സൂര്യനെല്ലി കേസിലെ മൂന്നാം പ്രതി ധര്‍മരാജന്‍ അറസ്റ്റില്‍

February 15, 2013 പ്രധാന വാര്‍ത്തകള്‍

dharmarajanബംഗളൂരു: സൂര്യനെല്ലി കേസിലെ മൂന്നാം പ്രതി ധര്‍മരാജന്‍ അറസ്റ്റില്‍. കോട്ടയത്തു നിന്നുള്ള പോലീസ് സംഘമാണ് ധര്‍മരാജനെ പിടികൂടിയത്. കോട്ടയം എസ്പി ഇക്കാര്യം സ്ഥിരീകരിച്ചു. കര്‍ണാടകയിലെ സാഗറില്‍ നിന്നാണ് ധര്‍മരാജനെ പിടികൂടിയത്. ഇയാളെ കോട്ടയത്തേക്ക് കൊണ്ടുവരും.

കേസില്‍ ശിക്ഷിക്കപ്പെട്ട ഏകപ്രതിയായ ധര്‍മരാജന്‍ പരോളില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പി ജെ കുര്യന് സൂര്യനെല്ലി കേസില്‍ പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ചാനലില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ കോടതിയില്‍ കീഴടങ്ങുമെന്നും ധര്‍മരാജന്‍ പറഞ്ഞിരുന്നു. എന്നാല്‍ കീഴടങ്ങാന്‍ അനുവദിക്കാതെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് കര്‍ണാടകയിലേക്ക് അയച്ചു. ഈ സംഘമാണ് ധര്‍മരാജനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മൂന്ന് ദിവസമായി ധര്‍മരാജനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ വേഷപ്രച്ഛന്നനായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. അതേസമയം നാട്ടിലെ സുഹൃത്തുക്കളെ ഫോണിലൂടെ ഇയാള്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ധര്‍മരാജനെ പിടികൂടിയത്. ഉച്ചയ്ക്ക് 12.30ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍