രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചികിത്സയേക്കാള്‍ പ്രധാനം – മുഖ്യമന്ത്രി

February 25, 2013 കേരളം

തിരുവനന്തപുരം: രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ചികിത്സയേക്കാള്‍ പ്രധാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പ്രതിവാര അയണ്‍ ഫോളിക് ആസിഡ് പോഷണ പരിപാടി (WIFS) യുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളിലെ ബധിരത, മൂകത തുടങ്ങിയ വൈകല്യങ്ങള്‍ നവജാതാവസ്ഥയില്‍ തന്നെ മനസിലാക്കി ഫലപ്രദമായ ചികിത്സയിലൂടെ പരിഹരിക്കാന്‍ താലൂക്കാശുപത്രികളില്‍വരെ പരിശോധനാ സംവിധാനമേര്‍പ്പെടുത്തും. കോക്ളിയര്‍ ഇംപ്ളോന്റേഷന്‍ പദ്ധതി സംസ്ഥാനത്താകമാനം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സെന്റ് ജോസഫ്സ് സ്കൂള്‍ പ്രിന്‍സിപ്പാളിന് വിഫ്സ് കിറ്റ് കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ ലോഗോ സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ പ്രകാശനം ചെയ്തു. ഇരുമ്പുസത്തിന്റെ കുറവുകൊണ്ട് ഉണ്ടാകുന്ന വിളര്‍ച്ച അഥവാ അനീമിയ പരിഹരിക്കുന്നതിനാണ് ഇരുമ്പ് ഫോളിക് ആസിഡ് ഗുളികകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, നടന്‍ ജഗദീഷ്, ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം