കേരള പോലീസിന് സഞ്ചരിക്കുന്ന നിരീക്ഷണസംവിധാനം

February 28, 2013 കേരളം

കണ്ണൂര്‍: കേരള പോലീസിന് ‘മൊബൈല്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍റര്‍ ‘ എന്ന പുതിയ സഞ്ചരിക്കുന്ന  നിരീക്ഷണ സംവിധാനം വരുന്നു. അത്യന്താധുനിക നിരീക്ഷണ ക്യാമറകളും നിയന്ത്രണകേന്ദ്രവും ഉള്‍പ്പെടുന്നതാണ് വാഹനം. ചുറ്റുമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനും പോലീസ് ആസ്ഥാനത്തേക്കും കണ്‍ട്രോള്‍ റൂമിലേക്കും ഇവ അയക്കാനുള്ള വയര്‍ലെസ് സംവിധാനവും ഇതിലുണ്ടാവും.

കേന്ദ്ര കമാന്‍ഡ് വാഹനവും നാലുവരെ സാറ്റലൈറ്റ് വാഹനങ്ങളും ഉള്‍പ്പെട്ടതാണ് നിരീക്ഷണസംവിധാനം. എല്ലാ വാഹനങ്ങളിലും നിരീക്ഷണ ക്യാമറകളും തത്സമയ റെക്കോഡിങ്ങിനുള്ള സൗകര്യവുമുണ്ടാവും. സാറ്റലൈറ്റ് വാഹനങ്ങളെ കേന്ദ്ര കമാന്‍ഡ് വാഹനവുമായി വയര്‍ലെസ് ശൃംഖല വഴി ബന്ധിക്കും. ഇതു സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ വയര്‍വഴി ബന്ധിപ്പിക്കാനും സൗകര്യമുണ്ടാവും. രാത്രി നിരീക്ഷണം സുഗമമാക്കാനും ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാനുമായി ഇന്‍ഫ്രാറെഡ് സംവിധാവുമുണ്ടാവും. വാഹനത്തിനു ചുറ്റും നിശ്ചിതദൂരത്തില്‍ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ പ്രസരിപ്പിച്ചാവും ഇതു ചെയ്യുക.

കേന്ദ്ര കമാന്‍ഡ് വാഹനത്തില്‍ ഒരു പി.ടി.സെഡ്. ഡോം ക്യാമറയും മറ്റു നാലു ക്യാമറകളുമുണ്ടാവും. 360 ഡിഗ്രി തിരിയാനും 45 ഡിഗ്രി വരെ മുകളിലേക്കും താഴേക്കും ചെരിക്കാനും കഴിയുന്നതാവും പി.ടി.സെഡ്. ഡോം ക്യാമറ. നാലുവശത്തേക്കും നിരീക്ഷിക്കാനുള്ളതാണ് മറ്റു നാലു ക്യാമറകള്‍. രാത്രിയും പകലും നിരീക്ഷണം സാധ്യമാക്കുന്നതാവും എല്ലാ ക്യാമറകളും. കമാന്‍ഡ് വാഹനത്തിലെ ക്യാമറകളും സാറ്റലൈറ്റ് വാഹനങ്ങളിലെ ക്യാമറകളും പകര്‍ത്തുന്ന ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ ഇതില്‍ സൗകര്യമുണ്ടാവും. എന്‍ക്രിപ്ഷനോടുകൂടിയ വയര്‍ലെസ് റേഡിയോ സംവിധാനവും വാഹനത്തിലുണ്ടാവും. വിവരങ്ങള്‍ ചോരാതിരിക്കാനാണ് എന്‍ക്രിപ്ഷന്‍.

 

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം