ആറ്റുകാല്‍ അമ്മയുടെ മഹത്വം

February 14, 2014 സനാതനം

സത്യാനന്ദപ്രകാശം

ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

അമ്മയുടെ മഹത്വം

ഓരോ മനുഷ്യനും ഒരു അമ്മയുണ്ട്. മാനവജാതിക്കുമാത്രമല്ല മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുണ്ട് ജന്മംനല്‍കിയ അമ്മ. ഇതുതന്നെയാണ് വൃക്ഷലതാദികളുടെയും അവസ്ഥ. എന്തിനേറെ ഏകകോശ ജീവികള്‍ക്കും വൈറസുകള്‍ക്കുപോലുമുണ്ട് അമ്മ എന്നതാണു യാഥാര്‍ത്ഥ്യം. ജീവന്റെ സ്ഫുരണം എവിടെയെവിടെയെല്ലാമുണ്ടോ അവിടെയെല്ലാം അമ്മയെന്ന സത്യവുമുണ്ടെന്നതാണ് അനിഷേധ്യമായ അനുഭവം. അമ്മയെക്കുറിച്ചുള്ള അറിവും സങ്കല്പവും ഓരോ ജീവിയിലും എന്തിനു മനുഷ്യരില്‍പോലും ഭിന്നമായിരുന്നെന്നുവരാം. പക്ഷേ അമ്മയെന്ന സത്യം തള്ളിക്കളയാനാകാതെതന്നെ  നിലനില്‍ക്കുന്നു. ജീവനില്ലെന്നു നാം ഇപ്പോള്‍ കരുതിവച്ചിരിക്കുന്ന സൂര്യചന്ദ്രനക്ഷത്രമഹാ പര്‍വത മഹാസമുദ്രാദി പദാര്‍ത്ഥങ്ങള്‍ക്കുപോലും അമ്മയുണ്ടെന്നു വേദാന്തശാസ്ത്രം പഠിച്ചാല്‍ വ്യക്തമായിത്തീരും. അമ്മയില്ലാത്ത യാതൊരുജീവിയും ഈ പ്രപഞ്ചത്തിലില്ലെന്നും ഇങ്ങനെ തെളിഞ്ഞ സ്ഥിതിക്ക് സമസ്ത ലോകത്തിനും ഒരു അമ്മയുണ്ടെന്നു സമ്മതിക്കേണ്ടിവരുന്നു. ആ അമ്മയെയാണു ലോകമാതാവെന്നു പറയുന്നത്. അദിപരാശക്തിയെന്നും രാജരാജേശ്വരിയെന്നും ത്രിപുരസുന്ദരിയെന്നും മഹാമായയെന്നും മൂലപ്രകൃതിയെന്നും വിവിധനാമങ്ങളില്‍ വേദാന്തശാസ്ത്രവും ഇതിഹാസപുരാണങ്ങളും ലോകമാതാവിനെ നമുക്കു പരിചയപ്പെടുത്തിത്തന്നിരിക്കുന്നു. ആ അമ്മയിലാണ് ഈ ലോകമുണ്ടായത്. ആ അമ്മയിലാണ് ഈ ലോകം നിലനില്ക്കുന്നത്. ആ അമ്മയിലാണ് ഈ ലോകം ലയിച്ചടങ്ങുന്നത്. ആ അമ്മയാണു സത്യം….. ആ അമ്മയാണു ആറ്റുകാലമ്പലത്തില്‍ കുടികൊള്ളുന്നത്.

abtt4അമ്മയെ സ്തുതിച്ചുകൊണ്ടാണ് ലളിതാസഹസ്രനാമം ആരംഭിച്ചിരിക്കുന്നത് എന്നകാര്യം ഇവിടെ ഓര്‍മ്മിക്കപ്പെടണം. ഓം ശ്രീമാത്രേ നമഃ എന്നതാണു അമ്മയുടെ ആയിരം നാമങ്ങളില്‍ ആദ്യത്തേതായി സഹസ്രനാമമന്ത്ര ദ്രഷ്ടാവായ ഋഷിപറഞ്ഞിരിക്കുന്നത്. അമ്മയെന്ന സങ്കല്പത്തിന്റെ മഹിമാതിരേകത്തെ അതു വ്യക്തമാക്കുന്നു. ആപത്തില്‍നിന്നു രക്ഷപ്പെടാന്‍ ആരെ ഭജിക്കണം എന്നു ഒരു ഭക്തന്‍ ചോദിച്ചപ്പോള്‍ ശ്രീശങ്കര ഭഗവല്‍പാദര്‍ നല്‍കിയ ഉപദേശം സൂചിപ്പിക്കുന്നതും വേറൊന്നിനെയല്ല. ലോകമാതാവിന്റെ ചരണയുഗളങ്ങളെ ശരണം പ്രാപിക്കണം എന്നതായിരുന്നു ആ ഉപദേശം. എന്തുകൊണ്ടെന്നാല്‍ ലോകമാതാവിനുമാത്രമേ ചരാചരങ്ങളെ നിര്‍മ്മിക്കാനും രക്ഷിക്കാനും ശേഷിയുള്ളൂ. ഈ ലോകത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും നിര്‍വഹിക്കുന്ന ത്രിമൂര്‍ത്തികളായ ബ്രഹ്മവിഷ്ണു മഹേശ്വരന്മാര്‍പോലും അമ്മയുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ്. അവര്‍ മൂവരെയും സൃഷ്ടിച്ചു അവര്‍ക്കു മേല്പറഞ്ഞ ചുമതലകള്‍ നല്‍കി അതു നിര്‍വഹിക്കാന്‍ വേണ്ടുന്ന കരുത്തും പകര്‍ന്നു പ്രവര്‍ത്തിപ്പിക്കുന്നത് അമ്മയാണ്. ലോകമാതാവിന്റെ നിശ്ചയത്തിനു വിപരീതമായി ത്രിമൂര്‍ത്തികള്‍ക്കോ മുപ്പത്തിമുക്കോടി ദേവന്മാര്‍ക്കോ യാതൊന്നും ചെയ്യാനാവുകയില്ല. എന്തെന്നാല്‍ അവരുടെ എല്ലാം സാമര്‍ത്ഥ്യങ്ങള്‍ അമ്മയില്‍നിന്നു ലഭിക്കുന്ന വരദാനംമാത്രമാകുന്നു. അതു അമ്മപിന്‍വലിക്കുന്ന നിമിഷം അവരെല്ലാം ഒന്നുമല്ലാതായിത്തീരും. അമ്മ ആദിപരാശക്തിയാണ്. ഈ ലോകത്തിലെ സകലപ്രവര്‍ത്തനങ്ങളും അമ്മയുടെ ശക്തിയാല്‍ നടക്കുന്നവയാണ്. അതിനാല്‍ ജീവിതത്തിലുണ്ടാകുന്ന ക്ലേശങ്ങളെ ദൂരീകരിക്കാന്‍ ശങ്കരാചാര്യസ്വാമികള്‍ ഉപദേശിച്ചതുപോലെ അമ്മയെ ശരണം പ്രാപിച്ചാല്‍മാത്രംമതി. ദുഃഖങ്ങളും കഷ്ടപ്പാടുകളുമെല്ലാം അകന്നുപോകും. ആനന്ദവും സമൃദ്ധിയും വിളയും. ആശ്രിതര്‍ക്കു അഭയമേകി അഭീഷ്ടവരമരുളുന്ന അനുഗ്രഹദായിനിയാണ് ലോകമാതാവ്. ആറ്റുകാലമ്മയുടെ തിരുസന്നിധിയിലേക്ക് ദിവസവും ഭക്തജനങ്ങള്‍ ഓടിയെത്തുന്നതിനുകാരണം അതാകുന്നു. അമ്മയെ ശരണംപ്രാപിക്കാനുള്ള യജ്ഞവിധികള്‍ പലവയുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനമാണ് പൊങ്കാല.

ഇദം ന മമ ഇദം ന മമ

കഴിവില്ലാത്ത മനുഷ്യര്‍ ദുര്‍ലഭമാണ്. ഓരോരുത്തരുടെ സാമര്‍ത്ഥ്യവും അഭിരുചിയും ഓരോരോമണ്ഡലത്തിലും ഓരോരോ പ്രകാരത്തിലുമായിരിക്കുമെന്നേയുള്ളൂ. ചിലര്‍ക്കുപാടാന്‍ സാമര്‍ത്ഥ്യമുണ്ടാകും. മറ്റുചിലരുടെ മികവു ചിത്രം വരയ്ക്കുന്നതിലോ ശില്പനിര്‍മ്മിതിയിലോ നൃത്തനാട്യാദിളിലോ ആയെന്നുവരും. ചിലര്‍ എഴുത്തിന്റെ മണ്ഡലത്തിലോ പ്രസംഗമണ്ഡലത്തിലോ ശോഭിക്കുന്നവരാകും. വേറേചിലര്‍ക്കു സാമര്‍ത്ഥ്യം ശാസ്ത്രസാങ്കേതിക മേഖലകളിലോ കൃഷി വ്യവസായം കച്ചവടം തുടങ്ങിയ രംഗങ്ങളിലോ ആയിരിക്കും. ചിലര്‍ നല്ല ഡോക്ടര്‍മാരായിത്തീരും. മറ്റു ചിലര്‍ ഗോളാന്തരയാത്രകള്‍ക്കുപോലും മനുഷ്യനു പ്രാപ്തിയുണ്ടാക്കുന്ന എഞ്ചിനീയറിംഗ് മേഖലയില്‍ ചരിത്രം രചിക്കും. ചിലര്‍ നല്ല സംഘാടകരോ സാമൂഹ്യ പ്രവര്‍ത്തകരോ ഭരണാധിപന്മാരോ ഒക്കെയായി വിളങ്ങും. ഇങ്ങനെ ബഹുമുഖമായ സിദ്ധിവിശേഷങ്ങളില്‍ ഒന്നോ ഏതാനുമോ എണ്ണം ആരിലുമുണ്ടാകും. നമ്മുടെ ഓരോരുത്തരുടെയും കഴിവുകള്‍ ഏതുമണ്ഡലത്തില്‍പ്പെട്ടവയാകിലും ആദിപരാശക്തിയുടെ വരദാനമണെന്ന സത്യമാണ് ഒരിക്കലും മറക്കാന്‍ പാടില്ലാത്ത വസ്തുത. വിദ്യയും സമ്പത്തും കരുത്തും ആദിപരാശക്തിയുടെ സിദ്ധികളാണ്. അവിടുത്തെ ശക്തിവിശേഷങ്ങള്‍ക്ക് അവസാനമില്ല. പരിധികളില്ലാത്ത ആ ശക്തിസമുദ്രത്തില്‍നിന്നു ഓരോരോ തുള്ളിയാണു നമുക്ക് ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്. അമ്മയുടെ കാരുണ്യമാണ് അതിനുകാരണം. അല്ലാതെ നാം ആരുടെയും മികവല്ല. ആ കാരുണ്യമാണ് നമ്മെ നാമാക്കിത്തീര്‍ക്കുന്നത്. അക്കാര്യം ഓര്‍മ്മിപ്പിക്കുവാനാണ് കുംഭമാസത്തിലെ പൂരം നക്ഷത്രം ആണ്ടുതോറും വന്നുചേരുന്നത്.

എങ്കിലും മനുഷ്യര്‍ പലപ്പോഴും ഈ മഹാസത്യം മറന്നുപോകുന്നു. സ്വന്തം സാമര്‍ത്ഥ്യങ്ങളില്‍ അവര്‍ അഹങ്കരിക്കുന്നതോടെ കാര്യങ്ങള്‍ ഭയജനകമായ പതനത്തിലെത്തുന്നു. കാലഘട്ടങ്ങള്‍ മാറിമാറി വരുമ്പോള്‍ ഓരോരോ സാമര്‍ത്ഥ്യത്തിനു സമൂഹത്തില്‍ കൂടുതല്‍ കൂടുതല്‍ പ്രാധാന്യം കൈവരുന്നതു സ്വാഭാവികമാണ്. പുതിയ രീതിയില്‍ പറഞ്ഞാല്‍ മാര്‍ക്കറ്റ് വാല്യു അവയ്ക്കു വര്‍ദ്ധിക്കുന്നു. അതു കൈമുതലായുള്ള പലരും സ്വന്തം മികവാണിതെന്നഹങ്കരിച്ച് സമൂഹത്തെയും ലോകത്തെയും ചൂഷണം ചെയ്യാനും ശല്യം ചെയ്യാനും അടിച്ചമര്‍ത്താനും നശിപ്പിക്കാനുമെല്ലാം ആ കഴിവിനെത്തന്നെ ദുര്‍വിനിയോഗം ചെയ്യുന്നു. വ്യക്തിജീവിതം മുതല്‍ ലോകചരിത്രം വരെ മാനവികതയുടെ നാനാമണ്ഡലങ്ങള്‍ കലാപ കലുഷിതവും ദുസ്സഹവുമായിത്തീരുന്നത് അങ്ങനെയാണ്. വിശ്വചരിത്രം അഹങ്കൃതിയുടെ ആയിരമായിരം ഉദാഹരണങ്ങള്‍ ചിന്താശീലരുടെ മുന്നില്‍ അണിനിരത്തുന്നു.

ഈ കഴിവുകളൊന്നും എന്റേതല്ലെന്ന തിരിച്ചറിവാണ് ആദ്യം മനുഷ്യനു വേണ്ടത്. ഇദം ന മമ. ഇദം ന മമ. ഇത് എന്റേതല്ല. ഇത് എന്റേതല്ല. ഇതാണു ഉപനിഷത്തുക്കളുടെ സന്ദേശം. ഇതാണു പൊങ്കാലയുണര്‍ത്തുന്ന സന്ദേശം. നമഃ നമഃ എന്ന് ഓരോമന്ത്രത്തിലും ആവര്‍ത്തിക്കപ്പെടുന്നത് അതാണ്. അമ്മയുടെ പാദത്തില്‍ പൊങ്കാലസമര്‍പ്പിച്ചു നമിക്കുന്നതാണ് ഇവിടുത്തെ മുഖ്യ ഉപാസന. എന്തെന്നാല്‍ ഈ കഴിവുകളെല്ലാം ലോകമാതാവായ ആറ്റുകാലമ്മയുടേതാണ്. എന്നിലുള്ള കഴിവുകള്‍ അമ്മയുടെ സേവനത്തിനായി സമര്‍പ്പിക്കുന്നു എന്നതാണ് ഏറ്റവും വലിയ ഉദാത്ത സങ്കല്പം. മനുഷ്യരും മൃഗങ്ങളും പക്ഷിവൃക്ഷാദികളും സൂര്യചന്ദ്രനക്ഷത്രാദികളും നിറഞ്ഞ ഈ ദൃശ്യാദൃശ്യ ലോകങ്ങള്‍ ആറ്റുകാലമ്മയുടെ മക്കളാണ്. അവരുടെയെല്ലാം നന്മയ്ക്കായി സേവനത്തിന്റെ രൂപത്തില്‍ ഞാന്‍ എന്റെ കഴിവുകളെ സമര്‍പ്പിക്കുന്നു. എന്ന ആശയം ആറ്റുകാല്‍ പൊങ്കാല ഭക്തലക്ഷങ്ങളുടെ ഹൃദയത്തില്‍ ഉണര്‍ത്തിവിടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം