ഗുരുവായൂര്‍ ആനയോട്ടത്തില്‍ രാമന്‍കുട്ടിക്കു ഒന്നാംസ്ഥാനം

February 24, 2013 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിനു തുടക്കംകുറിച്ചുനടന്ന ആനയോട്ടത്തില്‍ കൊമ്പന്‍ രാമന്‍കുട്ടി ഒന്നാംസ്ഥാനത്തെത്തി. ഗോപീകണ്ണന്‍ രണ്ടാമതും കേശവന്‍കുട്ടി മൂന്നാമതുമെത്തി. ഇതു പത്താംതവണയാണ് രാമന്‍കുട്ടി ആനയോട്ടത്തില്‍ വിജയം നേടുന്നത്. വിദഗ്ധര്‍ തെരഞ്ഞെടുത്ത പത്താനകളില്‍നിന്നു നറുക്കിട്ടെടുത്ത രാമന്‍കുട്ടി, ഗോപീകണ്ണന്‍, കേശവന്‍കുട്ടി, ജൂണിയര്‍ മാധവന്‍, നന്ദിനി എന്നീ ആനകളെയാണു മുന്നില്‍ നിര്‍ത്തിയത്. നറുക്കെടുപ്പില്‍ മുന്നില്‍ നില്ക്കാന്‍ തെരഞ്ഞെടുത്ത രവികൃഷ്ണനെ അവസാന നിമിഷം മാറ്റിയാണ് കരുതലായി തെരഞ്ഞെടുത്തിരുന്ന ജൂണിയര്‍ മാധവനെ മുമ്പില്‍ നിര്‍ത്തിയത്.

ഉച്ചകഴിഞ്ഞു മൂന്നിനു നാഴികമണിയടിച്ചതോടെ അവകാശികളായ കണ്ടിയൂര്‍ പട്ടത്തു വാസുദേവന്‍ നമ്പീശന്‍ മാതവേമ്പാട്ട് അനിരുദ്ധര്‍ നമ്പ്യാര്‍ക്കു കുടമണികള്‍ കൈമാറിയതോടെയാണ് ചടങ്ങു തുടങ്ങിയത്. തുടര്‍ന്നു കുടമണികളുമായി പാപ്പാന്‍മാര്‍ മഞ്ജുളാല്‍ പരിസരത്തേക്കോടി. ഓടാന്‍ തയാറായി നിന്നിരുന്ന ആനകളെ കുടമണികള്‍ അണിയിച്ചതോടെ ശംഖുവിളിക്കു കാത്തുനില്‍ക്കാതെ ആനകള്‍ ഓട്ടം തുടങ്ങി.

തുടക്കം മുതലേ രാമന്‍കുട്ടി മുന്നിലായിരുന്നു. രാമന്‍കുട്ടിയെ മറികടക്കാന്‍ കേശവന്‍കുട്ടി ശ്രമിച്ചെങ്കിലും നടന്നില്ല. രാമന്‍കുട്ടി ചരിത്രവിജയം നേടി. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച മൂന്നാനകളും ആചാരപ്രകാരമുള്ള ഏഴു പ്രദക്ഷിണം പൂര്‍ത്തിയാക്കി ഗുരുവായൂരപ്പനെ വണങ്ങിയാണ് ഓട്ടം നിര്‍ത്തിയത്. വിജയിയായ രാമന്‍കുട്ടിയെ നിറപറവച്ച് പാരമ്പര്യ അവകാശിയായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്വീകരിച്ചു.

പി. രാധാകൃഷ്ണനും കെ.സി. ബാലസുബ്രഹ്മണ്യനുമാണ് രാമന്‍കുട്ടിയുടെ പാപ്പാന്‍മാര്‍. ആനയോട്ട സമയത്തു ബാലസുബ്രഹ്മണ്യനാണു മുകളിലിരുന്ന് ആനയെ നിയന്ത്രിച്ചിരുന്നത്. അറുപത്തിരണ്ടു വയസുള്ള രാമന്‍കുട്ടിയെ 1956ല്‍ പുത്തില്ലത്തു രാമന്‍ നമ്പൂതിരിയാണ് ഗുരുവായൂരപ്പനു നടയിരുത്തിയത്. ഉത്സവച്ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിലെ ശ്രീഭൂതബലി എഴുന്നള്ളിപ്പിനു രാമന്‍കുട്ടിയാണ് ഭഗവാന്റെ തങ്കത്തിടമ്പേറ്റുക. ഗുരുവായൂര്‍ ദേവസ്വത്തിലെ 62 ആനകളില്‍ 28 ആനകള്‍ ആനയോട്ടത്തില്‍ പങ്കെടുത്തു. പങ്കെടുത്ത മുഴുവന്‍ ആനകള്‍ക്കും ക്ഷേത്രത്തിനു പുറത്ത് തെക്കേനടയില്‍ ആനയൂട്ടു നല്കി. വിദേശികളടക്കം വന്‍ ജനാവലി ആനയോട്ടം കാണാന്‍ ഗുരുവായൂരിലെത്തിയിരുന്നു.

കിഴക്കേനടയിലെ കെട്ടിടങ്ങള്‍ക്കു മുകളില്‍ ജനങ്ങള്‍ നേരത്തേ സ്ഥാനം പിടിച്ചിരുന്നു. റോഡിനിരുവശങ്ങളിലും ബാരിക്കേഡുകള്‍ കെട്ടി ജനങ്ങളെ നിയന്ത്രിച്ചു. ഗുരുവായൂര്‍ എസിപി ആര്‍.കെ. ജയരാജ്, സി.ഐ. കെ.ജി. സുരേഷ്, എസ്ഐ വി.സി. സൂരജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സുരക്ഷാസംവിധാനങ്ങളൊരുക്കിയിരുന്നു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഭരണസമിതി അംഗങ്ങളായ കെ. ശിവശങ്കരന്‍, എന്‍. രാജു, അഡ്വ. ജി. മധുസുദനന്‍ പിള്ള, അഡ്മിനിസ്ട്രേറ്റര്‍ കെ. മുരളീധരന്‍, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എ.കെ. ഉണ്ണികൃഷ്ണന്‍, വി. മുരളി എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം