സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യത്തിന് സ്ഥിരീകരണമില്ലെന്ന് മുഖ്യമന്ത്രി

February 16, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യത്തിന് സ്ഥിരീകരണമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം സംസ്ഥാനത്ത് മാവോയിസ്റ്റ് വേട്ടയ്ക്ക് പ്രത്യേക ദൗത്യസേന രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം, ഇന്റലിജന്‍സ് എഡിജിപി ടി.പി സെന്‍കുമാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കേരള കര്‍ണാടക സംസ്ഥാനങ്ങളിലെ പോലീസ് സേനകളുടെ ഇന്നത്തെ തിരച്ചില്‍ ഏകോപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സിആര്‍പിഎഫിന്റെ കോബ്ര മാതൃകയിലായിരിക്കും ദൗത്യസേന രൂപീകരിക്കുക. അടിയന്തര നടപടിയെന്ന നിലയില്‍ കണ്ണൂരിലെയും വയനാട്ടിലെയും പോലീസ് സ്‌റ്റേഷനുകള്‍ക്ക് സുരക്ഷ ശക്തമാക്കും. നക്‌സല്‍ വര്‍ഗീസ് രക്തസാക്ഷിദിനത്തിന്റെയും മുത്തങ്ങ രക്തസാക്ഷിദിനത്തിന്റെയും പശ്ചാത്തലത്തില്‍ ഫെബ്രുവരി 18, 19 തിയ്യതികളില്‍ അതീവ ജാഗ്രത പാലിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം