ഭക്തര്‍ക്കു സായുജ്യമായി ചെട്ടികുളങ്ങര കുംഭഭരണി

February 17, 2013 കേരളം

മാവേലിക്കര: വര്‍ണവര്‍ഷത്തില്‍ നിറഞ്ഞു ഭക്തര്‍ക്കു സായൂജ്യം പകര്‍ന്നു ചെട്ടികുളങ്ങര കുംഭഭരണി സമാപിച്ചു. ഭക്തജനലക്ഷങ്ങളാണ് ദേവീപ്രസാദത്തിനായി ചെട്ടികുളങ്ങര ദേവീക്ഷേത്ര സന്നിധിയിലെത്തിയത്. ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടു 13 കരക്കാര്‍ ഒരുക്കുന്ന കെട്ടുകാഴ്ചകളാണു കുംഭഭരണിയുടെ മാറ്റുകൂട്ടുന്നത്. കുത്തിയോട്ടപ്പാട്ട് ആര്‍പ്പുവിളി, കരകം, കാവടി, മുത്തുക്കുട, പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയോടെ ആഘോഷപൂര്‍വമാണ് 13 കരക്കാര്‍ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലെത്തിച്ചത്. തുടര്‍ന്നു മുറയനുസരിച്ചു ക്ഷേത്ര നടയിലെത്തി ദേവിയെ വണങ്ങിയശേഷം കെട്ടുകാഴ്ചകളൊന്നൊന്നായി ക്ഷേത്രത്തിനു മുമ്പിലുള്ള കളിക്കണ്ടത്തില്‍ അണിനിരന്നു. പുലര്‍ച്ചെ മൂന്നോടെ ഓരോ കെട്ടുകാഴ്ചയ്ക്കും മുമ്പിലേക്കു ദേവിയെ എഴുന്നള്ളിച്ചു.

പ്രഭാതത്തില്‍ത്തന്നെ കുത്തിയോട്ട സംഘങ്ങളുടെ ക്ഷേത്രത്തിലേക്കുള്ള പ്രവാഹം ആരംഭിച്ചിരുന്നു. കുത്തിയോട്ട വഴിപാടു നടത്തുന്ന വീട്ടുകാര്‍ ഒരാഴ്ച മുമ്പുമുതല്‍ രേവതി നാള്‍ വരെയുള്ള ദിവസങ്ങളില്‍ സന്ധ്യക്കുശേഷം പരിചയസമ്പന്നരായ ആശാന്മാരെക്കൊണ്ട് കുത്തിയോട്ടച്ചുവട് പരിശീലിപ്പിച്ചു ചൂരല്‍മുറിഞ്ഞ ബാലന്‍മാരെ ആഘോഷപൂര്‍വമാണ് രാവിലെ ക്ഷേത്രത്തിലെത്തിച്ചത്.

കുത്തിയോട്ടപ്പാട്ട്, മുത്തുക്കുട, താലപ്പൊലി, ആര്‍പ്പുവിളി, പഞ്ചവാദ്യം, നാദസ്വരമേളം എന്നിവയുടെ അകമ്പടിയോടെ കുത്തിയോട്ടബാലന്മാരെ ക്ഷേത്രത്തിലേക്കാനയിച്ചു. ക്ഷേത്രത്തിലെത്തിയ ബാലന്മാര്‍ ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം ദേവീനടയിലെത്തി ചുവടുകള്‍ ചവിട്ടി ചൂരല്‍മുറിഞ്ഞ നൂല്‍ ഊരി ദക്ഷിണയോടൊപ്പം ദേവിക്കു സമര്‍പ്പിച്ചതോടെ ചടങ്ങുകള്‍ അവസാനിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം