ഒരു ബ്രഹ്മചാരിയുടെ ഓര്‍മ്മക്കുറിപ്പ്

February 18, 2013 സ്വാമിജിയെ അറിയുക

ബ്രഹ്മചാരി മധു

ജന്‍മം കൊണ്ട് സ്വാമിജിയുടെ സഹോദരീപുത്രനായ ഈയുള്ളവന്‍ ഒരു നിത്യ ആശ്രമ സന്ദര്‍ശകനായിരുന്നില്ല. വല്ലപ്പോഴും അദ്ദേഹത്തെ കാണണമെന്ന് തോന്നുമ്പോള്‍ മാത്രമാണ് ആശ്രമം സന്ദര്‍ശിച്ചിരുന്നത്. അങ്ങനെയുള്ള ഒരവസരത്തില്‍ ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ കാണാന്‍ എത്തിയപ്പോള്‍ പതിവുപോലെ ഭസ്മം നല്‍കുകയും അതിനോടൊപ്പം ഒരു പേപ്പര്‍ എടുത്തു നീട്ടുകയും ചെയ്തു. ആശ്രമത്തില്‍ അച്ചടിച്ച മഹാസുദര്‍ശന മന്ത്രത്തിന്റെ കോപ്പി ആയിരുന്നു അത്. അതെന്താണെന്ന് മനസ്സിലാവാതെ നിന്ന എന്നോട് അത് വാങ്ങാന്‍ പറയുകയും മന്ത്രം പഠിച്ചാല്‍ മാത്രംപോരാ ഉടനെത്തന്നെ ആശ്രമത്തില്‍ നടക്കാന്‍ പോകുന്ന ആഹോരാത്രം മഹാസുദര്‍ശന യജ്ഞത്തില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. അന്ധാളിച്ചു നിന്ന എന്നോട് വീട്ടില്‍ പോകാന്‍ പറയുകയും ചെയ്തു. അതാണ് എന്നെ ആശ്രമത്തിലെ നിത്യസന്ദര്‍ശകനാക്കാനുള്ള ഹേതു. ഉദ്ദേശം 10 മാസത്തോളം തുടര്‍ച്ചയായി നടന്ന ആ മഹാഹോമത്തില്‍ മുടക്കം വരാതെ വളരെ നിഷ്‌ക്കര്‍ഷയോടെ പങ്കെടുക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അന്ന് അദ്ദേഹം നല്‍കിയ പ്രോത്സാഹനം മാത്രമാണ് എന്നെ ആശ്രമത്തില്‍ പിടിച്ചുനിര്‍ത്തിയത്. അദ്ദേഹത്തെ സര്‍വ്വാത്മനാ ആശ്രയിക്കുന്നതിലൂടെയും ആശ്രയിച്ചതിലൂടെയും ജീവന് ലഭിച്ച പ്രത്യേക അനുഭൂതി ആശ്രമജീവിതം നയിക്കുന്നതിലേക്ക് എന്നെ പ്രേരിപ്പിക്കുകയാണ് ചെയ്തത്. വിദ്യാഭ്യാസം മതിയാക്കി പൂര്‍ണ്ണമായി ആശ്രമത്തില്‍ നിന്നുകൊള്ളട്ടെ എന്നപേക്ഷിച്ചപ്പോള്‍, ലോകസംഗ്രഹാര്‍ത്ഥം പ്രവര്‍ത്തിക്കാന്‍ സന്യാസിക്ക് വിദ്യാഭ്യാസം ആവശ്യമാണെന്ന് പറഞ്ഞുറപ്പിക്കുകയാണ് ചെയ്തത്.

swami1ഹോമസമയത്ത് അദ്ദേഹവുമായി അടുത്തിടപഴകിയ സമയം മുതല്‍ ഇന്നുവരെ സഹോദരീപുത്രന്‍ എന്ന ദുഃസ്വാതന്ത്ര്യം എനിക്ക് നല്‍കിയിട്ടേയില്ല. എല്ലാവരേയും ഒരേ കണ്ണിലൂടെയും ഒരേ സ്‌നേഹവായ്‌പ്പോടും വീക്ഷിച്ച് സ്വീകരിച്ച അദ്ദേഹം എല്ലാവരോടും ഒപ്പം എന്നേയും കൂട്ടുകയാണ് ചെയ്തത്. ആ ജീവിതത്തില്‍ എന്നും പുലര്‍ത്തിയിരുന്ന സമത്വദര്‍ശനം അദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷകനാക്കി മാറ്റി. പലപ്പോഴും അദ്ദേഹത്തിന്റെ വായുടേയും കൈയ്യുടേയും കയ്പ്പും ചൂടും അറിയേണ്ടി വന്നിട്ടുമുണ്ട്. രക്തബന്ധങ്ങള്‍ക്കതീതമായ ഗുരുവിന്റെ വാത്സല്യത്താല്‍ ആനന്ദിക്കുവാനുള്ള വളരെയധികം അവസരങ്ങള്‍ കനിഞ്ഞുനല്‍കിയിട്ടുമുണ്ട്. എന്നോടുതോന്നുന്ന കാരുണ്യത്തിന് ഹേതു ശരീരബന്ധമാണോ എന്ന എന്റെ സംശയത്തിന് ഗുരുവിന്റെ കര്‍മ്മമാണ് എന്റെ മുന്നിലുള്ളത് എന്നാണ് മറുപടി പറഞ്ഞത്. സത്യവും ധര്‍മ്മവും ഓര്‍ത്തുപ്രവര്‍ത്തിക്കുവാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ഞാന്‍ പിണങ്ങും എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആ വാക്കുകള്‍ അതേ ആവേശത്തോടെ ജീവിതാവസാനം വരെ കാത്തുസൂക്ഷിക്കുവാന്‍ ആ കാരുണ്യമല്ലാതെ മറ്റൊന്നും തന്നെ സഹായകമല്ല. M.Sc Physics ന് പഠിക്കാന്‍ വീട്ടിലേക്ക് പോയിരുന്ന എന്നെ വീണ്ടും ആശ്രമത്തിലേക്ക് വിളിച്ചുവരുത്തി ആരാധനാ സുകൃതം ഏല്‍പ്പിക്കുമ്പോള്‍ ഇത്രയും പെട്ടെന്ന് ഞങ്ങളെവിട്ട് അദ്ദേഹം പ്രകൃതിയില്‍ ലയിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ആശ്രമശരീരത്തിലെ ജീവനായ ആരാധന ചെയ്യുന്നതിനുള്ള എന്റെ അര്‍ഹതയെപ്പറ്റി ഒരു നിമിഷം ചിന്തിച്ചപ്പോള്‍ Do the bets എന്നാണ് അദ്ദേഹം അനുഗ്രഹിച്ചറിയിച്ചത്. ആ പറഞ്ഞ വാക്കുകള്‍ ആ പ്രസരിപ്പോടെ ശിരസ്സാവഹിക്കുവാനും ജീവിതത്തില്‍ പകര്‍ത്തുവാനും ഉള്ള ശക്തിക്കുവേണ്ടി പരിപൂര്‍ണ്ണമായ സമര്‍പ്പണത്തോടെ ഉള്ളുതുറന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് ഇന്ന് മുന്നിലുള്ള ഏക പോംവഴി. അദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്കനുസരണമായി വളരുവാനോ പ്രവര്‍ത്തിക്കുവാനോ സാധിച്ചിട്ടില്ല എന്നുള്ളത് നീറുന്ന നൊമ്പരമായി അവശേഷിക്കുന്നു. ചെയ്യേണ്ടത് ചെയ്യാന്‍ ശക്തി പകരണമെന്ന സങ്കല്പ്പമേ മുന്നിലുള്ളൂ. ടാഗോറിന്റെ ഗീതാഞ്ജലിയില്‍ പൂമൊട്ടിന്റെ പ്രാര്‍ത്ഥനപോലെ ക്ഷോഭങ്ങളില്‍പ്പെട്ട് വാടിക്കരിഞ്ഞ് വളര്‍ച്ചമുറ്റി ഞെട്ടറ്റ് ഭൂമിയില്‍ പതിക്കുന്നതിനുമുമ്പ് ഇറുത്ത് ഭഗവത്പാദത്തില്‍ ചേര്‍ക്കപ്പെട്ടുവെങ്കില്‍.

ജീവിതത്തില്‍ ശ്രദ്ധയുടെയും വിദ്യാഭ്യാസത്തിന്റെയും ആവശ്യകതയെപ്പറ്റി എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉടനീളം പ്രകാശിപ്പിച്ചിരുന്ന ശ്രദ്ധയുടെ ഒരംശംപോലും സാധാരണക്കാര്‍ക്ക് പകര്‍ത്തുവാന്‍ സാധിക്കില്ല. എന്നത് ദുഃഖകരമായ സത്യമാണ്.  ആദ്യമായി എനിക്കദ്ദേഹം നല്‍കിയ ശ്രദ്ധയുടെ പാഠം ഇവിടെ ചേര്‍ത്തുകൊള്ളട്ടെ.

അന്ന് പതിവായി മീറ്റിംഗുകള്‍ക്കായി യാത്ര ചെയ്തിരുന്ന അദ്ദേഹത്തിന്റെ സാധനങ്ങള്‍ പായ്ക്ക് ചെയ്യുക എന്നത് എന്റെ ജോലിയായിരുന്നു. അങ്ങനെ യാത്രയ്ക്കിറങ്ങിയ സമയത്ത് കൊണ്ടുപോകാന്‍ എടുത്തുവച്ചിരുന്ന ഗ്ലാസില്‍ തന്നെ കുടിക്കുവാനുള്ള വെള്ളം അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളം എടുത്തുവച്ച ഉടന്‍തന്നെ മുകളില്‍പ്പോയി അദ്ദേഹത്തിന്റെ bed-room കതകുകള്‍ അടയ്ക്കാനും നിര്‍ദ്ദേശിച്ചു. അതു നിര്‍വ്വഹിച്ച് തിരിച്ചുവന്ന ഞാന്‍ കണ്ടത് അദ്ദേഹം കാറില്‍ കയറാന്‍ തയ്യാറായി നില്‍ക്കുന്നതാണ്. സന്തോഷത്തോടെ അദ്ദേഹത്തെ യാത്രയാക്കി. കുറച്ച് കഴിഞ്ഞപ്പോള്‍ മാത്രമാണ് ഗ്ലാസിന്റെ കാര്യം ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തത്. ജീവതത്തില്‍ ആദ്യമായി ഹൃദയത്തില്‍ വെള്ളിടി വെട്ടുന്നത് എങ്ങനെയെന്ന് അനുഭവിച്ചറിഞ്ഞതാണ്, ആ സന്ദര്‍ഭം ഓര്‍ക്കാന്‍ കൂടുതല്‍ പ്രേരകമാകുന്നത്. ഡ്രൈവറില്‍ നിന്നും പിന്നീട് അറിയാന്‍ കഴിഞ്ഞത് ആ യാത്രയിലുടനീളം വെള്ളം കുടിക്കാതെ ആഹാരംമാത്രം കഴിച്ചുകൂട്ടി എന്നുള്ളതാണ്. അങ്ങനെ അദ്ദേഹം വെള്ളം കുടിക്കാതെ കഴിഞ്ഞ ഓരോ നിമിഷവും എന്റെ മനസ്സ് നരകയാതന അനുഭവിക്കുകയായിരുന്നു. എന്നുള്ളത് പരാമര്‍ശിക്കേണ്ട ആവശ്യം ഇല്ലല്ലോ? അദ്ദേഹം തിരിച്ചു വന്നപ്പോള്‍ മുന്‍പില്‍ ചെല്ലാന്‍ മടിച്ചുനിന്ന എന്നെ വിളിച്ച് സ്‌നേഹപൂര്‍വ്വം മറ്റു പലകാര്യങ്ങളും പറഞ്ഞതല്ലാതെ ഗ്ലാസിനെപ്പറ്റി ഒന്നും പരാമര്‍ശിക്കാത്തത് എന്റെ ഹൃദയവേദനകൂട്ടുകയാണ് ചെയ്തത്. അങ്ങനെ സ്വയം ശിക്ഷിച്ചും സഹിച്ചും സജ്ജനങ്ങളെ ഉയര്‍ത്തുവാന്‍ ശ്രമിച്ച ആ മഹാനുഭാവന്റെ ജീവിതത്തില്‍ സുകൃതികള്‍ തന്നെ. വളരെയധികം ശരീരപീഡയോടെ കഴിഞ്ഞിരുന്നപ്പോഴും സുസ്‌മേരവദനനായി സന്തോഷത്തോടെ മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് മാത്രമാണ് കണ്ടിട്ടുള്ളത്. എന്ന് അദ്ദേഹത്തിന് സുഖമില്ല എന്നു നമ്മള്‍ വിചാരിക്കുന്നുവോ അന്ന് നമ്മുടെ പ്രാരബ്ധ കര്‍മ്മങ്ങളെ സ്വശരീരത്തിലൂടെ കരിച്ചു കളയുവാന്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. വീണുകിടക്കുന്ന സമയത്തുപോലും തന്റെ കര്‍മം ചെയ്യുന്നതില്‍ പാലിക്കേണ്ട സത്യസന്ധതയും നിഷ്‌ക്കര്‍ഷയും സ്വശിഷ്യരെ പഠിപ്പിക്കുന്നതിനുവേണ്ടിയാവും അദ്ദേഹം അങ്ങനെ പ്രവര്‍ത്തിച്ചിരുന്നത്. എന്നത് വളരെ ആഴത്തില്‍ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു.

ഗുരുവിനെ അറിയുക മാത്രമാണ് ആത്മാവിനെ അറിയാനുള്ള എളുപ്പ മാര്‍ഗ്ഗം എന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു. ആശ്രമത്തിരക്കുകള്‍ മൂലം സാധനാനുഷ്ഠാനങ്ങള്‍ മുടങ്ങുന്നു എന്ന് പരാതിപ്പെട്ടിരുന്ന പലരോടും അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചത്, നിങ്ങള്‍ ജന്മങ്ങള്‍ കുത്തിയിരുന്ന് ചെയ്യുന്ന സാധനയുടെ ഫലം തരാന്‍ എനിക്ക് കൈ ഞൊടിക്കുന്ന സമയം മാത്രം മതി എന്നാണ്. അത്രത്തോളം താഴേക്കിറങ്ങി വന്ന് നമ്മോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം ആരാണെന്നും എന്താണെന്നും മനസ്സിലാക്കാനാവാതെ പോയത് നമ്മുടെ കര്‍മ്മദോഷം തന്നെ. അദ്ദേഹം ഇല്ലാത്ത ഒരവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ച എനിക്ക് മറുപടി പറഞ്ഞത് ഞാന്‍ എവിടെ പോകാന്‍ എന്നാണ്. സ്ഥൂലശരീരത്തില്‍ വര്‍ത്തിച്ചുകൊണ്ട് സര്‍വ്വലോകങ്ങളിലും വ്യാപരിച്ചു നിന്ന അദ്ദേഹത്തിന് പോകുവാന്‍ മറ്റൊരിടം ഇല്ലതന്നെ. ഗുരു ശരീരത്തിന്റെ വ്യാപ്തി ശിഷ്യന്റെ സങ്കല്‍പ്പത്തിനനുസരിച്ചാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ ജീവിതത്തില്‍ ഒരു ഭാഗമായെങ്കില്‍ അത് പൂര്‍വ്വപുണ്യം കൊണ്ടുമാത്രം. ഒരു പ്രാവശ്യമെങ്കിലും ആ കൈകളില്‍ നിന്ന് വിഭൂതി സ്വീകരിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ളവര്‍ തീര്‍ച്ചയായും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സ്‌നേഹവായ്പ്പിനുമുമ്പില്‍ നമ്രശിരസ്‌ക്കരായിനിന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക മാത്രം ചെയ്യാതെ അദ്ദേഹം കാട്ടിത്തന്ന പാതയിലൂടെ സഞ്ചരിച്ച് അദ്ദേഹം പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിച്ചതും എന്നാല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതുമായ കര്‍മ്മപദ്ധതികളില്‍ തോളോടുതോള്‍ ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ച് സാക്ഷാത്ക്കരിക്കുകയാണ് വേണ്ടത്. അപ്പോള്‍ മാത്രമാണ് അദ്ദേഹത്തോടുള്ള കടപ്പാടും ശ്രദ്ധാഞ്ജലിയും പൂര്‍ത്തീകരിക്കപ്പെടുന്നതും അതിന് ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

 

കൂടുതല്‍ വാര്‍ത്തകള്‍ - സ്വാമിജിയെ അറിയുക