ശ്രീനാരായണ ദര്‍ശനം കോളേജ്തലത്തിലും പഠന വിഷയമാക്കും – മന്ത്രി കെ.സി.ജോസഫ്

February 19, 2013 കേരളം

തിരുവനന്തപുരം: ശ്രീനാരായണ ദര്‍ശനങ്ങള്‍ കോളേജ്തലത്തിലും പഠനത്തിന്റെ ഭാഗമാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് സാംസ്കാരിക വകുപ്പുമന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ശ്രീനാരായണ അന്തര്‍ ദേശീയ പഠനകേന്ദ്രം കേരള സര്‍വകലാശാലയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ശ്രീ നാരായണ ചിന്തകളിലൂടെ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുവചനങ്ങളുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പദ്ധതി വേണം. ഹൈസ്കൂള്‍തലത്തില്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ അടുത്തവര്‍ഷം മുതല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരള സമൂഹത്തിലെ എല്ലാ ജാതിമതസ്ഥര്‍ക്കും വഴികാട്ടിയാണ് ഗുരുവചനങ്ങള്‍. ജാതിപറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മോചനത്തിനായി ശ്രീനാരായണ ഗുരു നടത്തിയ പരിശ്രമങ്ങള്‍ വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുരുദേവദര്‍ശനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ തന്നെ പാഠ്യപദ്ധതിയിലുള്‍പ്പെടണമെന്ന ദൃഢ നിശ്ചയത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോയതെന്നും ചടങ്ങില്‍ പ്രഭാഷണം നടത്തിയ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. സ്കൂള്‍ പാഠപുസ്തകങ്ങള്‍ സമയത്തിന് അച്ചടി പൂര്‍ത്തിയാക്കണമെന്ന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നതിനാല്‍ ശ്രീനാരായണ ഗുരു പഠനം ചില ക്ളാസുകളിലെ പുസ്തകങ്ങള്‍ക്കൊപ്പം പ്രത്യേകിച്ച് അച്ചടിച്ചാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പരസുഖചിന്തനം-അത്യാര്‍ത്തിക്ക് ഔഷധം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ.പുതുശേരി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.ജി.പത്മറാവു, തിരുവനന്തപുരം സംസ്കൃത കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.ലൈല, സര്‍വകലാശാലാ ജോയിന്റ് രജിസ്ട്രാര്‍ പി.രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം