മൂന്നുവര്‍ഷത്തിനുളളില്‍ കേരളം സമ്പൂര്‍ണ്ണ ‘സ്ത്രീഡിജിറ്റല്‍ സാക്ഷരതാ’ സംസ്ഥാനമാകും

February 19, 2013 കേരളം

തിരുവനന്തപുരം: വരുന്ന മൂന്ന് വര്‍ഷത്തിനുളളില്‍ കേരളത്തെ സമ്പൂര്‍ണ്ണ വനിതാ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കുമെന്ന് പഞ്ചായത്ത് – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ വൈദഗ്ദ്ധ്യം നല്‍കി വരുമാനദായക സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഇന്റല്‍ ടെക്നോളജി ഇന്ത്യയുമായിചേര്‍ന്ന് രൂപം നല്‍കിയ ഡിജിറ്റല്‍ എംപവര്‍മെന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേവലം കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്കപ്പുറം ഉയര്‍ന്ന പരിജ്ഞാനം ആവശ്യമുളള വെബ് ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കി ഉയര്‍ന്ന വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കുടുംബശ്രീ ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റിതലത്തില്‍ 21,000 പേരെ പരിശീലിപ്പിക്കുന്നതിന് തുടക്കം കുറിച്ചതായും മന്ത്രി അറിയിച്ചു. കുടുംബശ്രീ ഐ.റ്റി. യൂണിറ്റുകളുടെ കണ്‍സോര്‍ഷ്യമായ ‘ഉന്നതി’ യുടെ നേതൃത്വത്തിലാണ് പരിശീലനപരിപാടി നടപ്പിലാക്കുക.

പദ്ധതിയുടെ നടത്തിപ്പിനായി കുടുംബശ്രീ എക്സി. ഡയറക്ടര്‍ കെ.ബി. വത്സലകുമാരിയും ഇന്റല്‍ സൌത്ത് ഏഷ്യ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ദബ്ജാനി ഘോഷും മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു. പദ്ധതിയുടെ കരിക്കുലത്തിന്റേയും സി.ഡി.യുടേയും പ്രകാശനവും മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വ്വഹിച്ചു. മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ അരുണ സുന്ദരരാജന്‍, വി.എസ്. സെന്തില്‍, അക്ഷയപ്രോജക്ട് ഡയറക്ടര്‍ പി. ബാലകിരണ്‍, ഇന്റല്‍ സൌത്ത് ഏഷ്യ സ്ട്രാറ്റജിക് മേധാവി കിഷോര്‍ ബാലാജി, കുടുംബശ്രീ ഡയറക്ടര്‍ എബിപോള്‍ എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം