ഹെലികോപ്റ്റര്‍ ഇടപാടിന്റെ പേരില്‍ രാജിവെയ്ക്കില്ല: ആന്റണി

February 19, 2013 പ്രധാന വാര്‍ത്തകള്‍

A.K.Antonyന്യൂഡല്‍ഹി: വിവാദമായ ഹെലികോപ്റ്റര്‍ ഇടപാടിന്റെ പേരില്‍ പ്രതിരോധമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് എ.കെ ആന്റണി വ്യക്തമാക്കി. ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസുമായി ഭിന്നതയില്ലെന്നും സര്‍ക്കാര്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആന്റണി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിയമവ്യവസ്ഥകള്‍ പിന്തുടരും. കുറ്റക്കാരോട് യാതൊരു ദയയും കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെതായ വഴിയിലൂടെ സത്യം അറിയാനാണ് ശ്രമിക്കുന്നതെന്നും നിലവില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളതെന്നും ആന്റണി പറഞ്ഞു. ഇടപാടിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇതേക്കുറിച്ച് നേരത്തെ അന്വേഷണം ആരംഭിച്ചതാണ്. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഇറ്റലിയിലേക്ക് അയച്ചിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയവും പ്രതിരോധമന്ത്രാലയവും തമ്മില്‍ സഹകരണമില്ലെന്ന ചോദ്യമുദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രതിരോധമന്ത്രാലയം വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം ആവശ്യമുള്ളപ്പോള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടനിലക്കാരെ ഉപയോഗിച്ച ആറ് പ്രതിരോധ നിര്‍മാണകമ്പനികളെ സര്‍ക്കാര്‍ അടുത്ത വര്‍ഷങ്ങളില്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും പ്രതിരോധ കരാറുകളിലെ അഴിമതി ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇതില്‍ വ്യക്തമാകുന്നതെന്നും ആന്റണി പറഞ്ഞു. ഈ സ്ഥിതിയിലും വീണ്ടും അഴിമതി ഉയര്‍ന്നുവന്നതില്‍ തനിക്ക് ഖേദമുണ്ടെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ഇടപാടില്‍ ആന്റണിയും കുറ്റക്കാരനാണെന്ന് ഇന്നലെ ബിജെപി കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ വിശദീകരിച്ച് ആന്റണി വാര്‍ത്താസമ്മേളനം നടത്തിയത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി സഭയില്‍ ഉയര്‍ത്തുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ യാതൊരു അഭിപ്രായഭിന്നതയുമില്ലെന്ന് രാവിലെ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ആന്റണിയും വാര്‍ത്താസമ്മേളനം നടത്തി നിലപാട് വിശദീകരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍