യോഗക്ഷേമം വഹാമ്യഹം

February 28, 2013 ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

യോഗക്ഷേമം വഹാമ്യഹം
യോഗവൃത്തിയുടെ വിഭൂതികളായ പല അനുഭവങ്ങളും ഭക്തജനങ്ങള്‍ക്ക് പറയുവാനുണ്ട്. സ്വന്തം കാര്യങ്ങളെ (ഭൗതികദൃഷ്ടിയില്‍) കുറിച്ചോ അവയുടെ ധാരണാപോഷണങ്ങളെക്കുറിച്ചോ ചിന്തിക്കാതെ പരമാത്മാവില്‍ സമര്‍പിതമായ ചിത്തത്തോടെ കഴിയുന്ന യോഗിയുടെ ആവിധകാര്യങ്ങള്‍ ശക്തിയുക്തപരമാത്മാവായ ഭഗവാന്‍തന്നെ നിര്‍വഹിക്കും. ഈ തത്ത്വം ഭഗവാന്‍ ഗീതയില്‍ പ്രസ്താവിച്ചിട്ടുണ്ട്.

”അനന്യാശ്ചിന്തയന്തോ മാം യോ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം”
– ‘യാതൊരുവര്‍ അന്യചിന്തകള്‍വിട്ട് (എന്നെ അന്യനെന്നു ചിന്തിക്കാതെ എന്നുമാകാം) എന്നെത്തന്നെ ഉപാസിക്കുന്നുവോ അങ്ങനെ ആത്മൈക്യം സിദ്ധിച്ചവരായ, അതായത് തനിക്കും ഭഗവാനുംതമ്മില്‍ ഭേദം ദര്‍ശിക്കാത്ത ആത്മാരാമന്മാരായ അവരുടെ യോഗക്ഷേമങ്ങളെ ഞാന്‍ തന്നെ വഹിക്കുന്നന്നു.’ ഈ സത്യപ്രഖ്യാപനത്തിനനുബന്ധമെംന്നോണം ഭാഗവതത്തില്‍ ഭഗവാന്‍ തന്നെ ഇങ്ങനെ പറയുന്നു.

”നാരായണേ തുരീയാഖ്യേ ഭഗവച്ഛബ്ദശബ്ദിതേ
മനോമ യ്യാദധദ്യോഗീ മദ്ധര്‍മാ വശിതാമിയാത്”

– ‘തുരീയനും ഭഗവാനുമായ, നാരായണനായ എന്നില്‍ മന്‌സസിനെ ഉറപ്പിച്ചിരിക്കുന്നവനായ യോഗി, ഗുണകാര്യങ്ങളായ ദേഹാദികളുടെ അധീനത്തില്‍ അകപ്പെട്ടവനല്ല. അതുകൊണ്ട് അവന് എന്റെ ധര്‍മം സിദ്ധിക്കുന്നു. അതുമൂലം അവന് എല്ലാം സ്വാധീനമായി വരുന്നു.’ അതുതന്നെയാണ് വശിത്വം എന്ന സിദ്ധിയും. യോഗസൂത്രകാരന്റെ അഭിപ്രായത്തില്‍ സമാഹിതചിത്തന് പരമാണു മുതല്‍ ബ്രഹ്മാണ്ഡംവരെയും സര്‍വവസ്തുക്കളുടെയും വശീകാരശക്തിയുണ്ട്.

യോഗിക്കുണ്ടാകുന്ന ‘കാമാവസായിതാ’ എന്ന സിദ്ധിവിശേഷവും ഈ വശീകാരശക്തിയുടെതന്നെ അവസ്ഥാന്തരവും പരിപൂരകവുമത്രേ. ആഗ്രഹിക്കുന്ന കാര്യങ്ങളെന്തും ആനിമിഷത്തില്‍ത്തന്നെ സാധിതപ്രായമാകുന്ന അവസ്ഥയാണ് കാമാവസായിത. യോഗിക്ക് ദൂര്‍ലഭമായിട്ട് മൂന്ന് ലോകത്തിലും ഒന്നുംതന്നെയില്ലെന്ന് നിസ്സന്ദേഹം പ്രസ്താവിച്ചിട്ടുള്ളതും സ്മര്‍ത്തവ്യമാണ്. ലോകസംഗ്രഹാര്‍ത്ഥവും ധര്‍മപോഷണത്തിന് ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുന്നതുമായ കാര്യങ്ങൡ മാത്രമെ യോഗിക്ക് ആഗ്രഹമുണ്ടാവാന്‍ വഴിയുള്ളു. അതുപോലും മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആഗ്രഹമല്ല. ധര്‍മതല്പരതയും ഭൂതദയയുമത്രേ. യോഗവൃത്തിയിലൂടെ, തന്നെ മോക്ഷാന്മുഖമാക്കാന്‍ സഹായിച്ചശരീരം, ധര്‍മയുക്തമല്ലെന്നോ ലോകോപകാരപ്രദമല്ലെന്നോ വരുമ്പോള്‍ ത്യജിക്കാന്‍ സന്നദ്ധതയുള്ള മഹാനുഭാവന്മാര്‍ തങ്ങളുടെ ഭൗതികസുഖത്തിനു വേണ്ടി എന്തെങ്കിലും ആഗ്രഹിച്ചു എന്ന് ചിന്തിക്കുന്നതുപോലും പാപജനകമത്രേ. ഭാഗവതത്തില്‍ തന്നെ ഭഗവാന്‍- ”എന്നില്‍ വിശ്വാസമുള്ള പുരുഷന്‍ ബുദ്ധികൊണ്ട് സത്യസ്വരൂപനായ എന്നില്‍ മനസ്സിനെ യോജിപ്പിച്ചുകൊണ്ട് ഏതുവിധം എപ്പോള്‍ സങ്കല്പിക്കുമോ ആ വിധം അപ്പോള്‍ അതിനെ പ്രാപിക്കുന്നു.” എന്നിങ്ങനെ പറഞ്ഞിരിക്കുന്നു.

”യഥാ സങ്കല്പയേത് ബുദ്ധ്യാ യദാ വാ മല്‍പര: പുമാന്‍
മയി സത്യേ മനോയുജ്ഞംസ്തഥാതല്‍ സമുപാശ്‌നുതേ”

ത്യാഗവും ആത്മശക്തിയും
ബ്രഹ്മശ്രീ നിലകണ്ഠഗുരുപാദരുടെ ത്യാഗസമ്പൂര്‍ണമായ ജീവിതം അതീവലളിതവും സുഗമവുമായ ചിന്തകള്‍കൊണ്ട് സുഗ്രാഹ്യമായിരുന്നു. ലക്ഷ്യത്തില്‍നിന്ന് മാറാതെ ചിന്തിക്കുവാനും ദുര്‍ഘടങ്ങള്‍ കണ്ട് പിന്‍തിരിയാതെ, പുരോഗമിക്കുവാനും കെല്പുള്ള കല്പനാശേഷി സ്വാമിജിയുടെ ജീവിതത്തിനെ ഉഗ്രതപസ്യയാക്കിമാറ്റുന്നതിനിടയാക്കി. പശ്ചാത്തലത്തെപ്പറ്റി മേല്‍വിവരിച്ച കാര്യങ്ങള്‍ സര്‍വസംഗപരിത്യാഗിയായ ഒരു മഹായോഗിയുടെ ജീവിതത്തെ സ്വാധീനിക്കുകയോ ധിക്കരിക്കുകയോ ചെയ്തു എന്ന് വിരുദ്ധാഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍ സ്വാമിജിയുടെ ജീവിതത്തിലെ ഉഗ്രതപശ്ചര്യ സമൂഹത്തെ കാര്‍ന്നുതിന്നിരുന്ന പല അനീതികളേയും ദുരീകരിക്കുന്നതിനിടയാക്കിയ ഉദാഹരണങ്ങള്‍ നേരത്തേതന്നെ പ്രസ്താവിച്ചിട്ടുണ്ട്. സംസ്‌കാരരഹിതമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ധാര്‍മികശക്തികൊണ്ട് നിരസിക്കുന്നതിന് സ്വാമിജിയുടെ തപശ്ചര്യ പലതരത്തില്‍ പ്രയോജനപ്പെട്ടിരുന്നു. അടി, പിടി, അക്രമം, കവര്‍ച്ച, കൊള്ള ഇവയ്ക്ക് നേതൃത്വം നല്കിയ പല ‘കൂറ്റന്‍ നാട്ടുപ്രമാണി’ മാരേയും അടിച്ചമര്‍ത്തുന്നതിന് ശുഷ്‌കശരീരനായ സ്വാമിജിയെപ്പോലുള്ള ഒരു മഹായോഗിക്ക് കഴിഞ്ഞുവെന്നുള്ളത് സമൂഹത്തില്‍ അധ്യാത്മസാധനയുടെ ബലം വളര്‍ത്തുന്നതിനും ഭൗതിക വികാരങ്ങളുടെ ദൗര്‍ബല്യം വ്യക്തമാക്കുന്നതിനും പ്രയോജനപ്പെട്ടു.

അസ്ഥിമാത്രശേഷനായ ഒരു മനുഷ്യന് ശാരീരികബലംകൊണ്ടു തന്നെ പ്രത്യക്ഷത്തില്‍ ഗുസ്തിക്കാരെ ജയിക്കുന്നതിനും അഹങ്കാരികളെ അമര്‍ച്ച ചെയ്യുന്നതിനും കള്ളന്മാരേയും കൊള്ളക്കാരേയും അറിഞ്ഞു പിടിക്കുന്നതിനും അതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനും കഴിഞ്ഞു എന്നുള്ളത് സ്വാമിജിയുടെ ജീവിതകാലഘട്ടത്തില്‍ അധ്യാത്മികമായ ഒരു തരംഗശക്തി സൃഷ്ടിക്കുകതന്നെ ചെയ്തു. മോഷ്ടിച്ചാല്‍ സ്വാമിജി പിടികൂടുമെന്നും കള്ളം പറഞ്ഞാല്‍ അത് പുറത്തുകൊണ്ടുവരുമെന്നും മത്സരിച്ചാല്‍ പരാജയപ്പെടുമെന്നും പാണ്ഡിത്യഗര്‍വ് കാണിച്ചാല്‍ നാണം കെടുമെന്നുമെല്ലാമുള്ള ഒരു ബോധം സ്വാമിജിയെക്കുറിച്ച് സമൂഹത്തില്‍ വളര്‍ന്നുവന്നിരുന്നു. സാമദാനഭേദദണ്ഡങ്ങളിലൂടെ ഭരണകൂടം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സമൂഹത്തിന്റെ സ്വസ്ഥനില സന്നാഹംകൊണ്ടും സജ്ജീകരണങ്ങള്‍കൊണ്ടും നിലനില്ക്കുന്നതാണ്. ഗവണ്‍മെന്റിന്റെ ഭയത്തില്‍ കവിഞ്ഞ മറ്റൊന്നും അവിടെ നിയന്ത്രണത്തിന് നിര്‍ദ്ദേശമായി ലഭിക്കുന്നില്ല. എന്നാല്‍ മുട്ടോളമെത്തുന്ന ഒറ്റത്തോര്‍ത്തുടുത്ത് പഴന്തുണിക്കഷ്ണങ്ങള്‍ ചേര്‍ത്തുകെട്ടി മേല്‍മുണ്ടാക്കി ജീവിതം നയിച്ച അതീവശുഷ്‌കശരീരിയായ ഒരു സാധാരണമനുഷ്യന്‍ കാഴ്ചവച്ച സന്ദേശം-ധാര്‍മാര്‍ത്ഥകാമമോക്ഷങ്ങളെ അറിഞ്ഞാചരിക്കുവാനും അംഗീകരിക്കുവാനും സമൂഹത്തെ അനുസരിപ്പിക്കുന്ന സന്ദേശം-പ്രാവര്‍ത്തികമായത് ഭയമോ വിദ്വേഷമോ വരുത്തിക്കൊണ്ടല്ല. തെറ്റുകള്‍ തിരുത്തിയും ആവര്‍ത്തിച്ച് തെറ്റുചെയ്യുന്ന സന്ദര്‍ഭങ്ങളെ ഒഴിവാക്കിയുമാണ് സ്വാമിജിയുടെ സന്ദേശങ്ങള്‍ പരന്നത്. തെറ്റുചെയ്തവനും ആ തെറ്റിന്റെ ദുരന്ത ഫലമനുഭവിച്ചവനും ഒരിടത്ത് ഒരേ പാത്രത്തില്‍ ആഹാരം കൊടുത്ത് ”ഇന്നുമുതല്‍ ഇങ്ങനെയിരിക്കണം” എന്ന് നിര്‍ദ്ദേശിച്ചിട്ടാണ് ഇരുകൂട്ടരെയും യാത്രയയക്കുന്നത്. വിരോധമോ വിദ്വേഷമോ തൊട്ടുതീണ്ടിയതായിരുന്നില്ല സ്വാമിജിയുടെ ചിന്താസരണി. അധര്‍മത്തെ ധര്‍മംകൊണ്ടു ജയിക്കയും ശത്രുവെന്നോ മിത്രമെന്നോ ഭേദബുദ്ധികൂടാതെ ധര്‍മം നിലനിത്തുകയും ചെയ്തിരുന്ന ആ ജീവിതം അത്ഭുതങ്ങള്‍ക്കപ്പുറത്തുള്ള ഒരുലോകം സൃഷ്ടിക്കുകയാണ് ചെയ്തത്. വികാരമവശേഷിക്കാത്ത വിപ്ലവം അദ്ദേഹം കാഴ്ചവച്ചു. ശത്രുതാ മനോഭാവത്തോടെ വരുന്നവര്‍ക്ക്‌പോലും സമാധാനം നല്കുന്ന ധാര്‍മികബോധം നേര്‍വഴിക്ക് വെളിച്ചം പകര്‍ന്നു. അതീവശക്തനും ശക്തിഹീനനും സമഭാവന ലഭിക്കുന്ന ആ ജീവിതതന്ത്രം അപ്രേമമായിരുന്നു. സാധാരണജീവിതത്തിന് നേടാനാകാത്ത അസുലഭവും അവാച്യവുമായ ഈ യത്‌നഫലം ജീവിതായോധനത്തെ അക്രമവും ആയുധവുമില്ലാത്ത ഒരു മഹായജ്ഞമായി സംവിധാനം ചെയ്തിരുന്നു.

ഇന്നുവരെ വളര്‍ന്നുവന്നിട്ടുള്ള കക്ഷിരാഷ്ട്രീയക്രമത്തിലെ ഭരണകൂടങ്ങള്‍ക്ക് മരവിപ്പിക്കേണ്ടിവന്ന ധാര്‍മികശേഷി നിഷ്‌കപടമായ ഒരു ജീവിതംകൊണ്ട് നിര്‍മത്സരവും നിസ്തുലവുമാക്കിത്തീര്‍ക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞു. ശത്രുവിനെ മിത്രമാക്കുന്നതിനും സമ്പന്നനെ ത്യാഗശീലനാക്കുന്നതിനും സ്വാര്‍ത്ഥനെ നിസ്വാര്‍ത്ഥനാക്കുന്നതിനും അക്രമിയെ ശാന്തനാക്കുന്നതിനും കള്ളനെ സാത്വികനാക്കുന്നതിനും കഴിഞ്ഞ സ്വാമിജിയുടെ സാമൂഹ്യവിപ്ലവം ഭൗതികസമ്പത്തിന്റെ സംഭരണശേഷിയില്‍ കുടുങ്ങാത്തതും ദണ്ഡമുറകള്‍കൊണ്ട് സമ്മര്‍ദ്ദം ചെലുത്താത്തതും, എന്നാല്‍ സജീവവും ശാന്തവുമായ ജീവിതംകൊണ്ട് ധന്യമാക്കപ്പെട്ടതായിരുന്നുവെന്ന് സാധാരണക്കാരായ നാമറിയേണ്ടതാണ്. ഇതുപോലുള്ള മഹാത്മാക്കള്‍ക്ക് ജന്മംനല്കാന്‍ കഴിഞ്ഞ ഭാരതത്തിന്റെ ഉജ്ജ്വലസന്ദേശം ജീവരാശികള്‍ക്കാകമാനമുള്ള ശാന്തിക്കും സമാധാനത്തിനും കാരണമായിരുന്നു. പ്രജ്ഞാവികാസത്തിലൂടെ വളര്‍ന്നെത്തുന്ന മനുഷ്യത്വത്തിനുമാത്രമേ വേദനയില്ലാത്ത ജീവിതവിപ്ലവം കാഴ്ചവയ്ക്കാനാകുകയുള്ളു. ധനാഢ്യമായ ഒരു ജീവിതത്തിന്റെ കാഴ്ചപ്പാടുകളും കൈപ്പാടുകളും പണിതീര്‍ത്തെടുത്ത ഭാവനാശില്പങ്ങള്‍ പലതും മഹാസ്മരണകള്‍ക്കിടംകൊടുക്കുകയും തകര്‍ന്നടിയുകയും ചെയ്ത പാരമ്പര്യമാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നഷ്ടപ്പെടുവാന്‍ യാതൊന്നുമില്ലാതെ എളിമയുടെ ജീവിതം കെട്ടിപ്പടുത്ത ത്യാഗത്തിന്റെയും സേവനത്തിന്റെയും സുവര്‍ണഗോപുരങ്ങള്‍ മങ്ങാതെയും മറയാതെയും ഇന്നും വെളിച്ചം വീശുന്നു. ഇത് ചിന്തക്ക് വിധേയമാക്കുവാനും പ്രായോഗികമാക്കുവാനുമുള്ള ഒരു ക്രമം ഭരണാധികാരികള്‍ ഏറ്റെടുത്തിട്ടില്ല. സേവനത്തെ ഏറ്റവും നല്ല വരുമാനമാര്‍ഗമായി കരുതുന്ന ശുഷ്‌കമായ ഭൗതികവികാരത്തിന്റെ കാട്ടുതീ പടര്‍ന്നുപിടിക്കുകയാണ്.

ഭാവിയെക്കുറിച്ചുള്ള ഭാവനകൊണ്ടോ, ഭൂതത്തെപ്പറ്റിയുള്ള നിരൂപണംകൊണ്ടോ വര്‍ത്തമാനത്തിലുള്ള (കലുഷ) ചിന്തകൊണ്ടോ മാത്രം നേട്ടം കൈവരിക്കാനാവുകയില്ല. നേട്ടം കൈവരിക്കുന്നവര്‍ വര്‍ത്തമാനകാലത്തിലാണ് ജീവിക്കുന്നത്. ഭാവിയിലോ ഭൂതകാലത്തിലോ മനസ്സര്‍പ്പിച്ചവരും വര്‍ത്തമാനത്തില്‍ ജീവിക്കുന്നവരാണ്. ലോകത്തില്‍ സാമ്രാജ്യങ്ങള്‍ സൃഷ്ടിച്ചും സമ്പന്നതയാര്‍ജിച്ചും വളരുവാന്‍ശ്രമിച്ച പ്രത്യയശാസ്ത്രങ്ങളുടെ തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ നിര്‍ജീവമായ പരിഷ്‌കാരത്തിന്റെ അവശിഷ്ടങ്ങളായി മനുഷ്യജീവിതത്തിന് ഇന്നും സന്ദേശം പകരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം