വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തു

February 18, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ നടപ്പാക്കുന്നതു സുപ്രീംകോടതി സ്റേ ചെയ്തു. നാലു പേരുടെ വധശിക്ഷയാണ് ബുധനാഴ്ച വരെ സ്റ്റേ ചെയ്തിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റീസ് അല്‍ത്താമസ് കബീര്‍ അധ്യക്ഷനായ ബഞ്ചാണ് വധശിക്ഷ സ്റേ ചെയ്തു ഉത്തരവായിരിക്കുന്നത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ സാഹചര്യത്തില്‍ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് സൂചനകള്‍ ശക്തമായിരിക്കേയാണ് ബുധനാഴ്ച വരെ ശിക്ഷ നടപ്പാക്കുന്നതു സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. വധശിക്ഷ നടപ്പാക്കുന്ന തീയതി മൈസൂര്‍ സെഷന്‍സ് കോടതി ഇന്നു പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു സൂചന. ഇതിനിടെ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നു വീണ്ടും സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു പ്രതിഭാഗം. ഫെബ്രുവരി 13ന് ഹര്‍ജി നല്‍കിയെങ്കിലും അടിയന്തര പരിഗണന അര്‍ഹിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റിസ് അല്‍ത്തമാസ് കബീര്‍ തള്ളുകയായിരുന്നു.

1993ല്‍ കുഴിബോംബ് സ്ഫോടനത്തിലൂടെ 22 പോലീസുകാരെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസില്‍ വീരപ്പന്റെ ജ്യേഷ്ഠ സഹോദരന്‍ ജ്ഞാന പ്രകാശം, മീസൈ മാതയ്യ, സൈമണ്‍, ബിലവേന്ദ്രന്‍ എന്നിവരുടെ വധശിക്ഷയാണ് സ്റേ ചെയ്തിരിക്കുന്നത്. നാലു പേരുടേയും ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. പോലീസുകാരെ വധിച്ച കേസില്‍ 2004ലാണ് വീരപ്പന്റെ അടുത്ത അനുയായികളായ നാലു പേര്‍ക്ക് വധശിക്ഷ വധിച്ചത്. പോലീസ് സ്റേഷന്‍ ആക്രമിച്ചു മൂന്നു പൊലീസുകാരെ കൊലപ്പെടുത്തിയെന്ന കേസും ഇവര്‍ക്കെതിരെയുണ്ട്. 1991ലെ ഈ കേസും 93ലെയും കേസുകളും ഒരുമിച്ചു പരിഗണിച്ച മൈസൂരിലെ ടാഡാ കോടതി പ്രതികള്‍ക്കു ആദ്യം ജീവപര്യന്തം കഠിനതടവാണ് വിധിച്ചത്. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ശിക്ഷ വധശിക്ഷയാക്കി മാറ്റിയത്. സുപ്രീംകോടതി വിധിക്കെതിരെ പ്രതികള്‍ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കി. എന്നാല്‍ രാഷ്ട്രപതി ദയാഹര്‍ജി ഹര്‍ജി തള്ളുകയായിരുന്നു. ദയാഹര്‍ജി തള്ളിയാല്‍ 16 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കണമെന്നാണു വ്യവസ്ഥ. നേരത്തെ രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നെങ്കിലും കോടതി ഇടപെടലിനേത്തുടര്‍ന്ന് ശിക്ഷ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍