ജലിതരണ പ്രതിസന്ധി ഫലപ്രദമായി നേരിട്ടു : മന്ത്രി വി.എസ്. ശിവകുമാര്‍

February 27, 2013 കേരളം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അരുവിക്കരയില്‍ നിന്നും നഗരത്തില്‍ വെള്ളമെത്തിക്കുന്ന പൈപ്പ്ലൈന്‍ നാലിടങ്ങളില്‍ പൊട്ടിയതുമൂലമുണ്ടായ ജലവിതരണ പ്രതിസന്ധി ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍തലത്തില്‍ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍ അഭിപ്രായപ്പെട്ടു. അതിന് സേവനം നല്‍കിയ ജില്ലാ ഭരണകൂടം, ജല അതോറിറ്റി, ഫയര്‍ ഫോഴ്സ്, നഗരസഭ മുതലായവയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. നഗരത്തിലേക്കുള്ള പൈപ്പ്ലൈന്‍ പൊട്ടിയ ഉടന്‍ തന്നെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗ തീരുമാന പ്രകാരം തിങ്കളാഴ്ച രാത്രി എട്ട് മണിക്കു മുമ്പുതന്നെ ജലവിതരണത്തിന് ബദല്‍ സംവിധാനമേര്‍പ്പെടുത്തി. റവന്യൂ വകുപ്പിന്റെ 58, വാട്ടര്‍ അതോറിറ്റിയുടെ പത്ത്, ഫയര്‍ ഫോഴ്സിന്റെ ഏഴ്, നഗരസഭയുടെ രണ്ടും ടാങ്കറുകളിലായാണ് ജലവിതരണം നടത്തിയത്. ആകെ 405 ട്രിപ്പുകളായാണ് പൊങ്കാല സമയം കഴിയുന്നതുവരെ ജലവിതരണം നടത്തിയത്. റവന്യൂ വകുപ്പ് 229ഉം വാട്ടര്‍ അതോറിറ്റി 112ഉം ഫയര്‍ഫോഴ്സ് 44ഉം നഗരഭ 21ഉം ട്രിപ്പുകള്‍ നടത്തിയതായാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്. വാട്ടര്‍ അതോറിറ്റിയുടെ പി.ടി.പി നഗര്‍, വെള്ളയമ്പലം, അരുവിക്കര എന്നിവിടങ്ങളിലുള്ള പമ്പിങ് സ്റേഷനുകളില്‍ നിന്നാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിച്ചത്. റവന്യൂ വകുപ്പ് നേരത്തെ സജ്ജമാക്കിയ 30 ജലസംഭരണികള്‍ക്ക് പുറമേ അടിയന്തിര സാഹചര്യത്തെ നേരിടാനായി കൊണ്ടുവന്ന 20 ജലസംഭരണികളും വിവിധ സ്ഥലങ്ങളിലായി ഉപയോഗിച്ചാണ് ജലവിതരണം ക്രമീകരിച്ചത്. നേരം പുലരുന്നതിന് മുമ്പായി തന്നെ നഗരത്തില്‍ ജലവിതരണം മുടങ്ങിയ ഭാഗങ്ങളില്‍ വെള്ളമെത്തിക്കാന്‍ സാധിച്ചു. ആറ്റുകാല്‍, തിരുവനന്തപുരം താലൂക്ക് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ തുറന്ന കണ്‍ട്രോള്‍ റൂമുകളില്‍ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമുള്ളിടങ്ങളില്‍ വെള്ളമെത്തിക്കുവാനും സാധിച്ചു. തിരുവനന്തപുരം താലൂക്ക് ഓഫീസിലും മൂന്ന് പമ്പിങ് സ്റേഷനുകളിലും പത്ത് ടാങ്കറുകളില്‍ വീതം വെള്ളം നിറച്ച് സജ്ജമാക്കിനിര്‍ത്തി. 4000, 5000, 10000 ലിറ്ററുകളുടെ ടാങ്കറുകളാണ് റവന്യൂ വകുപ്പ് ജലവിതരണത്തിനായി ഉപയോഗിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം