധികാരം നിശ്ചയിക്കാന്‍ ഭരണഘടനാഭേദഗതി വേണം: തിരഞ്ഞെടുപ്പ് കമ്മീഷണര്‍

February 14, 2013 കേരളം

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുളളപോലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരം നിശ്ചയിക്കാന്‍, ഭരണഘടനാ ഭേദഗതി വേണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് രാജ് സംവിധാനം ശക്തിപ്പെടുത്താനുളള നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ മണിശങ്കര്‍ അയ്യര്‍ അദ്ധ്യക്ഷനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമതിയ്ക്ക് മുന്‍പാകെയാണ് കമ്മീഷണര്‍ ഈ നിര്‍ദ്ദേശം ഉന്നയിച്ചത്.

മിക്ക സംസ്ഥാനങ്ങളിലും പഞ്ചായത്തുകള്‍ കേവലം പ്രാദേശിക അതോറിറ്റികള്‍ മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടനാപരമായി അധികാരം വിഭജിച്ചു നല്‍കിയ മാതൃകയില്‍ പഞ്ചായത്തുകളുടെ പ്രവര്‍ത്തനപരിധി അധികാരം എന്നിവ നിശ്ചയിച്ചു നല്‍കണം. കേരളത്തിലെ മാതൃകയില്‍ ഗ്രാമസഭകളുടെ അധികാരങ്ങളും ചുമതലകളും നശ്ചയിച്ച് രാജ്യമൊട്ടാകെ ഏകീകൃത നിയമം കൊണ്ടുവരണം. ലോകസഭ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കും പ്രാദേശിക തിരഞ്ഞെടുപ്പിനും പൊതു വോട്ടര്‍പട്ടിക ഉപയോഗിക്കുന്നതിനുളള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കണം.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മള്‍ട്ടി പോസ്റ് വോട്ടിങ് യന്ത്രങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രം മുന്‍കൈ എടുക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

കമ്മീഷന്‍ അംഗങ്ങളായ റ്റി.എം. തോമസ് ഐസക് എം.എല്‍.എ, ഡോ. എം.വി.റാവൂ, നിര്‍മ്മല ബുച്ച്, എം.എന്‍.റോയ്, ജോ മറിയത്ത്, ഫിലിപ്പോസ് തോമസ് സംസ്ഥാന ആസൂത്രണ സമിതി അംഗം സി.പി.ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം