പെറ്റമ്മയും ആറ്റുകാലമ്മയും

February 24, 2013 സനാതനം

സത്യാനന്ദപ്രകാശം

ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍

സര്‍വസര്‍വാത്മിക

ലോകമാതാവിന് അനന്തകോടി രൂപങ്ങളുണ്ട്; അനേകകോടി ഭാവങ്ങളുമുണ്ട്. അവ എത്രയെന്നും ഏതുവിധമെല്ലാമുള്ളവയെന്നും ആര്‍ക്കും നിശ്ചയിച്ചറിയാന്‍ സാദ്ധ്യമല്ല. അത്ഭുതം അത്ഭുതമെന്നുമാത്രമേ അമ്മയുടെ ശക്തിവിശേഷങ്ങളെക്കുറിച്ചു പറയാന്‍ സാധിക്കുകയുള്ളൂ. കാളിദാസന്‍ രചിച്ച ശ്യാമളാദണ്ഡകത്തില്‍ അമ്മയെ ഇങ്ങനെ പ്രകീര്‍ത്തിച്ചിരിക്കുന്നത് അതുകൊണ്ടാണ്.

സര്‍വതീര്‍ത്ഥാത്മികേ സര്‍വതന്ത്രാത്മികേ
സര്‍വമന്ത്രാത്മികേ സര്‍വയന്ത്രാത്മികേ
സര്‍വചക്രാത്മികേ സര്‍വശക്ത്യാത്മികേ
സര്‍വപീഠാത്മികേ സര്‍വതത്ത്വാത്മികേ
സര്‍വ വിദ്യാത്മികേ സര്‍വയോഗാത്മികേ
സര്‍വ നാദാത്മികേ സര്‍വവര്‍ണ്ണാത്മികേ
സര്‍വശബ്ദാത്മികേ സര്‍വവിശ്വാത്മികേ
സര്‍വദീക്ഷാത്മികേ സര്‍വവര്‍ഗ്ഗാത്മികേ
സര്‍വസര്‍വാത്മികേ സര്‍വഗേ സര്‍വരൂപേ
ഹേ ജഗന്മാതൃകേ പാഹിമാം പാഹിമാം
പാഹിമാം ദേവി, തുഭ്യം നമോ ദേവി
തുഭ്യം നമോദേവി, തുഭ്യം നമഃ

പ്രപഞ്ചത്തിലെ സമസ്ത ദേവീക്ഷേത്രങ്ങളിലും കുടികൊള്ളുന്നത് ഈ അമ്മതന്നെയാകുന്നു. ആറ്റുകാലമ്മയുടെ ദിവ്യസാന്നിദ്ധ്യം ഭക്തിയുള്ള ഏവര്‍ക്കും എപ്പോഴും എവിടെയും നേരിട്ട് അനുഭവിച്ചറിയാനാകും. തിരുവനന്തപുരം നഗരത്തിലും സമീപസ്ഥമായ ഗ്രാമപ്രദേശങ്ങളിലുമായി അനേകം ചതുരശ്രകിലോമീറ്റര്‍ പ്രദേശത്താണു ആറ്റുകാലമ്മയ്ക്കുവേണ്ടി ഭക്തജനങ്ങള്‍ പൊങ്കാലയിടുന്നത്. എല്ലാ സമര്‍പ്പണങ്ങളും അമ്മയില്‍ത്തന്നെ ചെന്നുചേരുന്നതും പൊങ്കാല നടക്കുന്ന പ്രദേശമെല്ലാം ക്ഷേത്രമായി അനുഭവപ്പെടുന്നതും അതുകൊണ്ടാകുന്നു. അമ്മയുടെമുന്നില്‍ ഭൗതികജഗത്തിലെ അകലങ്ങള്‍ ഒന്നുമല്ലാതായിത്തീരുന്നു.

abtt1പെറ്റമ്മയും ആറ്റുകാലമ്മയും
ഇങ്ങനെ അനന്തമഹിമാവാര്‍ന്ന ലോകമാതാവിന്റെ അവതാരമാണ് നമുക്കോരോരുത്തര്‍ക്കും ജന്മം നല്‍കിയ നമ്മുടെ പെറ്റമ്മ. അതാണു ഭാരതീയ സംസ്‌കൃതിയുടെ മഹത്വം. ജീവരാശിക്ക് ഏതിനും അമ്മയുണ്ട് എന്നതു പരമാര്‍ത്ഥം. പക്ഷേ തന്റെ അമ്മയെ ലോകമാതാവായിക്കണ്ട് ആരാധിക്കാന്‍ പഠിപ്പിച്ച സംസ്‌കൃതി ഇതൊന്നുമാത്രമേയുള്ളു. അമ്മയുടെ തീരുമാനത്തിനു വിപരീതമായി പ്രവര്‍ത്തിക്കാന്‍ ഈ സംസ്‌കൃതി ആരെയും അനുവദിക്കുന്നില്ല. ശങ്കരാചാര്യസ്വാമികള്‍ പോലും സന്യാസദീക്ഷ സ്വീകരിക്കാന്‍ അമ്മയുടെ അനുവാദത്തിനായി പ്രാര്‍ത്ഥനകളോടെ കാത്തുനില്‍ക്കേണ്ടിവന്നു. അയ്യപ്പദര്‍ശനത്തിനായി ശബരിമലയ്ക്കു പുറപ്പെടുന്ന ഭക്തജനങ്ങള്‍ക്ക് ഇരുമുടിക്കെട്ട് എടുത്തുകൊടുക്കുന്നത് അമ്മയാണ്. അതെ. അമ്മയുടെ മഹത്വം അനാദ്യനന്തമാണ്. അമ്മയുടെ മഹത്വമെന്തെന്ന് ആചാര്യസ്വാമികള്‍തന്നെ ലോകത്തെ പാടിക്കേള്‍പ്പിച്ചിട്ടുണ്ട്. ലോകനന്മയ്ക്കുവേണ്ടി മഹാകര്‍മ്മങ്ങള്‍ ചെയ്ത മഹാപുരുഷന്മാരുടെ ജന്മംകൊണ്ടു ധന്യമായ ദേശമാണു ഭാരതം. അവര്‍ ഓരോരുത്തരുടെയും ജീവിതം അടുത്തു പരിശോധിച്ചു നോക്കണം. അപ്പോള്‍ അമ്മയുടെ മഹത്വം നമുക്കു മനസ്സിലാക്കാനാകും. അവരെ അവരാക്കിത്തീര്‍ന്നതിനു പിന്നില്‍ ഒരു അമ്മയുടെ വാത്സല്യപൂര്‍ണ്ണമായ ത്യാഗം നിശ്ചയമായുമുണ്ടാകും.  പ്രഹ്ലാദന്റെ സ്വഭാവഗുണത്തിനു കാരണം അമ്മയായ കയാധുവായിരുന്നു. സ്വാമി വിവേകാനന്ദനെന്ന അമാനുഷ പ്രതിഭയുടെ പിന്നില്‍ അമ്മയായ ഭുവനേശ്വരീദേവിയുടെ കഠിനതപസ്സുണ്ട്. മഹാത്മജിയെ മഹാത്മജിയാക്കിത്തീര്‍ത്ത മഹത്വം അമ്മയുടെ വരദാനമാണെന്നു സത്യാന്വേഷണപരീക്ഷണങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ടല്ലൊ. ആ അമ്മ ലോകമാതാവാണ്. ആറ്റുകാലമ്മയെ സ്വന്തം അമ്മയായും സ്വന്തം അമ്മയെ ആറ്റുകാലമ്മയായും കാണാന്‍ കഴിയുന്നതാണ് ജീവിതത്തിന്റെ ധന്യത. ആ അമ്മയുടെ പാദങ്ങളില്‍ സ്വയം സമര്‍പ്പിക്കുന്ന കര്‍മ്മമാണ് പൊങ്കാല.

സേവനാദര്‍ശം
സേവനോത്സുകതയുടെ മഹാസന്ദേശവുമായാണ് ആറ്റുകാല്‍ പൊങ്കാല ഓരോ വര്‍ഷവും കടന്നുവരുന്നത്. പുതുപുത്തന്‍ കലങ്ങളില്‍ പാകംചെയ്തു ദേവിക്കു സമര്‍പ്പിക്കുന്ന പൊങ്കാല ഭക്തജനങ്ങളുടെ നിസ്വാര്‍ത്ഥമായ കര്‍മ്മശേഷിയുടെ സദ്ഫലമാകുന്നു. വ്രതാനുഷ്ടാനങ്ങള്‍, അരി, നാളികേരം, ശര്‍ക്കര, പഴം, നെയ്യ് തുടങ്ങിയ ശുദ്ധപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കല്‍, ക്ഷേത്രാഭിമുഖമായി യാത്രചെയ്യല്‍ പായസം പാകംചെയ്യല്‍ മുതലായ ശാരീരിക കര്‍മ്മങ്ങളുടെയും നാമജപം സല്‍ക്കഥാശ്രവണം ഇതിഹാസപുരാണാദിപാരായണം മുതലായ പവിത്രമായ മാനസിക കര്‍മ്മങ്ങളുടെയും ഫലമാണ് അടുപ്പില്‍ തിളയ്ക്കുന്ന പൊങ്കാല. ദേവീപാദങ്ങളിലുള്ള സമര്‍പ്പണമാണ് കര്‍മ്മമേതിനെയും ശുദ്ധമാക്കിത്തീര്‍ക്കുന്നത്. അതിന്റെ ഫലം ആനന്ദമാകുന്നു. പൊങ്കാല തിളയ്ക്കുമ്പോള്‍ അമ്മമാര്‍ വായ്ക്കുരവയിടുന്നത് അതിന്റെ സ്വാഭാവികമായ പ്രകടനമാണ്. ഈശ്വരനില്‍ സമര്‍പ്പിതമായ കര്‍മ്മം ലോകത്തിലേവര്‍ക്കും സുഖത്തെയും ക്ഷേമൈശ്വര്യങ്ങളെയും വളര്‍ത്തി മധുര മധുരമായിത്തീരും. അതാണു പൊങ്കാലപ്പായസത്തിന്റെ മാധുര്യം നമ്മെ പഠിപ്പിക്കുന്നത്. അതിന്റെ രുചിയും മണവും ഇന്ദ്രിയങ്ങളെ സന്തര്‍പ്പണം ചെയ്യുന്നതോടൊപ്പം മനസ്സിനും ശരീരത്തിനും ആയുരാരോഗ്യങ്ങള്‍ പകരുന്നു.

മണ്ണുകൊണ്ടു നിര്‍മ്മിതമായ പൊങ്കാലക്കലം ദേവിയാണ്. അതിനുള്ളില്‍ തിളയ്ക്കുന്ന പായസാന്നം ദേവിയാണ്. അടുപ്പും അഗ്നിയും ജലവും ദേവിയാണ്. ചുറ്റുപാടും നിറഞ്ഞുനില്ക്കുന്ന മനുഷ്യര്‍ ദേവിയാണ്. മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും കെട്ടിടങ്ങളും ദേവിയാണ്. ആകാശവും അതിനു നടുവില്‍ ജ്വലിച്ചു നില്‍ക്കുന്ന സൂര്യനും എങ്ങും നിറയുന്ന സൂര്യപ്രകാശവും ദേവിയാണ്. ചൂടും കാറ്റും പുകയും ദേവിയല്ലാതെ മറ്റൊന്നല്ല. പായസാന്നം സമര്‍പ്പിക്കപ്പെടേണ്ടതു സര്‍വാത്മാവായ ദേവിയ്ക്കാണ്. തന്മൂലം ദേവിയുടെ സേവികയായ താന്‍ എത്തിച്ചേരേണ്ടതും ദേവിയുടെ സവിധത്തിലാകുന്നു. ഇതാണു ആ മഹായജ്ഞത്തിന്റെ സമര്‍പ്പണം സങ്കല്പം.

ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍
ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകര്‍മ്മ സമാധിനാ.

എന്നു ഭഗവദ്ഗീത സമര്‍പ്പണത്തിന്റെ പൂര്‍ണ്ണാദര്‍ശം വ്യക്തമാക്കിത്തന്നിട്ടുള്ളത് ഇവിടെ പ്രയോഗമണ്ഡലത്തില്‍ എത്തിക്കപ്പെട്ടിരിക്കുന്നു. ഇതാണു സേവനാദര്‍ശത്തിന്റെ പരിശീലനവിധാനം.

പൊങ്കാല തളിക്കലെന്ന കര്‍മ്മത്തിലൂടെയാണ് സമര്‍പ്പണം പൂര്‍ണ്ണമാകുന്നത്. അപ്പോള്‍ പൊങ്കാലപ്പായസത്തിന്റെ സൂക്ഷ്മാംശം പായസാന്നപ്രിയയായ ദേവീ ചൈതന്യത്തില്‍ ലയിക്കുന്നു. അതോടൊപ്പം ഭക്തജനങ്ങളുടെ കര്‍മ്മബന്ധങ്ങളും ദേവീചൈതന്യത്തില്‍ ലയിച്ചടങ്ങുന്നു. ദേവീചൈതന്യ സ്പര്‍ശത്താല്‍ പരിശുദ്ധമായിത്തീര്‍ന്ന ശരീരമനോബുദ്ധി പ്രാണാദികളോടെ സംതൃപ്തരായി സ്വന്തം കര്‍മ്മരംഗമായ വീടുകളിലേക്കു അമ്മമാര്‍ മടങ്ങുന്നത് ജഗദംബികയുടെ  അനുഗ്രഹവര്‍ഷത്താല്‍ വിശുദ്ധി കൈവരിച്ച പ്രഭാവത്തോടെയാണ്. ദേവീപ്രസാദമായി കൈയിലിരിക്കുന്ന പായസം അവര്‍ പ്രാര്‍ത്ഥനാസങ്കല്പങ്ങളോടെ ഏവര്‍ക്കുമായി വിതരണം ചെയ്യുന്നു. വീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ബന്ധുജനങ്ങള്‍ക്കും അപരിചിതര്‍ക്കും ഏവര്‍ക്കും വേണ്ടിയുള്ളതാണ് പൊങ്കാലപ്പായസമെന്ന് അവര്‍ക്ക് അറിവുണ്ട്. എന്തുകൊണ്ടെന്നാല്‍ സമസ്തചരാചരങ്ങളും ആറ്റുകാലമ്മയുടെ മക്കളാണ്.

അവര്‍ക്കെല്ലാപേര്‍ക്കും വേണ്ടി ലോകമാതാവു തന്നയച്ചിരിക്കുന്ന അന്നമാണ് ഈ പൊങ്കാലപ്പായസം. തന്റെ കര്‍മ്മശേഷി ലോകനന്മയ്ക്കായി സമര്‍പ്പിക്കുന്ന മഹത്തായ സേവനാദര്‍ശത്തെ ഇതിനെക്കാള്‍ ഭംഗിയായി എങ്ങനെയാണു പ്രായോഗികമായി പരിശീലിപ്പിക്കുക?

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം