കൂറുമാറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അയോഗ്യനാക്കി

February 27, 2013 കേരളം

തിരുവനന്തപുരം: കൂറുമാറ്റ നിരോധനനിയമം ലംഘിച്ചതിന് തൃശൂര്‍ ജില്ലയില്‍ മുല്ലശേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.പി. അലിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അയോഗ്യനാക്കി. പാര്‍ട്ടി അംഗത്വം രാജിവെക്കുകവഴി അലി, കൂറുമാറ്റനിരോധന നിയമം ലംഘിച്ചതായി കാണിച്ച് സി.പി.ഐ. ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുല്ലശേരി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ നിന്ന് സി.പി.ഐ ടിക്കറ്റില്‍ ജയിച്ച അലി പഞ്ചായത്ത് വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2011 ഒക്ടോബറില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി കാണിച്ച് സി.പി.ഐ മണലൂര്‍ മണ്ഡലം സെക്രട്ടറിയ്ക്ക് അലി കത്ത് നല്‍കി. ഇതേ തുടര്‍ന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി കമ്മീഷനില്‍ ഹര്‍ജി നല്‍കിയത്. താനുമായുള്ള വ്യക്തിപരമായ പ്രശ്നത്തെത്തുടര്‍ന്ന് മണ്ഡലം സെക്രട്ടറി വ്യാജരാജിക്കത്ത് തയ്യാറാക്കിയെന്നാണ് അലി കമ്മീഷന്‍ മുമ്പാകെ വാദിച്ചത്. എന്നാല്‍ രാജിക്കത്ത് അദ്ദേഹം സ്വയംതയാറാക്കി നല്‍കിയതാണെന്ന് വിചാരണയില്‍ കമ്മീഷന് ബോധ്യമായി. കൂറുമാറ്റ നിരോധന നിയമത്തിലെ വകുപ്പ് 3(എ) പ്രകാരം ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോ, പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയോ ആയി വിജയിച്ച അംഗം ആ പാര്‍ട്ടി അംഗത്വം സ്വയം ഒഴിഞ്ഞാല്‍ അയാളുടെ തദ്ദേശസ്ഥാപനത്തിലെ അംഗത്വവും നഷ്ടമാകും. ഇതുപ്രകാരം അയോഗ്യനായ അലിയെ ആറ് വര്‍ഷത്തേക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം