കയര്‍ ഭൂവസ്ത്രത്തിനായി കയര്‍ഫെഡിന് ഒരുകോടി രൂപയുടെ ഓര്‍ഡര്‍

February 27, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച കയര്‍ കേരള മേളയിലുണ്ടായ പ്രാഥമിക വ്യവസായ ധാരണയുടെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യയിലേയ്ക്ക് ഒരു കോടി രൂപയുടെ കയര്‍ ഭൂവസ്ത്ര വിപണനത്തിന് ആദ്യ ഓര്‍ഡര്‍ ലഭിച്ചു. മഹാരാഷ്ട്രയിലെ ഖനനാന്തര പ്രദേശത്ത് പുനര്‍ ഹരിതവത്കരണത്തിനാണ് ഈ ഭൂവസ്ത്രമുപയോഗിക്കുന്നത്.

ആദ്യ ഘട്ടമായി 10 ലക്ഷം രൂപയുടെ കയര്‍ ഭൂവസ്ത്രം മഹാരാഷ്ട്രയിലേക്കയച്ചിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ ദേശീയ തലത്തില്‍ കയര്‍ ഭൂവസ്ത്ര പ്രയോഗം വ്യാപിപ്പിക്കുന്നതിന് വേണ്ടി കയര്‍ഫെഡ് മാതൃക ശേഖരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇതിന്റെ നിര്‍വഹണച്ചുമതലയുള്ള ഏജന്‍സി ഉദ്യോഗസ്ഥര്‍ കയര്‍ കേരളയില്‍ എത്തുകയും സംസ്ഥാന റവന്യൂ കയര്‍ വകുപ്പു മന്ത്രി അടൂര്‍ പ്രകാശ്, കയര്‍ഫെഡ് പ്രസിഡന്റ്, എസ്.എല്‍.സജികുമാര്‍, മാനേജിങ് ഡയറക്ടര്‍, കെ.എം.മുഹമ്മദ് അനില്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ഉദ്ദേശം രണ്ടുലക്ഷം സ്ക്വയര്‍ മീറ്റര്‍ കയര്‍ ഭൂവസ്ത്രത്തിന് ഓര്‍ഡര്‍ നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം