വിഴിഞ്ഞം സൌത്ത് ഫിഷ്ലാന്റിങ് സെന്റര്‍ നവീകരണത്തിന് 795 ലക്ഷം

March 1, 2013 കേരളം

തിരുവനന്തപുരം: വിഴിഞ്ഞം സൌത്ത് ഫിഷ്ലാന്റിങ് സെന്ററിന്റെ നിലവിലുള്ള അടിസ്ഥാന സൌകര്യങ്ങളുടെ ആധുനികവത്കരണത്തിനും വികസനത്തിനുമായി 795 ലക്ഷം രൂപയുടെ കേന്ദ്രസഹായം അനുവദിച്ച് ഉത്തരവായതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ.ബാബു അറിയിച്ചു. ദേശീയ മത്സ്യവികസന ബോര്‍ഡാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്.

ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. നിലവിലുള്ള ലോഡിങ് ഏരിയ, പാര്‍ക്കിങ് ഏരിയ, സോര്‍ട്ടിങ് പ്ളാറ്റ്ഫോം, ലോക്കര്‍ മുറികള്‍, ലേലപ്പുര, ഓടകള്‍, ചുറ്റുമതില്‍, ഗിയര്‍ ഷെഡ് എന്നിവ നവീകരിച്ച് ആധുനിക നിലവാരത്തിലാക്കുന്നതിനാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ശുദ്ധജല വിതരണം, വൈദ്യുതീകരണം, തുടങ്ങിയവയും പദ്ധതിയില്‍ ഉണ്ട്.

നൂറു ശതമാനവും കേന്ദ്രസഹായ പദ്ധതിയാണിത്. രണ്ട് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.ബാബു അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം