ദേശീയ പണിമുടക്ക് ആരംഭിച്ചു

February 20, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്നലെ അര്‍ധരാത്രി ആരംഭിച്ചു. 21 ന് അര്‍ധരാത്രി വരെയാണു പണിമുടക്ക്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷ്വറന്‍സ് ജീവനക്കാരും ഉള്‍പ്പെടെ വിവിധ തുറകളിലെ തൊഴിലാളികള്‍ പണിമുടക്കുന്നുണ്ട്.

കെഎസ്ആര്‍ടിസിയിലെ ട്രേഡ് യൂണിയനുകളും സ്വകാര്യ ബസ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നു. ഓട്ടോ-ടാക്സി തൊഴിലാളികളും പണിമുടക്കുന്നുണ്ട്.റെയില്‍വേയില്‍ പണിമുടക്കില്ല. ആശുപത്രി, പത്രം, പാല്‍ എന്നീ മേഖലകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, തൊഴില്‍ സംരക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനു സുരക്ഷാ ഫണ്ട് രൂപീകരിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, കരാര്‍ തൊഴിലാളികള്‍ക്കു സ്ഥിരം തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുക, മിനിമം വേതനം പ്രതിമാസം 10,000 രൂപയായി നിജപ്പെടുത്തുക, ബോണസിനും പ്രൊവിഡന്റ് ഫണ്ടിനുമുള്ള എല്ലാവിധ പരിധികളും എടുത്തുകളയുക, ഗ്രാറ്റുവിറ്റിത്തുക വര്‍ധിപ്പിക്കുക, ഉറപ്പാക്കപ്പെട്ട പെന്‍ഷന്‍ എല്ലാവര്‍ക്കും നടപ്പാക്കുക, അപേക്ഷ നല്‍കി 45 ദിവസത്തിനകം നിര്‍ബന്ധമായും ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷന്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം