ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ആര്‍ഗോ മികച്ച ചിത്രം; ആങ് ലി സംവിധായകന്‍

February 25, 2013 പ്രധാന വാര്‍ത്തകള്‍

argoലോസ് ആഞ്ചല്‍സ്: 85ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ബെന്‍ അഫ്‌ളെക് സംവിധാനം ചെയ്ത ‘ആര്‍ഗോ’ സ്വന്തമാക്കി. മികച്ച ചിത്രസംയോജനം, മികച്ച അവലംബിത തിരക്കഥ എന്നീ പുരസ്‌കാരങ്ങളും ആര്‍ഗോക്കാണ്. ‘ലൈഫ് ഓഫ് പൈ’ സംവിധാനം ചെയ്ത ആങ് ലീയാണ് മികച്ച സംവിധായന്‍. മികച്ച സംവിധായകനും മികച്ച ഛായാഗ്രഹണവും സംഗീതവും അടക്കം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ‘ലൈഫ് ഓഫ് പൈ’ നാല് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. സ്റ്റിവന്‍ സ്പീല്‍ബര്‍ഗ്, ബെന്‍ അഫ്‌ളെക് എന്നീ പ്രതിഭാധനരയായ സംവിധായകരെ പിന്തള്ളിയാണ് ആങ് ലി മികച്ച സംവിധാനയകനുള്ള പുരസ്‌കാരം രണ്ടാം തവണയും സ്വന്തമാക്കിയത്.

1979ല്‍ ഇസ്ലാമിക വിപ്ലവകാലത്ത് ഇറാനില്‍ ബന്ധികളാക്കപ്പെട്ട അമേരിക്കന്‍ നയതന്ത്രപ്രതിനിധികളുടെ കഥയാണ് ആര്‍ഗോയുടെ പ്രമേയം. മികച്ച നടനുള്ള പുരസ്‌കാരം സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ‘ലിങ്കണി’ല്‍ എബ്രഹാം ലിങ്കണായി എത്തിയ ഡാനിയല്‍ ഡെ ലൂയിസിന് ലഭിച്ചപ്പോള്‍ സില്‍വര്‍ ലൈനിംഗ് പ്ലേബുക്കിലെ മികച്ച പ്രകടനത്തിലൂടെ ജന്നിഫര്‍ ലോറന്‍സ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. മികച്ച ചിത്രം പ്രഖ്യാപിച്ചത് മിഷേല്‍ ഒബാമയായിരുന്നു. ബാഫ്തയില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച ചിത്രസംയോജനം എന്നീ പുരസ്‌കാരങ്ങളും ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്‌കാരങ്ങളും ആര്‍ഗോ നേടിയിരുന്നു.

ഓസ്‌കാറിലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ബോംബെ ജയശ്രീക്ക് പുരസ്‌കാരം ലഭിച്ചില്ല. ലൈഫ് ഓഫ് പൈയിലെ ഗാനത്തിനായിരുന്നു ബോംബെ ജയശ്രീക്ക് ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ചത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം മൈക്കല്‍ ഹനേക്ക സംവിധാനം ചെയ്ത അമോര്‍ നേടി. ക്രിസ്റ്റഫ് വാള്‍സാണ് മികച്ച സഹനടന്‍. ആന്‍ ഹാത്‌വേ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച മേക്കപ്പിനും കേശാലങ്കാരത്തിനുമുള്ള പുരസ്‌കാരം ലേ മിസറബിള്‍സ് നേടി. അന്നാ കരി നീനെക്കായി വസ്ത്രങ്ങള്‍ ഒരുക്കിയ ജാക്വിലിന്‍ ഡുറാന്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍