കര്‍മഗതി നിയന്ത്രണം

February 21, 2013 ഗുരുവാരം,പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ഇന്നത്തെ ആശ്രമത്തിനു തൊട്ടുവടക്കുവശത്തായി സ്വാമിജിയുടെ സഹോദരി താമസിച്ചിരുന്ന പടിപ്പുരവീടുണ്ട്. സഹോദരീപുത്രന്മാരില്‍ രണ്ടുപേര്‍ ആശ്രമകാര്യങ്ങളില്‍ അതീവശ്രദ്ധ ചെലുത്തിയിരുന്നവരായിരുന്നു. ശ്രീ രാജപ്പനും ശ്രീ ഭാസ്‌കരനും. ശേഷക്കാരില്‍ നാലാമനായിരുന്നു ഭാസ്‌കരന്‍. ശ്രീ രാജപ്പന്‍നായര്‍ വളരെഭംഗിയായി രാമായണം വായിക്കുന്ന ആളായിരുന്നെന്ന് അറിയാവുന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അക്കാലങ്ങളില്‍ എനിക്ക് ആശ്രമത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും സത്യസന്ധമായ അഭിപ്രായങ്ങളാണ് കേട്ടിട്ടുള്ളത്. ഒരുദിവസം സന്ധ്യാ സമയത്ത് ആശ്രമത്തിലെ അഭിഷേകത്തിനുവേണ്ടി കരിക്ക് അടര്‍ത്തുന്നതിന് രാജപ്പന്‍നായര്‍ കല്ലടിച്ചവിളയിലുള്ള തെങ്ങില്‍ കയറി. (ആശ്രമത്തില്‍ നിന്നും കല്ലടിച്ചവിളയിലേക്ക് അല്പം ദൂരമുണ്ട്.) അല്പം കയറിയപ്പോള്‍ തന്നെ, അകലെയാണെങ്കിലും സ്വാമിജിയുടെ ശബ്ദം രാജപ്പന്‍ നായരുടെ ചെവികളില്‍ പതിഞ്ഞു. ”കയറരുത്, ഇറങ്ങ് ചുവട്ടില്‍.” ആവര്‍ത്തിച്ച് രണ്ടുമൂന്നു തവണ ഈ ആജ്ഞ രാജപ്പന്റെ ചെവികളില്‍ ചെന്നലച്ചു. തോന്നലാണെന്നു കരുതി രാജപ്പന്‍ വീണ്ടും കയറി മണ്ടയിലെത്തുന്ന സമയത്തും ”ഇറങ്ങ് ചുവട്ടില്‍” എന്നുള്ള ശബ്ദം കേട്ടു. വീണ്ടും തോന്നലാണെന്ന് ധരിച്ച് രാജപ്പന്‍ പുറമടലില്‍ പിടിച്ചു. കൈതെറ്റി ചുവട്ടിലേക്ക് വീണു. നട്ടെല്ല് ഒടിഞഞ്ഞു. ഹൃദയസ്പൃക്കായ ആ ദയനീയസംഭവം അനേകങ്ങളെ ദുഃഖത്തിലാഴ്ത്തി. ജിതേന്ദ്രിയനായ സ്വാമിജിക്കുപോലും അത് അല്പം വേദന ഉളവാക്കിയിരുന്നു. രാജപ്പനെ പടിപ്പുരവീട്ടിലെത്തിച്ചു. ആശ്രമത്തില്‍ നടക്കുന്ന ഭജനകളും നാമജപങ്ങളും കേട്ട് രാജപ്പന്‍ തന്റെ ഗൃഹശയ്യയില്‍ കഴിച്ചുകൂട്ടി. പലരുടേയും ചികിത്സാശ്രമങ്ങള്‍ പരാജയപ്പെട്ടു കഴിഞ്ഞു.

ഒരു ദിവസം അഭിഷേകം നടക്കേണ്ട സമയം. അഭിഷേകം കഴിഞ്ഞാല്‍ സ്വാമിജി ആരാധന നടത്തി കര്‍പ്പൂരത്തട്ടവുമായി വെളിയില്‍ വന്ന് ഭക്തജനങ്ങള്‍ക്ക് വിഭൂതി നല്‍കി അനുഗ്രഹിക്കുകയാണ് പതിവ്. എന്നാല്‍ ഊര്‍ദ്ധ്വനയനനായി അന്ന് സ്വാമിജി ജ്വലിക്കുന്ന കര്‍പൂരത്തട്ടം പതിവുപോലെ ഭസ്മത്തട്ടത്തില്‍ വച്ച് ഇരുന്നതായാണ് ഭക്ത ജനങ്ങള്‍ കണ്ടത്. വീണ്ടും വീണ്ടും കര്‍പ്പൂരത്തട്ടില്‍ നിക്ഷേപിക്കപ്പെട്ട കര്‍പ്പൂരം മുകളിേലക്കാളിക്കത്തി. രാമനാമം കൊണ്ട് ചലിക്കുന്ന ചുണ്ടുകളോടെ ഭക്തജനങ്ങള്‍ നോക്കിനിന്നു. ഭജന തുടര്‍ന്നു കൊണ്ടിരുന്നു. എന്തോ സവിശേഷത എല്ലാപേര്‍ക്കും അനുഭവപ്പെട്ടു. ആകാംക്ഷഭരിതരായി സര്‍വപേരും നോക്കിനിന്നു. കഴുത്തിലണിഞ്ഞ ഹാരവും കയ്യില്‍ ജ്വലിക്കുന്ന കര്‍പൂരത്തട്ടവുമായി സ്വാമിജി ആശ്രമത്തിന്റെ ഇടനാഴിയിലൂടെ വടക്കേ ഗേറ്റിനരികിലെത്തി. അവിടെനിന്നും ആജ്ഞനേയന്‍ മലയുമായി തിരിയ്ക്കുന്നതുപോലെ സ്വാമിജി പടിപ്പുരവീട്ടിലെത്തി. ചുണ്ടുകളില്‍ രാമനാമം ജപിച്ചുകിടന്ന രാജപ്പന്‍ പിടഞ്ഞെഴുന്നേല്‍ക്കാന്‍ ശ്രമിയ്ക്കവേ സാന്ത്വനപ്പെടുത്തി നെറ്റിയിലും ശിരസ്സിലും വിഭൂതിചാര്‍ത്തി. തന്റെ കഴുത്തില്‍ കിടന്ന അഭിഷേകഹാരം ശരീരത്തിലര്‍പ്പിച്ചു. ആരാധനാദീപം (കര്‍പ്പൂരത്തട്ടം) തൊഴുന്നതിനായി നല്‍കി. തിരിച്ച് ആശ്രമത്തിലെത്തി, ഭക്തജനങ്ങള്‍ക്ക് വിഭൂതി നല്‍കിയനുഗ്രഹിച്ചു. പ്രസാദവിതരണം നടത്തി നടയടച്ചു. ആരും പോകാതെ നിന്നും. പെട്ടെന്ന് പടിപ്പുരവീട്ടില്‍ നിന്ന് ആളുകള്‍ ഓടിയെത്തി. ശ്രീ രാജപ്പന്‍ ആ മഹാസംഭവത്തിനുശേഷം തന്റെ അന്തിമശ്വാസം രാമപാദത്തിലര്‍പ്പിച്ചു. രാജപ്പന്‍ മരിച്ചുപോയെന്ന് ബന്ധുജനങ്ങള്‍ അറിയിച്ചു. ആ രാജപ്പനുവേണ്ടി സ്വാമിജി കല്പിച്ചവണ്ണമുള്ള ഒരു ഭദ്രദീപവും വിശേഷാല്‍സങ്കല്പങ്ങളും ഇന്നും നടത്തിവരുന്നു.

ഭാസ്‌കരന്‍ ആശ്രകാര്യങ്ങള്‍ നോക്കുന്നതില്‍ വളരെ തല്പരനായിരുന്നു. ദിവസവും പുലര്‍ച്ചയ്ക്ക് ആശ്രമത്തിലെത്തി പൂജാപാത്രങ്ങള്‍ കഴുകിത്തേച്ചുവച്ച് ഭക്തജനങ്ങളെത്തുമ്പോള്‍ ഉപയോഗിക്കാനുള്ള വെള്ളം  തൊട്ടിയില്‍ നിറച്ച് ആശ്രമപരിസരം തൂത്തുവൃത്തിയാക്കി. അടുക്കളയിലെ പാത്രങ്ങളും തേച്ചുവച്ചിട്ട് പുഞ്ചിരിച്ച മുഖത്തോടെ വീട്ടിലേക്കു പോകുകയാണ് പതിവ്. ഒരു ദിവസം ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധം നടക്കുന്നതിനുമുമ്പ് ആര്‍മിയില്‍ ചേരുന്നതിനു ഭാസ്‌കരന്‍ സ്വാമിജിയോട് അനുവാദം ചോദിച്ചു. ”നിനക്കിതു കൊള്ളില്ലെടോ” എന്ന് സ്വാമിജി മറുപടി പറഞ്ഞു. എങ്കിലും വീട്ടുകാരുടെ അഭിപ്രായം പോകണമെന്നായിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ആവര്‍ത്തിച്ചോ നിര്‍ബന്ധിച്ചോപറയുക സ്വാമിജിയുടെ സ്വഭാവമല്ല. ഭാസ്‌കരന്‍ അനുവാദം ചോദിക്കുന്നതിന് ആശ്രമത്തില്‍ വന്നു. പ്രിയങ്കരനായ ഭാസ്‌കരനെ കാണുന്നതിനിടംകൊടുക്കാതെ സ്വാമിജി മറഞ്ഞുനിന്നു. അനുവാദം കിട്ടാത്തതുകൊണ്ടും ദര്‍ശനം ലഭിക്കാത്തതുകൊണ്ടും പോകാതിരിക്കുന്നെങ്കില്‍ ആകട്ടെയെന്നായിരിക്കണം സ്വാമിജിയുടെ സങ്കല്പം. എന്നാല്‍ ഹതവിധിയെന്നു പറയട്ടെ. ഭാസ്‌കരന്‍ മറ്റുള്ളവരുടെ പ്രേരണയ്ക്കു വശംവദനായി യാത്രതിരിച്ചു. അതിനുശേഷമുണ്ടായ പാകിസ്ഥാന്‍ യുദ്ധത്തിനുമുന്‍പ് സ്വാമിജി മഹാസമാധിയടഞ്ഞിരുന്നു. യുദ്ധം തുടങ്ങിയസമയത്ത് സമാധിക്ഷേത്രത്തില്‍ പൂജച്ചിരുന്ന എനിക്ക് ഒരു പ്രത്യേകാനുഭവമുണ്ടായി. രക്തമൊലിക്കുന്ന ഒരു സവിശേഷമായ പക്ഷി എന്റെ മുന്നില്‍ പതിക്കുന്നതായി എനിയ്ക്കു തോന്നി. അല്പസമയം മറ്റൊരു പഴയ തുന്നിക്കെട്ടിയ തോര്‍ത്തുംതോളിലിട്ട് സ്വാമിജി ഓടി എന്റെ അടുത്തെത്തുന്നത് ഞാന്‍ കണ്ടു. പെട്ടെന്ന് ”പിടിക്കെടോ വിടരുത്” എന്ന് എന്നോടാജ്ഞാപിച്ചു. ആ പക്ഷിയെ ഞാന്‍ എന്റെ ഇടത്തേ കൈയിലെടുത്തു. അല്പസമയം ചിറകടിച്ച് അതെന്റെ തള്ളവിരലില്‍ പിടിച്ചിരുന്നു. പെട്ടെന്ന് അതിന്റെ ചിറകുകള്‍ ശക്തിഹീനങ്ങളായി, കഴുത്തു കുഴഞ്ഞു. പിടി അയഞ്ഞു നിലത്തുവീണു. സ്വാമിജിയില്‍ നിന്ന് അടുത്ത നിര്‍ദ്ദേശം കേട്ടു. ”ങാ! കളഞ്ഞേര്, ഞങ്ങളെക്കെണ്ട് ഒക്കുന്നതു നോക്കി.” പൂജ കഴിഞ്ഞ് വെളിയിലേക്കിറങ്ങി. അടുത്ത് ഞാന്‍ തന്നെ നടത്തിയിരുന്ന ട്യൂഷന്‍ക്ലാസിലേക്ക് പോകുമ്പോള്‍ സംഭവം വേണ്ടപ്പെട്ടവരെയൊക്കെയറിയിച്ചു. ഇന്ന് എന്തെങ്കിലും ഒരു അനിഷ്ട വാര്‍ത്ത കേള്‍ക്കുമെന്ന് പറയുകയും ചെയ്തു. ക്ലാസ്സ് കഴിയുന്നതിനു മുന്‍പ് ഒരാള്‍ ഓടിവന്നു പറഞ്ഞു. ”ഭാസ്‌കരന്‍ മരിച്ചതായി ടെലിഗ്രാം വന്നു” എന്ന്. അന്തരീക്ഷം ശോകമൂകമായി പര്യവസാനിച്ചു.

രാജപ്പനോട് അരുതെന്നാജ്ഞാപിച്ചതും ഭാസ്‌കരന് ദര്‍ശനം കൊടുക്കാതിരുന്നതുമെല്ലാം എത്രയേറെ ദീര്‍ഘവീക്ഷണത്തോടുകൂടിയായിരുന്നുവെന്ന് നാം ചിന്തിക്കേണ്ടതാണ്. കര്‍മഫലങ്ങളെ തടയുന്നതില്‍ ഗുരുസങ്കല്പത്തോടും ആ വാക്കുകളോടും നാം കാണിക്കേണ്ട ബഹുമാനവും വിശ്വാസവും അനേകമനുഭവങ്ങൡലൂടെ ഉദാഹരിയ്ക്കുവാനുണ്ട്. സര്‍വജ്ഞനായ സ്വാമിജിക്ക് സംഭവങ്ങള്‍ കരതലാമലകംപോലെ സ്പഷ്ടമായിരുന്നുവെങ്കിലും കര്‍മഗതിയെ സ്വന്തം സങ്കല്പശക്തികൊണ്ട്  ലംഘിച്ചിരുന്നില്ല. മറിച്ച് തന്നിലര്‍പ്പിക്കപ്പെടുന്ന സങ്കല്പംകൊണ്ട് നിയന്ത്രിക്കുകയാണ് ചെയ്തിരുന്നത്.

ഗുരുവിന്റെ വാക്കുകള്‍ വിശ്വസിക്കുകയും ഗുരുവില്‍ത്തന്നെ ശരണം പ്രാപിയ്ക്കുകയും ചെയ്യുന്നയാളിന്റെ പ്രവൃത്തി തപസ്സായി മാറുകയും അതുമൂലമുണ്ടാകുന്ന വിശിഷ്ടഫലം സംഭവിക്കാനിരിയ്ക്കുന്ന വിപരീതഫലങ്ങളെ ലഘുപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇതിനുള്ള അവസരമുണ്ടാക്കിക്കൊടുക്കുകയാണ് ഗുരുവിന്റെ ചുമതല. അല്ലാതെ സ്വന്തസങ്കല്പങ്ങളുപയോഗിച്ച് കര്‍മഗതികളെ ധിക്കരിക്കുകയല്ല. സ്വാമിജിയുടെ വാക്കുകളനുസരിച്ചാല്‍, അവരവര്‍ക്ക് വരാനിരിക്കുന്ന പല നല്ലഅനുഭവങ്ങളും നഷ്ടപ്പെട്ടുപോകുമല്ലോ എന്നുള്ള ചിന്ത അല്പമെങ്കിലുമവശേഷിച്ചാല്‍, അതിനെ തടയുന്ന നിര്‍ദ്ദേശം കൊടുക്കുന്നതിനു സ്വാമിജി തയ്യാറാകാറില്ല.

ഭൗതികതലത്തിലെ പല ലാഭങ്ങളും നഷ്ടപ്പെട്ടാലും വിലപ്പെട്ടതെന്ന് കരുതുന്ന ഉദ്യോഗങ്ങളും സ്ഥാനമഹിമകളും വലിച്ചെറിയേണ്ടിവന്നാലും സ്വാമിജിയുടെ വാക്കിനെ മുറുകെപിടിയ്ക്കുമെന്നുള്ളവനോട് വേണമെന്നോ വേണ്ടെന്നോ നിര്‍ദ്ദേശിക്കാന്‍ ഗുരുനാഥന്‍ മടിക്കാറില്ല. കര്‍മഫലം അനുഭവിക്കാനര്‍ഹതയുള്ള ജീവസംസ്‌കാരത്തിന് പ്രജ്ഞാ വികാസത്തിലൂടെ പരിഹാരമുണ്ടാകുന്നതിനു പകരം സ്വാമിജിയുടെ വാക്കുകള്‍കൊണ്ട് തടുത്താലും കര്‍മഗതി മറ്റൊരുരൂപം കൈക്കൊള്ളുമെന്നാണ് അറിയേണ്ടത്. എന്നാല്‍ സങ്കല്പത്തിലുറച്ചുനില്‍ക്കുന്നവന് ഉറച്ചുനില്‍ക്കുകയെന്ന ഫലം ദുരിതനിവാരണത്തിന് കാരണമാകുന്നു. ഇവിടെ അവരവര്‍ ചെയ്യുന്ന സല്‍കര്‍മഫലം അവരവരുടെതന്നെ ദുഷ്‌കര്‍മഫലത്തിന് പരിഹാരം കാണുന്നു. ഗുരുനാഥന്‍ അതിനുപകരിയ്ക്കുന്ന മാര്‍ഗ്ഗമായും ലക്ഷ്യമായും അനുഗ്രഹം നല്‍കുകയാണ് ചെയ്യുന്നത്. അനന്തകോടി ജന്മങ്ങളിലൂടെ ചംക്രമണം ചെയ്തുകൊണ്ടിരിക്കുന്ന കര്‍മവ്യൂഹങ്ങളുടെ കാലനിര്‍ണയം ചെയ്യുന്ന മഹാത്മാക്കളില്‍ അഗ്രിമസ്ഥാനം നല്‍കാവുന്ന മഹാത്മാവാണ് ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍. കര്‍മങ്ങളുടെ ഗതിവിഗതികളും അവസ്ഥാഭേദങ്ങളും അവയ്ക്കുള്ള നിയന്ത്രണവും നിര്‍മലത്വം കല്പിയ്ക്കാന്‍ കഴിയുന്ന പ്രജ്ഞാവികാസവും ഒരു വ്യക്തിയ്ക്കുള്ള അദ്ധ്യാത്മപുരോഗതകിയില്‍ അനര്‍ഹതയും അര്‍ഹതയും സൃഷ്ടിക്കുന്നു. ഈ കര്‍മഗതിയെ അറിഞ്ഞ് നിയന്ത്രിക്കാനുള്ള ദീര്‍ഘവീക്ഷണവും സങ്കല്പശേഷിയും മഹാത്മാക്കള്‍ക്കുണ്ട്.

പ്രകൃതിയുടെ കര്‍മചംക്രമണവ്യവസ്ഥയെ ഖണ്ഡിക്കാതെയും നിരുത്സാഹപ്പെടുത്താതെയും നിയന്ത്രിക്കപ്പെടുന്ന ആജ്ഞാശക്തിമാത്രമേ സ്വാമിജിയെപ്പോലുള്ള ഗുരുജനങ്ങള്‍ സ്വീകരിക്കുകയുള്ളൂ. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ധര്‍മ്മവിരുദ്ധവും ധര്‍മാനുകൂലവുമായ കര്‍മങ്ങള്‍ ഓരോ വ്യക്തിയെ സംബന്ധിച്ച് എത്രയെന്നും ഏതുവരെയെന്നും നിശ്ചയിക്കുവാന്‍ ഗുരുനാഥനെപ്പോലുള്ളവര്‍ക്ക് കഴിയുന്നു. സന്യാസത്തിനുവേണ്ടി കടന്നുവരുന്ന പലരോടും പറയുന്ന വാക്കുകളെല്ലാം ഈ കര്‍മസരണിയെ അളന്നറിയുന്ന പ്രക്രിയയായിട്ടാണ് അനുഭവത്തില്‍ വന്നിട്ടുള്ളത്.

കാവി വസ്ത്രവും ധരിച്ച് നീണ്ട താടിയും വളര്‍ത്തി സ്വാമിജിയുടെ ശിഷ്യനാകാന്‍ വേണ്ടിവന്ന ഒരുവനോടുള്ള മറുപടി ഞാന്‍ കേട്ടതാണ്. സ്വാമിജിയുടെ നോട്ടം വിദൂരതയിലെവിടെയോ പതിച്ചിരുന്നു. വന്നയാളിനെ സ്വാമിജി നോക്കണമെന്ന ചിന്തയോടെ ഇയാള്‍ സ്വാമിജിയുടെ ഇടത്തും വലക്കും മുന്‍പിലുമൊക്കെ കറങ്ങിനടന്നു. സ്വാമിജി പെട്ടെന്നിപ്രകാരം പറഞ്ഞു. ”എന്താടോ കിടന്ന് കറങ്ങുന്നത്? നിനക്ക് ഇനി ഒരു പെണ്‍കുട്ടികൂടി ജനിക്കും. ആ കുട്ടിയുടെ കല്ല്യാണംകൂടി കഴിഞ്ഞ് സന്യാസത്തിന് വന്നാ മതി.” അല്പം ചൊടിപ്പുതോന്നിയ ആ അനര്‍ത്ഥസന്യാസി ഒന്നും മിണ്ടാതെ വെളിയിലേക്കിറങ്ങി. പലരും കേള്‍ക്കെ കുറെ അപവാദങ്ങള്‍ പറഞ്ഞു. തന്റെ മഹിമയെ കൊട്ടിഘോഷിച്ചു. ഖലന്റെ ശാഠ്യം പരദൂഷണത്തിനും പരനിന്ദക്കും ഉപയോഗിക്കാറുണ്ടല്ലോ. സ്വാമിജി സമാധിയായി ഉദ്ദേശം പതിനാറു കൊല്ലം കഴിഞ്ഞ് ഒരാള്‍ സമാധിക്കുമുന്നിലെത്തി മാപ്പുപറയുകയും തല തറയില്‍ തല്ലി, തറയില്‍ കിടന്നുരുളുകയും ചെയ്തു. ആരാണെന്നറിയുന്നതിന് ഞാന്‍ അരികില്‍ ചെന്നു. ”എന്നെ ഓര്‍മയുണ്ടോ? അറിയുമോ? എന്നു ചോദിച്ചുകൊണ്ട് ആള്‍ ചാടിയെണീറ്റു. സ്വാമിജിയുടെ അനുഗ്രഹത്താല്‍ എനിക്ക് പെട്ടെന്ന് ഓര്‍മവന്നു. ”അന്നു താടിയും നീട്ടി സന്യസിക്കാന്‍ വന്നയാളല്ലേ” എന്ന് ചോദിച്ചു. അതേ എന്നു പറഞ്ഞിട്ട് അന്ന് സ്വാമിജി പറഞ്ഞ പെണ്‍കുട്ടിയുടെ കല്യാണം പറയാന്‍ വന്നതാണെന്ന് അറിയിച്ചു. സമാധിയില്‍നിന്നുതന്നെ ഭസ്മവും വാങ്ങി അപരാധത്തിന് ക്ഷമചോദിച്ച് അയാള്‍ സ്ഥലം വിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം