ഗ്യാസ് ഏജന്‍സികളില്‍ മിന്നല്‍ പരിശോധന: വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

February 27, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പാചകവാതക വിതരണ ഏജന്‍സികളില്‍ സിവില്‍ സപ്ളൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ഗ്യാസ്സിലിണ്ടര്‍ വിതരണത്തിലെ അപാകതകള്‍, റഗുലേറ്ററുകളുടെ സ്റോക്കിലുള്ള വ്യത്യാസം തുടങ്ങി നിരവധി ക്രമക്കേടുകളാണ് സംഘം കണ്ടെത്തിയത്. ഇടുക്കിയിലെ വ്യാജ റീഫില്ലിംങ് കേന്ദ്രത്തില്‍ നിന്നും 19 സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. രാവിലെ 7.30ന് ആരംഭിച്ച റെയ്ഡില്‍ 69 സപ്ളൈ ഓഫീസുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എല്‍.പി.ജി സിലിണ്ടര്‍ വിതരണവുമായി ബന്ധപ്പെട്ട് സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നത്. ക്രമക്കേടുകള്‍ കണ്ടെത്തിയ ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ കര്‍ശ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. സിവില്‍ സപ്ളൈസ് കമ്മീഷണര്‍ ശ്യാം ജഗന്നാധന്റെ നേതൃത്വത്തില്‍ കണ്‍ട്രോളര്‍ ഓഫ് റേഷനിങ് കെരാധാകൃഷ്ണനായിരുന്നു പരിശോധനയുടെ ചുമതല. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരം ജില്ല ഒഴികെ എല്ലാ ജില്ലകളിലും മിന്നല്‍ പരിശോധന നടന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം