ആനന്ദലഹരി

February 17, 2013 ഉത്തിഷ്ഠത ജാഗ്രത

സത്യാനന്ദപ്രകാശം-6   (ഹനുമത്പ്രഭാവനായ സ്വാമി വിവേകാനന്ദന്‍)
ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍
ഹിമാലയ ദുര്‍ഗ്ഗമമായ ഗുഹാതലങ്ങളില്‍ ആയിരത്താണ്ടുകളായി കഠിനതപസ്സനുഷ്ഠിക്കുന്ന ഋഷിവര്യന്മാരുടെ അദ്ധ്യാത്മശക്തിയായിരുന്നു ശ്രീരാമകൃഷ്ണദേവനിലൂടെ ഉദ്ഭവംകൊണ്ട് സ്വാമി വിവേകാനന്ദനിലൂടെ ശ്രോതാക്കളെ സമാവേശിച്ചത്. അതിന്റെ വശ്യശക്തി പ്രചണ്ഡമാണ്. ആര്‍ക്കും ചെറുത്തുനില്ക്കാനാവാത്തവിധം സ്‌നേഹമസൃണം. പൂര്‍വജന്മാര്‍ജ്ജിതമായ സുകൃതം കൊണ്ട് ഒരിക്കലെങ്കിലും അതു അനുഭവിക്കാനിടയായാല്‍ ആസന്നസാഗരയായ മഹാനദികളെപ്പോലെ ആ തിരുസവിധത്തിലേക്ക് ഓടിയെത്താന്‍ ആരും വെമ്പല്‍കൊള്ളും.  അതാണു ആര്‍ഷവാണിയുടെ സവിശേഷത. സമര്‍ത്ഥമായി ഭാഷ പ്രയോഗിപ്പാനും പ്രസംഗിച്ചു പ്രശംസ നേടാനും മികവുറ്റവര്‍ പലരുണ്ട്. സ്വാമി വിവേകാനന്ദന്‍ പ്രസംഗിക്കുന്നതിനു മുമ്പ് സംസാരിച്ചവരാരും മോശക്കാരായിരുന്നില്ല. അവരുടെ പ്രാവിണ്യം അന്നത്തെ സജ്ജനസദസ്സ് അംഗീകരിച്ചിട്ടുള്ളതുമാണ്. പക്ഷേ അമേരിക്കയിലെ സഹോദരീസഹോദരന്മാരേ എന്ന സംബോധനയ്ക്കു പകരംവയ്ക്കാന്‍ വേറൊന്നുമുണ്ടായിരുന്നില്ല. തുടര്‍ന്നു സ്വാമി ചെയ്ത ലഘു പ്രസംഗത്തിനു സമാനമായും വേറൊന്നുണ്ടായി.

swa-vv-sliderദിവ്യലോകങ്ങളില്‍നിന്ന് ഇറങ്ങിവരുന്ന ആനന്ദൈകഘനമായ ഈ ദൃശ മധുരവാണി ഋഷിമാര്‍ക്കു മാത്രമേ സിദ്ധിക്കൂ. ഭാഷാ ശാസ്ത്രപ്രസിദ്ധമായ പ്രയോഗ വിശേഷങ്ങള്‍ക്കും വൈവിദ്ധ്യവൈചിത്ര്യങ്ങളാര്‍ന്ന അര്‍ത്ഥമണ്ഡലങ്ങള്‍ക്കും പ്രസംഗകലയുടെ സൗന്ദര്യസങ്കല്പങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെടുന്ന മണ്ഡലമാണത്. അവിടെ വാക്കുകള്‍ ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കു ഒഴുകിയെത്തുന്നു. ഋഷിസംസാരിക്കുന്നതു തന്നോടാണെന്നു ആര്‍ക്കും തോന്നിപ്പോകുന്ന ആകര്‍ഷണം. പ്രസംഗകനും ശ്രോതാവും തമ്മിലുള്ള അന്തരം എങ്ങോ പോയ് മറഞ്ഞ പ്രതീതി. ഉള്ളിന്റെ ഉള്ളില്‍ അന്നോണം മറന്നുകിടന്ന എന്തോ പ്രിയപ്പെട്ട ഒന്ന് ഉണര്‍ന്നു ബോധമണ്ഡലത്തെ തരംഗിതമാക്കുന്ന അനിര്‍വചനീയാനുഭവം. സഭാഗൃഹത്തിലേക്കു രാവിലെ പ്രവേശിക്കുന്നതു മുതല്‍ അത്രനേരവും ശ്രോതാക്കള്‍ ശ്രദ്ധാപൂര്‍വ്വം ദീക്ഷിച്ചുപോന്ന പട്ടാളച്ചിട്ട നിമിഷമാത്രം കൊണ്ടു എങ്ങോ പോയ് അസ്തമിക്കുന്നു. കാതടപ്പിക്കുന്ന കരഘോഷവും ആനന്ദനൃത്തവും കൊണ്ടു സമുദ്രംപോലെ ആ മഹാസദസ്സ് ഇളകിമറിയുന്നു. ഭൗതികജഗത്തിലെ ആചാരങ്ങള്‍ക്കും ചിട്ടകള്‍ക്കുമൊന്നും നിയന്ത്രിക്കാനാവാത്ത അവസ്ഥ. അവരെല്ലാം ആദ്ധ്യാത്മികാനുഭൂതിയുടെ നിയന്ത്രണങ്ങളില്ലാത്ത നിയന്ത്രണത്തിലായിരുന്നു. സത്യശിവ സൗന്ദര്യങ്ങളുടെ അനുഭൂതി വിശേഷമായിരുന്നു അത്.

കിഴക്കുദിച്ച വിവേകസൂര്യന്‍ പ്രപഞ്ചമനസ്സിന്റെ ചക്രവാളസീമകളില്‍ പൊന്നൊളിചൊരിഞ്ഞ പുണ്യദിനമായിരുന്നു 1893 സെപ്തംബര്‍ 11. മാനവചിന്താപദ്ധതി സമത്വസുന്ദരമായ പുത്തന്‍ ദിശയിലേക്കു പ്രവേശിക്കുന്ന യുഗപരിവര്‍ത്തന മുഹൂര്‍ത്തം അന്നു പിറന്നുവീണു. അതിനു വേദിയൊരുക്കാനുള്ള മഹാഭാഗ്യം അമേരിക്കന്‍ ഐക്യനാടുകളിലെ ചിക്കാഗോനഗരത്തിനു കൈവന്നത് അകാരണമാകാനിടയില്ല. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ നാനൂറാം വാര്‍ഷികം വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ അമേരിക്കന്‍ ജനത ആഘോഷിക്കുന്ന സന്ദര്‍ഭം. അതിന്റെ ഭാഗമായി ലോകമെമ്പാടുനിന്നും ഭിന്നമതാവലംബികളായ പണ്ഡിതശ്രേഷ്ഠന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സര്‍വമത സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. അന്നത്തെ നിലയ്ക്ക് ആകുംവിധം അതിന്റെ വിളംബരം ലോകമെമ്പാടുമെത്തിക്കാനും സംഘാടകര്‍ മറന്നില്ല. അംഗീകൃതമതങ്ങളുടെ പ്രതിനിധികള്‍ക്കു മാത്രമേ അതില്‍ പങ്കെടുത്തു സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. അതെല്ലാം തെളിയിക്കാന്‍ വേണ്ടുന്ന രേഖകളുമായി നിശ്ചിതദിവസത്തിനുള്ളില്‍ പേരു രജിസ്റ്റര്‍ ചെയ്കയും വേണമായിരുന്നു. അന്നേക്ക് സംഘടിത സ്വഭാവം തെല്ലുമില്ലാത്ത ഹിന്ദുമതത്തിനുവേണ്ടി ഉല്‍പതിഷ്ണുക്കളായ ഏതാനും ചെറുപ്പക്കാരാണ് സ്വന്തം ഹൃദയസര്‍വസ്വമായ ഈ അത്ഭുതപുരുഷനെ ചിക്കാഗോയ്ക്കു പറഞ്ഞയച്ചത്. സംഘാടക സമിതിയുടെ നിബന്ധനകളെല്ലാം അവര്‍ക്കു തികച്ചും അജ്ഞാതമായിരുന്നു. ഒരു പരിചയക്കത്തുപോലും കൈയിലില്ലാതെയും കൊടിയതണുപ്പില്‍ നിന്നു രക്ഷനേടാന്‍ കമ്പിളിവസ്ത്രങ്ങളില്ലാതെയും ചിലവിനു വേണ്ടുന്ന പണം കരുതാതെയുമാണ് ഭാരതത്തിന്റെ അതിപുരാതനമായ സന്ദേശവും ഹൃദയത്തില്‍വഹിച്ച് ഗുരുഭക്തി മാത്രം കൈമുതലാക്കി ആ മഹാപുരുഷന്‍ അവിടെ എത്തിച്ചേര്‍ന്നത്.

ശ്രീരാമകൃഷ്ണദേവന്റെയും മാതൃദേവിയുടെയും കൃപമാത്രമായിരുന്നു പ്രതിസന്ധികളെ തരണം ചെയ്യിച്ചതെന്ന് ആ മഹാപരിശ്രമം അടുത്തു പഠിയ്ക്കുമ്പോള്‍ നമുക്കു മനസ്സിലാകും. സദ്ഗുരുവിന്റെ മഹിമ അനന്തമാണെന്നു കബീര്‍ദാസ് പാടുന്നതിന്റെ അര്‍ത്ഥം ശരിക്കു മനസ്സിലാകണമെങ്കില്‍ വിവേകാനന്ദന്റെ ഏകാന്തമായ മുന്നേറ്റം അപഗ്രഥിക്കണം. ഗുരുനാഥന്റെ പാദമുദ്ര ഓരോ ശ്വാസത്തിലും അവിടെ അങ്കിതമായി കിടപ്പുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ഉത്തിഷ്ഠത ജാഗ്രത