ഹൈദരാബാദ് സ്ഫോടനം: ലഷ്കര്‍ ബന്ധത്തിനു തെളിവുകള്‍ ലഭിച്ചു

February 25, 2013 പ്രധാന വാര്‍ത്തകള്‍

ഹൈദരാബാദ്: രാജ്യത്തെ നടുക്കിയ ഹൈദരാബാദ് ഇരട്ടസ്ഫോടനത്തിനു പിന്നില്‍ ഭീകരസംഘടനയായ ലഷ്കര്‍ ഇ തോയിബയാണെന്നതിനു വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചു. സ്ഫോടനം നടക്കുന്നതിനു തൊട്ടുമുമ്പ് നഗരത്തിലെ ചില ട്രാഫിക് കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണു ലഷ്കര്‍ ബന്ധത്തിലേക്കു വിരല്‍ചൂണ്ടുന്നത്. ബാംഗളൂര്‍ ജയിലില്‍ക്കഴിയുന്ന ചില ലഷ്കര്‍ തീവ്രവാദികളെ ഇതേത്തുടര്‍ന്നു ദേശീയ അന്വേഷണസംഘം ചോദ്യംചെയ്തു. ഇരട്ടസ്ഫോടനവുമായി ബന്ധമുള്ള ചിലര്‍ കന്യാകുമാരിയില്‍ എത്തിയിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്നു പോലീസും രഹസ്യാന്വേഷണവിഭാഗവും അവിടെ വ്യാപകമായ തെരച്ചില്‍ നടത്തി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം പരോക്ഷമായി ഏറ്റെടുക്കുന്ന തരത്തിലുള്ള ലഷ്കറിന്റെ കത്ത് അന്വേഷണസംഘം പരിശോധിക്കുകയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ലഷ്കര്‍ ഇ തോയിബ അയച്ച കത്തു ലഭിച്ചതായി ബിജെപി ആന്ധ്രപ്രദേശ് പ്രസിഡന്റ് ജി. കിഷന്‍ റെഡ്ഡിയാണു വെളിപ്പെടുത്തിയത്.

ഉറുദുവിലും ഇംഗ്ളീഷിലും എഴുതിയതാണു കത്ത്. കത്ത് അബിദസ് പോലീസിനു കൈമാറിയെന്നും ബീഗം ബസാറിലും സ്ഫോടനം നടത്തുമെന്ന ഭീഷണി കത്തിലുണ്െടന്നും അദ്ദേഹം പറഞ്ഞു. കിഷന്‍ റെഡ്ഡിയില്‍ നിന്നു കത്തു ലഭിച്ചിട്ടുണ്െടന്നും ഇതു വിശദമായി പരിശോധിക്കുകയാണെന്നു പോലീസും അറിയിച്ചു. സ്ഫോടനവുമായി ബന്ധമുണ്െടന്ന സംശയത്തില്‍ നിരവധിപേരെ അന്വേഷണസംഘങ്ങള്‍ ചോദ്യംചെയ്യുകയാണ്. ഇന്ത്യന്‍ മുജാഹിദീന്‍ അംഗമായ ഫിയാല്‍ ഖാജി, യാസിന്‍ ഭട്കല്‍ എന്നിവര്‍ക്കു സ്ഫോടനത്തില്‍ പങ്കുണ്െടന്നും അന്വേഷണസംഘം സംശയിക്കുന്നു. സ്ഫോടനം നടന്ന സ്ഥലത്തു സ്ഥാപിച്ചിരുന്ന കാമറയില്‍ നിന്നാണ് ഇതിനുള്ള തെളിവു ലഭിച്ചത്. സൈക്കിളില്‍ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുവാണു പൊട്ടിത്തെറിച്ചതെന്നു ദൃശ്യങ്ങള്‍ സൂചന നല്‍കുന്നു. സ്ഫോടനം നടന്നദിവസം വൈകുന്നേരം പഴയ മോഡല്‍ സൈക്കിളില്‍ ഒരാള്‍ എത്തുന്നതിന്റെ ദൃശ്യങ്ങളാണു ലഭ്യമായത്. സൈക്കിള്‍ യാത്രക്കാരനെക്കാള്‍ ഉയരമുള്ള രണ്ടാമന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാം. നഗരത്തിലെ 14 ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന കാമറയിലെ ദൃശ്യങ്ങള്‍ അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്.

സ്ഫോടനവുമായി ബന്ധപ്പെട്ടു മൂന്നു യുവാക്കളെ അന്വേഷണസംഘം ഇന്നലെ ചോദ്യംചെയ്തു. ഇതിലൊരാള്‍ സൊമാലിയന്‍ പൌരനാണ്. മറ്റൊരാള്‍ ഹൈദരാബാദുകാരനും. ഇരുവരും നേപ്പാളിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ സ്ഫോടനവുമായി ഇരുവരെയും ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മതിയായ രേഖകളില്ലാതെ നേപ്പാളിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. ഹൈദരാബാദില്‍ നിന്നു ഡല്‍ഹിയിലെത്തിയശേഷം ഇരുവരും ട്രെയിന്‍മാര്‍ഗം ബിഹാറിലേക്കു കടക്കുകയായിരുന്നു. ലാപ്ടോപ്പ്, മൊബൈല്‍ കാമറ, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഇവരില്‍ നിന്നു കണ്െടത്തിയിട്ടുണ്ട്. ഇതിനുപുറമേ ഹൈദരാബാദ് സ്വദേശിയായ മുപ്പതുകാരനെയും പോലീസ് കസ്റഡിയിലെടുത്തു. ദേശീയ അന്വേഷണസംഘം, ദേശീയ സുരക്ഷാസംഘം എന്നിവയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഹൈദരാബാദ് പോലീസിന്റെ പ്രത്യേകസംഘവും ഒപ്പമുണ്ട്. കഴിഞ്ഞ 21 നു നടന്ന സ്ഫോടനത്തില്‍ 16 പേരാണു മരണമടഞ്ഞത്.

നൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഹൈദരാബാദ് പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണു കന്യാകുമാരിയില്‍ തെരച്ചില്‍ നടത്തിയത്. സംശയിക്കപ്പെടുന്ന ചിലര്‍ കേരളത്തിലേക്കു കടന്നതായും അന്വേഷണസംഘം കരുതുന്നു. ഇതേത്തുടര്‍ന്നു കേരള അതിര്‍ത്തിയിലും തീരദേശത്തും നിരീക്ഷണം ശക്തമാക്കി. കടലില്‍ അപരിചിതരുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്നു മത്സ്യത്തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൂത്തൂക്കുടി എസ്.പി. കണ്ണന്റെ നേതൃത്വത്തില്‍ കന്യാകുമാരിയിലെ പ്രമുഖ ഹോട്ടലുകളും തീര്‍ഥാടന കേന്ദ്രങ്ങളും അരിച്ചുപെറുക്കുന്നുണ്ട്. അതേസമയം ഭീകരാക്രമണഭീഷണി നിലനില്‍ക്കുന്നതിനാല്‍ മധുരയില്‍ സുരക്ഷ ശക്തമാക്കി. സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ക്കഴിയുന്നവരെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സന്ദര്‍ശിച്ചു. സ്ഫോടനം നടന്ന സ്ഥലവും അദ്ദേഹം സന്ദര്‍ശിച്ചു. ജനങ്ങളോടു സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം ഭീകരരുടെ ഹീനപ്രവൃത്തികളില്‍ പ്രകോപിതരാകരുതെന്നു ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍