സ്വാതന്ത്യ്രസമര സ്മാരകത്തിന് ശിലയിട്ടു

February 25, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ദേശീയ സ്വാതന്ത്യ്രസമരത്തിന്റെ ഉജ്ജ്വലമുന്നേറ്റത്തിന് പ്രചോദനം നല്‍കിയ വട്ടിയൂര്‍ക്കാവ് സമ്മേളനത്തിന്റെ സമ്രണ നിലനിര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാപിക്കുന്ന സ്വാതന്ത്യ്രസമര സ്മൃതിമണ്ഡപത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തി. തിരുവിതാംകൂറിലെ സ്വാതന്ത്യ്രസമരചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ സംഭവമാണ് തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസിന്റെ വട്ടിയൂര്‍ക്കാവ് സമ്മേളനമെന്നും ഇതിന്റെ ചരിത്രപാധാന്യം പുതുതലമുറയിലേയ്ക്ക് പകരാനാണ് സ്മൃതിമണ്ഡപം നിര്‍മ്മിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാമിന്നനുഭവിക്കുന്ന സ്വാതന്ത്യ്രം മുന്‍തലമുറ അനുഭവിച്ച പീഢനങ്ങളുടേയും ത്യാഗങ്ങളുടേയും പ്രതിഫലമായി ലഭിച്ചതാണ്. കൂടുതല്‍ കൂടുതല്‍ വെട്ടിപ്പിടിക്കാനാഗ്രഹിക്കുന്ന പുതുതലമുറ, എല്ലാം ത്യജിക്കാന്‍ സന്നദ്ധരായ പൂര്‍വ്വികരെപ്പറ്റി അറിയണം. അവരെ സ്മരിക്കാനും ആദരിക്കാനും പഠിക്കണം. സ്വാതന്ത്യ്രത്തിനുവേണ്ടി വിദ്യാഭ്യാസവും കുടുംബവും സമ്പത്തുമെല്ലാം ഉപേക്ഷിക്കേണ്ടിവന്ന ദേശസ്നേഹികളെ പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒരു പദവിയും നേട്ടങ്ങളും ആഗ്രഹിക്കാതെ സ്വന്തംമണ്ണിന്റെ സ്വാതന്ത്യ്രത്തിനായി ജീവിതം ഹോമിച്ചവരെ സമുചിതമായി ആദരിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷ വഹിച്ച സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ സ്മൃതി മണ്ഡപത്തിന്റെ നിര്‍മ്മാണജോലികള്‍ ഇക്കൊല്ലം തന്നെ പൂര്‍ത്തിയാക്കുമെന്നും വരുന്ന ഡിസംബര്‍ 22ന് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ നടന്ന സ്വാതന്ത്യ്രസമര ചരിത്രം ആലേഖനം ചെയ്യുന്നതിന് മ്യൂസിയം സ്ഥാപിക്കാന്‍ തിരുവനന്തപുരത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.

പേരൂര്‍ക്കട വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, കൌണ്‍സിലര്‍മാരായ എം.ആര്‍. രാജീവ്, എസ്. പത്മകുമാരി, സ്വാതന്ത്യ്രസമര സ്മാരകം സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എസ്. റെയ്മണ്‍, ആര്‍ക്കൈവ്സ് വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പേരൂര്‍ക്കട വില്ലേജ്ഓഫീസ് അങ്കണത്തിലെ 10 സെന്റ് സ്ഥലത്ത് ഒരു കോടിരൂപ ചെലവഴിച്ചാണ് സ്മാരകം നിര്‍മ്മിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍